തിരുവനന്തപുരം: പാചകവാതക സബ്‌സിഡി പൂര്‍ണ്ണമായും എടുത്തു കളയാനുള്ള തീരുമാനത്തില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്‍മാറണമെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ് അച്യുതാനന്ദന്‍.

നിത്യോപയോഗ സാധനങ്ങളുടെ രൂക്ഷമായ വിലക്കയറ്റം മൂലം പൊറുതിമുട്ടുന്ന ജനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കുന്ന ഇരുട്ടടിയാണ് പാചകവാതക സബ്‌സിഡി ഇല്ലാതാക്കാനുളള തീരുമാനം.


Dont Miss ഗവര്‍ണ്ണര്‍ക്കെതിരെ നട്ടെല്ല് നിവര്‍ത്തി പിണറായി വിജയന്‍ നാല് വാക്ക് പറഞ്ഞാല്‍ അതിനെ ഞങ്ങള്‍ പിന്തുണയ്ക്കും: വി.ടി ബല്‍റാം


ഓരോ ദിവസവും മോദി സര്‍ക്കാര്‍ ഓരോ ജനവിരുദ്ധ നടപടികളാണ് സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. നോട്ടുനിരോധനവും ആലോചനയില്ലാതോ നടപ്പാക്കിയ ജി.എസ്.ടി യും ആധാര്‍ -പാന്‍കാര്‍ഡ് ബന്ധിപ്പിക്കലുമൊക്കെ കൂടി സാധാരണക്കാരുടെ ജീവിതം ദുസ്സഹമായി മാറിയിരിക്കുമ്പോഴാണ് വീണ്ടും ജനങ്ങളെ വറചട്ടിയില്‍ നിന്ന് എരിതീയിലേക്ക് തള്ളിയിട്ടുകൊണ്ട് പാചകവാതക സബ്‌സിഡി ഇല്ലാതാക്കുന്നത്.

അംബാനിമാര്‍ക്കും, അദാനിമാര്‍ക്കും ആയിരക്കണക്കിന് കോടിയുടെ സൗജന്യങ്ങള്‍ വാരിക്കോരി നല്‍കുന്നതിനിടയിലാണ് മോദി പാവപ്പെട്ടവന്റെ അടുപ്പില്‍ വെള്ളം കോരിയൊഴിക്കുന്നത്.

രാജ്യങ്ങളായ രാജ്യങ്ങള്‍ മുഴുവന്‍ ചുറ്റിയടിച്ചു നടക്കുന്ന നരേന്ദ്രമോദിക്ക് രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതക്‌ളേശങ്ങള്‍ മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയാണ്. മോദിയെയും, ബി.ജെ.പി സര്‍ക്കാരിനെയും തൂത്തെറിഞ്ഞു കൊണ്ടല്ലാതെ രക്ഷ ലഭിക്കാന്‍ പോകുന്നില്ലെന്നും വി.എസ് പറഞ്ഞു.