vs

തിരുവനന്തപുരം:  ഭരണകൂടത്തെ നിര്‍ണയിക്കുന്നത് ജനങ്ങളാണെന്നും മന്ത്രിമാരും സെക്രട്ടറിയേറ്റും ലക്ഷക്കണക്കിന് ഉദ്യോഗസ്ഥവൃന്ദവും നിലനില്‍ക്കുന്നത് ജനങ്ങള്‍ക്കു വേണ്ടിയാണെന്നും ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

Subscribe Us:

ഈ പാരസ്പര്യമാണ് ജനാധിപത്യത്തിന്റെ ശക്തി.  എന്നാല്‍ ജനങ്ങള്‍ക്ക് ഭരണയന്ത്രത്തില്‍നിന്ന് തിരിച്ചുകിട്ടുന്നതും ജനങ്ങളുടെ പ്രതീക്ഷയും തമ്മില്‍ വലിയ വിടവാണുള്ളത്.  ഇതിന്റെ ഉത്തരവാദിത്വം കേവലം വ്യക്തികളില്‍ ആരോപിക്കാനാവില്ല.

നമ്മുടെ ഭരണസംവിധാനത്തിലെ ദുര്‍ബ്ബലമായ കണ്ണികള്‍ കണ്ടെത്തണം.  മുറിച്ചു മാറ്റേണ്ട കണ്ണികള്‍ മുറിച്ചുമാറ്റുകയും വിളക്കിച്ചേര്‍ക്കേണ്ട കണ്ണികള്‍ വിളക്കിച്ചേര്‍ക്കുകയും വേണമെന്നും വി.എസ് പറഞ്ഞു.


സര്‍ക്കാരില്‍നിന്ന് ലഭിക്കേണ്ട സേവനം ജനതയുടെ അവകാശമാണ്.  എന്നാല്‍ പലപ്പോഴും ഈ അവകാശം ലംഘിക്കപ്പെടുന്നത് നാം കാണുന്നു.

ഭരണതലത്തില്‍ ഇടപെടലുകളുണ്ടായേ തീരൂ.  ഭരണസംവിധാനത്തിന്റെ ഘടന, വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, സേവനം പ്രദാനം ചെയ്യുന്നതിന്റെ രീതിശാസ്ത്രം, ആധുനിക മാനേജ്മെന്റ് രീതികള്‍, സാമ്പത്തിക മാനേജ്മെന്റ്, മാനവവിഭവശേഷി വികസനം, ഭരണ സുതാര്യത, വിവരാവകാശം എന്നിങ്ങനെ അനേകമനേകം ഘടകങ്ങളെ നാം സൂക്ഷ്മമായി വിലയിരുത്തിയാല്‍ മാത്രമേ, ഭരണം എവിടെയെല്ലാം പരിഷ്‌കരിക്കണമെന്ന് നമുക്ക് ബോദ്ധ്യപ്പെടുകയുള്ളൂവെന്നും വി.എസ് പറഞ്ഞു.

ഇത്തരം വിലയിരുത്തലും കണ്ടെത്തലുകളും ബദല്‍ നിര്‍ദ്ദേശ സമര്‍പ്പണവുമൊക്കെ ഇതിനു മുമ്പും കേരളത്തില്‍ നടന്നിട്ടുണ്ട്.  കേരള സംസ്ഥാന രൂപീകരണത്തിനു ശേഷം രൂപീകരിക്കപ്പെട്ട നാലാമത്തെ ഭരണപരിഷ്‌കാര കമ്മീഷനാണിത്.   മുന്‍കാല കമ്മീഷനുകളുടെ ശുപാര്‍ശകളില്‍ കുറെയെണ്ണം പരിഗണിക്കപ്പെടാതെ പോയിട്ടുണ്ട്.

വ്യക്തമായും കൃത്യമായും നടപ്പാക്കപ്പെട്ട ശുപാര്‍ശകളുമുണ്ട്.  അന്നത്തെ പല ശുപാര്‍ശകളും അതേപടി ഇന്നത്തെ കാലത്ത് പ്രയോഗവല്‍ക്കരിക്കാനാവില്ല.  അന്നും ഇന്നും പ്രസക്തമായ ശുപാര്‍ശകളുണ്ട്.  അത് നടപ്പാക്കപ്പെടാതിരിക്കാനുള്ള യഥാര്‍ത്ഥ കാരണവും കണ്ടെത്തേണ്ടിയിരിക്കുന്നു.

ഇത് വളരെ സങ്കീര്‍ണവും കഠിനവുമായ ഒരു പ്രക്രിയയാണ്.  അനേകം വിദഗ്ധരുടെയും ജനങ്ങളുടെയും ഭരണസംവിധാനങ്ങളുടെയും കൂട്ടായ്മയിലൂടെ വേണം നമുക്ക് ലക്ഷ്യം നേടാനെന്നും വി.എസ് പറഞ്ഞു.

എന്തെല്ലാം വിമര്‍ശനങ്ങള്‍ ഉയര്‍ത്തുമ്പോഴും,  ഇതര സംസ്ഥാനങ്ങളില്‍നിന്ന് വ്യത്യസ്തമായി  കേരളീയര്‍ ഉള്ളില്‍ ഒരു അഹങ്കാരമായി കൊണ്ടുനടക്കുന്ന ചില ജനാധിപത്യ മികവുകളുണ്ട്. ചരിത്രപരമായ നിരവധി കാരണങ്ങള്‍ക്കൊപ്പം നമ്മുടെ ഭരണസംവിധാനത്തിന്റെ ഘടനയിലും പ്രവര്‍ത്തന രീതിയിലുമുള്ള മികവും കേരളത്തെ ഒരു മാതൃകാ വികസിത സമൂഹമാക്കി നിലനിര്‍ത്തുന്നതില്‍ പങ്ക് വഹിക്കുന്നുണ്ട്.

വിവിധ വകുപ്പുകള്‍ തമ്മിലുള്ള ഏകോപനം, ഭരണത്തിലെ സുതാര്യത, അഴിമതിയോടും സ്വജനപക്ഷപാതത്തോടുമുള്ള ജനങ്ങളുടെ സമീപനം, സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ മികവ്, ജലലഭ്യത, ഭൂപ്രകൃതി എന്നു തുടങ്ങി ഒട്ടേറെ അനുകൂല ഘടകങ്ങള്‍ നമുക്ക് തുണയായിട്ടുണ്ട്.

അപ്പോഴും ഈ ഘടകങ്ങളെല്ലാം വേണ്ട രീതിയില്‍ വിനിയോഗിക്കപ്പെടുന്നില്ല. കാര്യക്ഷമതയുടെ അഭാവം, കാലതാമസം, ഉദ്യോഗസ്ഥ മേധാവിത്വം, അസന്തുലിതവും അശാസ്ത്രീയവുമായ വിഭവചൂഷണം, പ്രകൃതിവിരുദ്ധ നിലപാടുകള്‍, വിദ്യാഭ്യാസ കച്ചവടം, അശാസ്ത്രീയമായ സ്ഥല-ജല മാനേജ്മെന്റ് എന്നു തുടങ്ങി പരാതികളുടെ ഒരു കൂമ്പാരം മറുവശത്തുമുണ്ടെന്നും വി.എസ് പറയുന്നു.  ഭരണപരിഷ്‌കാര കമ്മീഷന്‍  ആലോചനായോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.