Categories

വിദ്യഭ്യാസം ലീഗിന് തീറെഴുതി, ഭൂമി കുംഭകോണം സര്‍ക്കാര്‍ നയമാണോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം: വി.എസ്

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വ്വകലാശാലയിലെ ഭൂമി കുംഭകോണം സര്‍ക്കാരിന്റെ നയമാണോയെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍. യൂണിവേഴ്‌സിറ്റി ക്യാമ്പസ് സ്വകാര്യവ്യക്തികള്‍ക്ക് തീറെഴുതി നല്‍കുന്നത് സര്‍ക്കാര്‍ നയമാണോയെന്നും മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് വി.എസ് ആവശ്യപ്പെട്ടു.

യു.ജി.സി നയത്തിന്റെ ഭാഗമായാണ് ഭൂമി നല്‍കാന്‍ തീരുമാനിച്ചതെന്നാണ് സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പറയുന്നത്. യൂണിവേഴ്‌സിറ്റി ഭൂമി അന്യാധീനപ്പെടുത്തുന്നതിനെതിരെ ശക്തമായ ജനകീയ പ്രക്ഷോഭം ഉയര്‍ന്ന് വരുമെന്നും വി.എസ് മുന്നറിയിപ്പ് നല്‍കി.

വിദ്യാഭാസ വകുപ്പ് മുസ്‌ലീം ലീഗിന് തീറെഴുതിക്കൊടുത്ത അവസ്ഥയിലാണ്. കഴിഞ്ഞ മാര്‍ച്ച് 22ന് ചേര്‍ന്ന കാലിക്കറ്റ് യുണിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് യോഗം 36 സ്വാശ്രയ കോളജുകള്‍ക്കാണ് അംഗീകാരം നല്‍കിയത്. കേരള ചരിത്രത്തില്‍ ഇത്രയധികം കോളജുകള്‍ക്ക് ഒരുമിച്ച് അംഗീകാരം നല്‍കുന്നത് ആദ്യമാണ്. ഇതില്‍ 28 കോളേജുകള്‍ ലീഗുമായി ബന്ധമുള്ള സൊസൈറ്റികളുടെയോ ട്രെസ്റ്റുകളുടെയോ കീഴിലാണ്. പാരലല്‍ കോളജുകള്‍ പോലെ, യാതൊരു നിയന്ത്രണവുമില്ലതെ അംഗീകാരമുള്ള കോളജുകള്‍ ആരംഭിക്കുന്നതാണോ സര്‍ക്കാറിന്റെ നയമെന്ന് വി.എസ് ചോദിച്ചു.

അധികാരത്തില്‍ കടിച്ച് തൂങ്ങാന്‍ കോണ്‍ഗ്രസിനെ ലീഗിന്റെ തൊഴുത്തില്‍ കെട്ടിയ പോലെ കേരളത്തിന്റെ പൊതുവദ്യാഭ്യാസത്തെ ലീഗിന് അടിയറ വെക്കാന്‍ അനുവദിക്കില്ലെന്ന് വി.എസ് വ്യക്തമാക്കി. മുനീറിന്റേയും കുഞ്ഞാലിക്കുട്ടിയുടേയും ബന്ധുക്കള്‍ക്കാണ് 40 ഏക്കറോളം ഭൂമി നല്‍കിയിരിക്കുന്നത്. ഇത് ഒന്നാം ഘട്ടമാണ്. ഇനിയും നല്‍കുമെന്നാണ് സിന്‍ഡിക്കേറ്റ് തീരുമാനം. ഇതെല്ലാം പുറത്ത് വന്നിട്ടും മുഖ്യമന്ത്രി പ്രതികരിക്കാന്‍ തയ്യാറാകുന്നില്ലെന്നും വി.എസ് പറഞ്ഞു.

യൂണിവേഴ്‌സിറ്റിയെ ലീഗ്‌വത്കരിക്കുന്നതിനുള്ള നീക്കമാണ് നടക്കുന്നത്. സര്‍വകലാശാലയില്‍ നിലവിലുള്ള സി.എച്ച്. മുഹമ്മദ് കോയ ചെയറിന് സ്ഥലം ആവശ്യപ്പെട്ട് സിന്‍ഡിക്കേറ്റിന് മുന്നില്‍ അപേക്ഷ വന്നിരുന്നു. ഏക്കര്‍ കണക്കിന് സ്ഥലം അവര്‍ ആവശ്യപ്പെട്ടുവെന്നതുതന്നെ വിവാദമായിരുന്നു. അതോടെ ചെയറിന് കൂടുതല്‍ സ്ഥലം നല്‍കേണ്ടെന്ന് സിന്‍ഡിക്കേറ്റ് തീരുമാനിക്കുകയും ചെയ്തു.

അതിനുശേഷമാണ് സി.എച്ച്. മുഹമ്മദ് കോയയുടെ പേരില്‍ത്തന്നെയുള്ള ഇന്‍സ്റ്റിറ്റിയൂട്ടിന്റെ ആശയം പൊന്തിവന്നത്. ഈ ഇന്‍സ്റ്റിറ്റിയൂട്ടിന് 10 ഏക്കര്‍ സ്ഥലം നല്‍കാന്‍ സിന്‍ഡിക്കേറ്റ് തീരുമാനമെടുക്കുകയും ചെയ്തത്. ഇതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

നെയ്യാറ്റിന്‍കരയില്‍ എല്‍.ഡി.എഫ് വിജയം സുനിശ്ചിതമാണെന്നും ജനപിന്തുണയുള്ള സ്ഥാനാര്‍ഥിയാണ് ലോറന്‍സെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.