എഡിറ്റര്‍
എഡിറ്റര്‍
ആന്റണിക്ക് ഒഴിഞ്ഞു മാറാനാകില്ല; രാജി വെയ്ക്കണം: വി.എസ്
എഡിറ്റര്‍
Friday 30th March 2012 10:24pm

തിരുവനന്തപുരം: പ്രതിരോധ ഇടപാടുകളില്‍ അഴിമതി അറിഞ്ഞിട്ടും നടപടിയെടുക്കാതിരുന്ന ആന്റണിക്ക് അഴിമതിക്കാരനല്ലെന്ന് പറഞ്ഞ് ഒഴിഞ്ഞു മാറാനാകില്ലെന്നും പ്രതിരോധ മന്ത്രി സ്ഥാനം രാജിവെയ്ക്കണമെന്നും പ്രതിപക്ഷ നേതാവ് വി.എസ് അച്യുതാനന്ദന്‍ ആവശ്യപ്പെട്ടു. അഴിമതിയാരോപണങ്ങളുടെ പശ്ചാത്തലത്തില്‍ എ.കെ.ആന്റണിക്ക് അധികാരത്തില്‍ തുടരാന്‍ അവകാശമില്ല. അഴിമതിയെക്കുറിച്ച് അറിഞ്ഞിട്ടും അനങ്ങാതിരുന്നത് കുറ്റകരമാണ്. കരസേനാ മേധാവി നേരിട്ടു പറഞ്ഞിട്ടും അദ്ദേഹം അലംഭാവം കാട്ടിയെന്ന് വി.എസ് കുറ്റപ്പെടുത്തി.

ആന്റണി പ്രതിരോധ മന്ത്രിയായ ശേഷം ഇതുവരെ കാണാത്ത രീതിയിലാണു പ്രതിരോധ വകുപ്പില്‍ അഴിമതികള്‍ റിപ്പോര്‍ട്ട് ചെയ്തത്. ആദര്‍ശ് ഫ്‌ളാറ്റ്, ഫ്രാന്‍സില്‍ നിന്നുള്ള യുദ്ധ ടാങ്ക് ഇറക്കുമതി, ഇസ്രയേല്‍ മിസൈല്‍ ഇടപാട് എന്നിവയിലുള്ള അഴിമതി ആരോപണങ്ങള്‍ ഉയര്‍ന്നത് ഇക്കാലയളവിലാണ്. ഇതിനെല്ലാം പുറമെയാണു ടട്ര ടാങ്കുകള്‍ വാങ്ങിയതില്‍ അഴിമതി ആരോപണം ഉണ്ടായിരിക്കുന്നത്-വി.എസ് പറഞ്ഞു.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് പ്രചാരണം നടത്തിയത്. ഇതിനായി ഉപയോഗിച്ച പണം പ്രതിരോധ ഇടപാടില്‍ നിന്ന് പാര്‍ട്ടിക്ക് ലഭിച്ച കോഴയാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നുവെന്ന് വി.എസ് പറഞ്ഞു. പഞ്ചസാര കുംഭകോണത്തില്‍ രാജിവച്ച ആന്റണി ഇപ്പോള്‍ രാജിവയ്ക്കാത്തതെന്തെന്നും വി.എസ് ചോദിച്ചു. പുതിയ അഴിമതി ആരോപണങ്ങള്‍ക്കിടെ എ.കെ.ആന്റണിയെ ന്യായീകരിക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫ് നേതൃത്വത്തിന്റെ നിലപാട് അപഹാസ്യമാണെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.

Malayalam News

Kerala News in English

Advertisement