Categories

മകനെതിരെയുള്ള ആരോപണം സി.ബി.ഐ അന്വേഷിക്കണം: വി.എസ്

തിരുവനന്തപുരം: തന്റെ മകന്‍ വി.എ അരുണ്‍കുമാറിനെതിരെ ഉയര്‍ന്ന ആരോപണം സി.ബി.ഐ അന്വേഷിക്കണമെന്ന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

മകനുള്‍പ്പെടെ ആരെങ്കിലും അന്വേഷണം അട്ടിമറിക്കുകയോ പണം വാങ്ങുകയോ ഇടനാലിക്കാരനാകുകയോ ചെയ്തിട്ടുണ്ടെങ്കില്‍ അത് കൂടി സി.ബി.ഐ അന്വേഷണത്തില്‍ ഉള്‍പ്പെടുത്താന്‍ സംസ്ഥാന സര്‍ക്കാറിന് വേണ്ടി കേന്ദ്രത്തോട് ആവശ്യപ്പെടുന്നുവെന്ന് വി.എസ് വ്യക്തമാക്കി. ഒരു സാധാരണ ഇന്ത്യന്‍ പൗരന് നല്‍കുന്ന പരിഗണന മാത്രമേ സര്‍ക്കാര്‍ അരുണ്‍കുമാറിന് നല്‍കിയിട്ടുള്ളൂ. ഉയര്‍ന്ന ആരോപണങ്ങള്‍ക്കെതിരെ കോടതിയെ സമീപിക്കാന്‍ മകനോട് നിര്‍ദേശിച്ചിട്ടുണ്ട്.

ആരോപണങ്ങളുയരുമ്പോള്‍ അതുന്നയിക്കുന്ന ആളുകള്‍ക്കെതിരെ കള്ളക്കേസുണ്ടാക്കുകയെന്നത് കോണ്‍ഗ്രസിന്റെ പാരമ്പര്യമാണ്. കോണ്‍ഗ്രസിനെതിരെ ബോഫോഴ്‌സ് കേസ് വി.പി സിങ് ഉന്നയിച്ചപ്പോള്‍ സിങിന്റെ മകനെ കള്ളക്കേസില്‍ കുടുക്കുകയാണ് കോണ്‍ഗ്രസ് ചെയ്ത്. മകന് വേണ്ടി വ്യാജ അക്കൗണ്ടുണ്ടാക്കിയത് നരസിംഹറാവുവാണെന്ന് പിന്നീട് വ്യക്തമായിരുന്നു.

ചന്ദനമാഫിയക്കെതിരെ താന്‍ നടത്തിയ പോരാട്ടം പിന്നീട് ഉപേക്ഷിച്ചുവെന്ന പ്രതിപക്ഷ ആരോപണത്തെയും വി.എസ് നേരിട്ടു. പണം വാങ്ങിയെന്ന് പ്രതിപക്ഷം പറയുന്ന കാലത്തിന് ശേഷം താന്‍ നിയമസഭയിലും പുറത്തും നടത്തിയ ചന്ദന മാഫിയ വിരുദ്ധ പോരാട്ടത്തിന്റെ രേഖകള്‍ ഹാജരാക്കിയായിരുന്നു വി.എസിന്റെ വാര്‍ത്താ സമ്മേളനം. ഈ രേഖകളുടെ കോപ്പി അദ്ദേഹം മാധ്യമപ്രവര്‍ത്തകര്‍ക്ക് നല്‍കുകയും ചെയ്തു. പണം വാങ്ങിയ ശേഷം വി.എസ് ചന്ദന വിരുദ്ധ പോരാട്ടത്തില്‍ നിന്ന് പിന്‍മാറിയെന്നായിരുന്നു പ്രതിപക്ഷം ആരോപിച്ചത്.

വി.എസ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് അതൊന്നും നിശ്ചയിക്കാനായിട്ടില്ലെന്നാണ് വി.എസ് മറുപടി പറഞ്ഞത്. അനധികൃത ലോട്ടറിക്കെതിരേ നടത്തുന്ന സി.ബി.ഐ അന്വേഷണത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് താന്‍ പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നുവെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. എന്നാല്‍ കത്ത് പ്രധാനമന്ത്രിയുടെ ഓഫീസ് കത്ത് പൂഴ്ത്തുകയായിരുന്നു. എന്നാല്‍ കത്ത് ലഭിച്ചതായി ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.

‘ ലോട്ടറിവിഷയത്തില്‍ നവംബര്‍ 29ന് ചിദംബരത്തിനും ഡിസംബര്‍ 23 ന് പ്രധാനമന്ത്രിക്കും കത്തയച്ചിരുന്നു. പ്രധാനമന്ത്രിക്കാണ് സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കത്തയച്ചത്. സി.ബി.ഐ ചട്ടപ്രകാരം കേസെടുക്കാന്‍ കൂടുതല്‍ നടപടികളുടെ ആവശ്യമില്ല. പ്രധാനമന്ത്രിയുടെ ഓഫീസ് ഈ കത്ത് പൂഴ്ത്തിവെച്ചു’

പ്രതിപക്ഷം ആവശ്യപ്പടാതെയാണ് ഞാന്‍ ലോട്ടറിക്കെതിരേ കേസെടുത്തത്. പിന്നെ എന്തിന് അന്വേഷണം ഞാന്‍ അട്ടിമറിക്കണമെന്ന് വി.എസ് ചോദിച്ചു. ലോട്ടറിയെ നിയന്ത്രിച്ചതിന്റെ ഫലമായി പതിനായിരും കോടി സംസ്ഥാനത്തിന് ലാഭമുണ്ടാക്കാനായി. പ്രതിപക്ഷം പറയുന്നതില്‍ വാസ്തവമില്ല.

വിഷയത്തില്‍ ചിദംബരം ബോധപൂര്‍വ്വം കള്ളം പറയുകയാണ്. എന്റെ കത്ത് കിട്ടിയിട്ടില്ലെന്ന് അദ്ദേഹം കള്ളം പറഞ്ഞു. കത്തച്ചതിന്റെ രസീതും കോപ്പിയും എന്റെ കൈവശമുണ്ടെന്നും വി.എസ് പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.