പാര്‍ട്ടിയും വേണ്ട, ജനങ്ങളും വേണ്ട

എഡിറ്റോ-റിയല്‍ / ബാബു ഭരദ്വാജ്

ഒടുക്കം അത് സംഭവിച്ചു. വി.എസിനെ ഇനി ഒരിക്കലും തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കേണ്ടെന്ന് സി.പി.ഐ.എമ്മിന്റെ കേരളഘടകവും കേന്ദ്രഘടകവും തീരുമാനിച്ചു. ഈ തീരുമാനം ഞങ്ങളെ ഒട്ടും അത്ഭുതപ്പെടുത്തുന്നില്ല. സത്യത്തില്‍ ഒടുക്കം ഈ പാര്‍ട്ടിയും അതിന്റെ നേതാക്കളും ജനങ്ങളോട് ഒരിക്കലെങ്കിലും സത്യം പറയുന്നത് കേള്‍ക്കാന്‍ ഞങ്ങള്‍ കാത്തിരിക്കുകയായിരുന്നു.

രണ്ടാഴ്ച മുമ്പ് അച്യുതാനന്ദന്‍ തന്നെയായിരിക്കും ഈ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെയും മുന്നണിയെയും നയിക്കുകയെന്ന് കേരളത്തിലെ പൊതുസമൂഹം തീര്‍ത്തും വിശ്വസിച്ച് ആശ്വസിച്ചുകൊണ്ടിരുന്ന സമയത്ത്,  അച്യുതാനന്ദനെ ഈ പാര്‍ട്ടി ഈ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കില്ലെന്ന് ആദ്യമായി ഉറപ്പിച്ചും തറപ്പിച്ചും പറഞ്ഞത് ഡൂള്‍ന്യൂസ്.കോം ആണെന്ന കാര്യം ഞങ്ങളുടെ പ്രിയപ്പെട്ട വായനക്കാര്‍ ഓര്‍ക്കുമല്ലോ?.

അതൊരു വെളിപാടായിരുന്നില്ല. ഊഹാപോഹമോ നിഗമനമോ ആയിരുന്നില്ല. പ്രവചനവും ആയിരുന്നില്ല. കേരള രാഷ്ട്രീയത്തെ പ്രത്യേകിച്ചും ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഉള്ളുകള്ളികള്‍ തീര്‍ത്തും അറിയുന്ന, അറിയാന്‍ ശ്രമിക്കുന്ന ആര്‍ക്കും എത്തിച്ചേരാന്‍ കഴിയുന്ന ‘തീര്‍പ്പ്’ അതായിരുന്നു. മാത്രമല്ല  ഔദ്യോഗിക പാര്‍ട്ടിയും അതിന്റെ ഔദ്യോഗിക കേന്ദ്ര നേതൃത്വമെന്ന് പറയുന്ന ‘ അവൈലബിള്‍ പൊളിറ്റ്ബ്യൂറോ’ എന്ന ‘ആവലാതി’ നേതാക്കളും അഞ്ച് വര്‍ഷം മുമ്പ് എടുത്ത തീരുമാനം നടപ്പാക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്.

തങ്ങള്‍ കുടത്തില്‍ നിന്ന് തുറന്ന് വിട്ട ‘ഭൂതത്തെ’ വീണ്ടും കുടത്തില്‍ അടക്കുന്നതില്‍ അവര്‍ വിജയിച്ചിരിക്കുന്നു. ഒടുക്കം അവര്‍ തന്നെയാണ് കുടത്തില്‍ അകപ്പെടാന്‍ പോകുന്നതെന്നും അവര്‍ അടച്ചു എന്നു കരുതിയ ‘ഭൂതം’ കേരള രാഷ്ട്രീയത്തില്‍ ആകാശം മുട്ടെ വളര്‍ന്നു നില്‍ക്കുന്നു എന്നും അവരിനി അറിയാന്‍ പോകുന്നതേയുള്ളൂ.

ഒരാഴ്ച മുമ്പാണ് പാര്‍ട്ടിയുടെ ഔദ്യോഗിക രാഷ്ട്രീയ ജിഹ്വയായ പീപ്പിള്‍സ് ഡെമോക്രസിയില്‍ പേരുവച്ചെഴുതിയ ലേഖനത്തില്‍ പ്രകാശ് കാരാട്ട് പറഞ്ഞത്, അഴിമതിയ്‌ക്കെതിരെ പോരാട്ടം നടത്തുന്നത് കേരളത്തിലെ ഇടതുമുന്നണിയാണെന്നും അതിനെ നയിക്കുന്നത് സഖാവ് വി.എസ് അച്യുതാനന്ദന്‍ ആണെന്നുമാണ്.

അപ്പോള്‍ അഴിമതിയ്‌ക്കെതിരെയുള്ള പോരാട്ടം തെറ്റാണെന്നാണല്ലോ ഈ തീരുമാനത്തിലൂടെ പാര്‍ട്ടി ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എല്ലാ അഴിമതിക്കാരുമായി ഞങ്ങള്‍ സന്ധിയിലായിരിക്കുന്നു. അഴിമതിക്കാരുടെ കൂടെ കൂട്ടുകച്ചവടത്തിന് ഞങ്ങള്‍ സന്നദ്ധരായിരിക്കുന്നു എന്നാണ് ഈ തീരുമാനത്തിന്റെ ഏറ്റവും ലളിതമായ അര്‍ത്ഥം.

‘ഒരുവനെ കളഞ്ഞ് ഒരിടം രക്ഷിക്കണം’ എന്നാണ് നീതിയുടെ രീതിശാസ്ത്രം പറയുന്നത്. ഇവിടെ ഒരുവനെ കളയുന്നത് ഒരിടം രക്ഷിക്കാനല്ല, ഒരിടം ഇല്ലാതാക്കാനാണ്. ആ ഇടം ഭരണമാണ്. ഭരണം ഉപേക്ഷിച്ച് സര്‍വ്വസംഗപരിത്യാഗികളായ ഒരുപാടു പേരുടെ കഥകള്‍ നിറഞ്ഞതാണ് ലോകചരിത്രം.

അവര്‍ ഭരണം ഉപേക്ഷിച്ചതും കാടുകയറിയതും നാടു തെണ്ടിയതും ഭിക്ഷാംദേഹികളായതും സ്വന്തം മോക്ഷത്തിനുവേണ്ടിയായിരുന്നില്ല, ജനതയുടെ മുഴുവന്‍ മോക്ഷത്തിനായിരുന്നു. അവര്‍ ജനഹൃദയത്തിലേക്കാണ് കാടുകയറിയത്. ജനങ്ങള്‍ക്കുവേണ്ടിയാണ് അവര്‍ സിംഹാസനങ്ങള്‍ ഉപേക്ഷിച്ചു ജനമധ്യത്തിലേക്ക് ഇറങ്ങിയത്.

ഇവിടെ പാര്‍ട്ടി ഭരണം വേണ്ടെന്ന് വെയ്ക്കുന്നത് അച്യുതാനന്ദന്‍ എന്ന ജനപക്ഷ നേതാവിനെ ഒഴിവാക്കാന്‍ വേണ്ടിയാണ്. അവര്‍ക്ക് അച്യുതാനന്ദനെ ഒഴിവാക്കിയേ പറ്റൂ. കാരണം ‘രാജാവ് നഗ്‌നനാണെന്ന്’ വിളിച്ചുകൂവുന്ന ഒരു ‘വൃദ്ധശിശു’വാണ് അച്യുതാനന്ദന്‍ എന്ന ജനപക്ഷ നായകന്‍.
അടുത്ത പേജില്‍ തുടരുന്നു