തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരന്തഫലങ്ങളെക്കുറിച്ച് ഇനി പഠനം വേണ്ടന്നും പകരം നിരോധനമാണ് വേണ്ടതെന്നും മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന്‍. എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് പകരം പുതിയ പഠന സംഘത്തെ അയക്കുന്നത് അപലനീയമാണെന്നും അദ്ദേഹം വ്യക്കതമാക്കി.

ലോകത്തിലെ മിക്ക രാജ്യങ്ങളും നിരോധിച്ചിട്ടും ഇന്ത്യ എന്‍ഡോസള്‍ഫാനിന്റെ വാക്താക്കളായി മാറിയെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. എന്‍ഡോസള്‍ഫാനിന്റെ ആശ്രിതരും ഒത്താശക്കാരുമാണ് രാജ്യം ഭരിക്കുന്നത്. എന്‍ഡോസള്‍ഫാന് ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയ ഉദ്യോഗസ്ഥനെയാണ് പഠന സംഘത്തിന്റെ മേധവിയാക്കിയതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്‍ഡോസള്‍ഫാന്‍ ദുരന്തഫലങ്ങളെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രം നിയോഗിച്ച പഠനസമിതിയുടെ അധ്യക്ഷനായി സി ഡി മായിയെ നിശ്ചയിച്ച കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് പ്രതികരിക്കുകയായിരുന്നു വി.എസ് അച്യുതാനന്ദന്‍. എന്‍ഡോസള്‍ഫാന് അനുകൂലമായി തീരുമാനമെടുത്ത മായിയെ തന്നെ പഠനസമിതി അധ്യക്ഷനായി തിരഞ്ഞൈടുത്തിതിനെതിരേ കടുത്ത വിമര്‍ശനമാണ് ഉയര്‍ന്നിരിക്കുന്നത്. പുതിയ പഠന സംഘത്തെ കാസര്‍കോഡ് കാലുകുത്താന്‍ അനുവദിക്കില്ലെന്ന് ഡി.വൈ.എഫ്.ഐ നേതൃത്വവും വ്യക്തമാക്കിയിട്ടുണ്ട്.

സി ഡി മായിയെ പഠനസംഘത്തിന്റെ നേതൃസ്ഥാനം നല്‍കുന്നത് കുറുക്കന്റെ കൈയ്യില്‍ കോഴിയെ സൂക്ഷിക്കാനേല്‍പ്പിക്കുന്നതുപോലെയാണെന്ന് വനംമന്ത്രി ബിനോയ് വിശ്വം പറഞ്ഞു. വിഷയത്തില്‍ കേന്ദ്രത്തിന് നീചമായ താല്‍പ്പര്യമുണ്ടെന്നാണ് പുതിയ സംഭവവികാസങ്ങള്‍ സൂചിപ്പിക്കുന്നതെന്നും ബിനോയ് വിശ്വം കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര സര്‍ക്കാര്‍ അങ്ങേയറ്റം അന്യായമാണെന്ന് കോണ്‍ഗ്രസ് നേതാവ് വി എം സുധീരനും പറഞ്ഞു. നിരവധി സ്ഥാപനങ്ങല്‍ ആധികാരികമായി പഠനം നടത്തി എന്‍ഡോസള്‍ഫാന് എതിരായി റിപ്പോര്‍ട്ടുനല്‍കിയിട്ടുണ്ടെന്നും പുതിയൊരു പഠനസംഘത്തിന്റെ ആവശ്യമില്ലെന്നും സുധീരന്‍ പറഞ്ഞു.