Categories

അറസ്റ്റിന് കേരളം സഹകരിക്കുന്നില്ല: ആചാര്യ

ബാംഗ്ലൂര്‍: അബ്ദുള്‍ നാസര്‍ മഅദനിയുടെ അറസ്റ്റിനോട് കേരള പോലീസ് സഹകരിക്കുന്നില്ലെന്ന് കര്‍ണാടക ആഭ്യന്ത്രരമന്ത്രി വി എസ് ആചാര്യ. കീഴടങ്ങുമെന്ന മഅദനിയുടെ വാക്ക് പ്രവൃത്തിയില്‍ കാണുന്നില്ലെന്നും ആചാര്യ പറഞ്ഞു.

അതേസമയം മഅദനിയെ നാളെ ബാംഗ്ലൂര്‍ മെട്രോപൊളിറ്റന്‍ കോടതിയില്‍ ഹാജരാക്കണമെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കി. വാറണ്ട് കാലാവധി അവസാനിക്കുന്നതിനാല്‍ നാളെത്തന്നെ മഅദനിയെ കോടതിയില്‍ ഹാജരാക്കണമെന്നാണ് കേരള പോലീസിനെ അറിയിച്ചിട്ടുള്ളത്.

മഅദനിയെ അറസ്റ്റ് ചെയ്യേണ്ടത് നിയമപരമായ ബാധ്യതയാണെന്നും ബാംഗ്ലൂര്‍ പോലീസ് അറിയിച്ചിട്ടുണ്ട്. നേരത്തെ കൊല്ലത്തെത്തിയ ബാംഗ്ലൂര്‍ ജോ. കമ്മീഷണര്‍ അലോക് കുമാറും ഡപ്യൂട്ടി കമ്മീഷണര്‍ ഓംകാരയ്യയും എസ് പി ഹര്‍ഷിത അട്ടല്ലൂരിയുമായി ചര്‍ച്ച നടത്തി. തുടര്‍ന്ന് കര്‍ണാടക പോലീസ് സംഘം ഡി ജി പിയുമായി ചര്‍ച്ചക്ക് വേണ്ടി തിരുവനന്തപുരത്തേക്ക് പുറപ്പെട്ടിട്ടുണ്ട്.

അറസ്റ്റുമായി ബന്ധപ്പെട്ട് നടത്താന്‍ നിശ്ചയിച്ചിരുന്ന പി ഡി പി നേതൃയോഗം പോലീസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഒഴിവാക്കിയിരുന്നു.

അതേസമയം മഅദനിയുടെ അറസ്റ്റുമായി ബന്ധപ്പെട്ടുള്ള വിഷയം സമാധാനപരമായി കൈകാര്യം ചെയ്യണമെന്ന് ഇമാമുമാര്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു. മഅദനിയുടെ കാര്യക്കില്‍ സര്‍ക്കാര്‍ നയം വ്യക്തമാക്കണം. റംസാന്‍ മാസത്തില്‍ അന്‍വാറുശ്ശേരിയില്‍ ഉപരോധ സാഹചര്യം നല്ലതല്ല.

പാളയം ഇമാമടക്കം ആറു പേരാണ് പ്രസ്താവന നടത്തിയത്. മഅദനിയുടെ വാക്ക് മുഖവിലക്കെടുക്കണം. പ്രശ്‌നം സമാധാനപരമായി കൈകാര്യം ചെയ്യണമെന്നും അവര്‍ വ്യക്തമാക്കി. അതേസമയം മഅദനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോവുന്നില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറഞ്ഞു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.