എഡിറ്റര്‍
എഡിറ്റര്‍
വര്‍ഗീയ കാര്‍ഡിറക്കിയും കേന്ദ്ര ഭരണത്തിന്റെ സൗകര്യങ്ങള്‍ ഉപയോഗിച്ചും നേടിയ ജയമാണ് ബി.ജെപിയുടേത്: വി.എസ് അച്യുതാനന്ദന്‍
എഡിറ്റര്‍
Saturday 11th March 2017 6:59pm

 

തിരുവനന്തപുരം: വര്‍ഗീയ കാര്‍ഡുകള്‍ ഇറക്കിയും മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിച്ചുമാണ് ബി.ജെ.പി വിജയം നേടിയതെന്ന് ഭരണ പരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ജയം നേടുന്നതിനായി ബി.ജെ.പി കേന്ദ്ര ഭരണത്തിന്റെ സൗകര്യങ്ങളും സംവിധാനങ്ങളും ദുരുപയോഗം ചെയ്തിട്ടുണ്ടെന്നും വി.എസ് പ്രസ്താവനയിലൂടെ പറഞ്ഞു.


Also read ഈ പരാജയത്തില്‍ എനിക്ക് ലജ്ജ തോന്നുന്നില്ല; ജനങ്ങള്‍ അവരുടെ സ്വാര്‍ത്ഥത മൂലം മാറി ചിന്തിച്ചു; തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുന്നതായി ഇറോം ശര്‍മ്മിള 


‘മോദി സര്‍ക്കാര്‍ ഏകാധിപത്യ ഫാസിസ്റ്റ് നടപടികള്‍ ശക്തിപ്പെടുത്തും എന്നതിലേക്ക് വിരല്‍ ചൂണ്ടുന്നതാണ് അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍. ഇത് രാജ്യത്തിന് കൂടുതല്‍ ആപല്‍സൂചന നല്‍കുന്നതാണ്. ഇത് നേരിടാന്‍ ഇടത് മതനിരപേക്ഷ പ്രസ്ഥാനങ്ങളുടെ യോജിപ്പ് വിപുലപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും വിഎസ് പറഞ്ഞു.

മതനിരപേക്ഷ പാര്‍ട്ടികള്‍ക്കിടയിലെ പടലപ്പിണക്കങ്ങളും തര്‍ക്കങ്ങളും വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ കാരണമായെന്നു പറഞ്ഞ വി.എസ്. ബി.ജെ.പി അത് മുതലെടുത്താണ് വിജയം നേടിയതെന്നും അതുകൊണ്ട് തന്നെ നോട്ട് നിരോധനമടക്കമുള്ള മോദിയുടെ ജനവിരുദ്ധ നടപടികള്‍ക്കുള്ള അംഗീകാരമായി ഇതിനെ കാണേണ്ടതില്ലെന്നും കൂട്ടിച്ചേര്‍ത്തു.

ഈ തെരഞ്ഞെടുപ്പ് ഫലംകൂടി വന്നതോടെ രാജ്യസഭയിലും ബി.ജെ.പിക്ക് വ്യക്തമായ മേല്‍ക്കൈ കിട്ടുന്ന സ്ഥിതിയാണ്. ഇതുപയോഗിച്ച് ഏത് തരത്തിലുള്ള നടപടിയിലേക്കും മോദി പോയെന്നും വരും. ഇത്തരമൊരു പശ്ചാത്തലത്തില്‍ ആപല്‍സൂചന വ്യക്തമായി ബോദ്ധ്യപ്പെട്ട് രാജ്യതാല്‍പ്പര്യം മാനിച്ച് മുഴുവന്‍ ഇടത് മതനിരപേക്ഷ പ്രസ്ഥാനങ്ങളും യോജിപ്പ് ശക്തിപ്പെടുത്തി മുന്നേറുകയാണ് വേണ്ടതെന്നും വിഎസ് പറഞ്ഞു.

Advertisement