തിരുവനന്തപുരം: ബാബ്‌റി മസ്ജിദ് പൊളിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ ബി.ജെ.പി നേതാക്കളായ എല്‍.കെ അദ്വാനിയും, മുരളി മനോഹര്‍ ജോഷിയും അടക്കമുള്ളവര്‍ക്കെതിരെ വിചാരണ തുടരാം എന്ന സുപ്രീംകോടതി വിധി രാജ്യത്തിന്റെ മതനിരപേക്ഷ മൂല്യങ്ങളെ ശക്തിപ്പെടുത്തുന്നതാണെന്ന് ഭരണ പരിഷ്‌കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

ഗൂഢാലോചന കേസില്‍ ഉള്‍പ്പെട്ട കല്യാണ്‍സിംഗ് ഗവര്‍ണര്‍ സ്ഥാനവും, ഉമാഭാരതി കേന്ദ്രമന്ത്രി പദവും രാജി വെക്കണം. അല്ലാത്തപക്ഷം ഇവരെ പുറത്താക്കാന്‍ ബന്ധപ്പെട്ടവര്‍ നടപടി എടുക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു.

ഗൂഢാലോചന കേസില്‍ ബി.ജെ.പി യുടെ ഏറ്റവും ഉന്നതരായവര്‍ ഉള്‍പ്പെട്ടിട്ടുള്ളത് ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും തീവ്രഹിന്ദുത്വ നിലപാടുകളുടെ ഉദാഹരണമാണ്. ഇത് ഗൗരവതരവും ഗുരുതരവും ആണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാവും സുപ്രീംകോടതി വിചാരണക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും വി.എസ് അഭിപ്രായപ്പെട്ടു.

ബി.ജെ.പിയുടെ തീവ്രഹിന്ദുത്വ നിലപാടുകളും, അതിന്റെ ഫലമായി നടത്തുന്ന ആക്രമണങ്ങളും, കൊലപാതകങ്ങളും വര്‍ദ്ധിച്ചുവരുന്ന ഈ കാലത്ത്, ബാബ്‌റി മസ്ജിദ് പൊളിച്ചതിലെ ബി.ജെ.പി നേതാക്കളുടെ ഗൂഢാലോചന സമയബന്ധിതമായി വിചരാണക്ക് വിധേയമാക്കണമെന്ന സുപ്രീംകോടതി വിധിക്ക് ഏറെ സാംഗത്യമുണ്ടെന്നും വി.എസ് പറഞ്ഞു.


Also Read: ‘ നിനക്ക് ഈ കിട്ടിയതൊന്നും മതിയായില്ലേടാ…’; മോഹന്‍ലാലിനെ ജോക്കറെന്നു വിളിച്ച് വീണ്ടും കെ.ആര്‍.കെ; പൊങ്കാലക്കാലം അവസാനിപ്പിക്കാതെ ആരാധകരുടെ തെറിയഭിഷേകം


മതനിരപേക്ഷ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടത് അനിവാര്യമാണെന്ന കാലഘട്ടത്തിന്റെ ആവശ്യമാണ് സുപ്രീംകോടതി വിധി അടിവരയിടുന്നതെന്ന് വി.എസ് പറഞ്ഞു.