കൊച്ചി: ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനും സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസായുമായിരുന്ന കെ ജി ബാലകൃഷ്ണനെതിരേ വി ആര്‍ കൃഷ്ണയ്യര്‍ നിശിതവിമര്‍ശനവുമായി രംഗത്തെത്തി. ജസ്റ്റിസ് ബാലകൃഷ്ണനെതിരേയും അദ്ദേഹത്തിന്റെ മരുമകനെതിരേയും ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷണവിധേയമാക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

‘ ജസ്റ്റിസ് കെ ജി ബാലകൃഷ്ണനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ ഞെട്ടിക്കുന്നതും അപമാനമുണ്ടാക്കുന്നതുമാണ്. ബാലകൃഷ്ണനെതിരേ ഉയര്‍ന്ന ആരോപണങ്ങള്‍ മൂന്ന് ജുഡീഷ്യല്‍ പാനലുകള്‍ അന്വേഷിക്കണമെന്നും കൃഷ്ണയ്യര്‍ പറഞ്ഞു.

കെ ജി ബാലകൃഷ്ണന്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസായപ്പോള്‍ ബാലകൃഷ്ണന്റെ യുഗം എന്നായിരുന്നു താന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ ഇന്ന് അങ്ങനെ പറയാന്‍ പറ്റുന്ന സാഹചര്യമല്ല ഉള്ളത്. താനും ജഡ്ജിയായതില്‍ ഖേദിക്കുന്നുവെന്നും വിഷയത്തില്‍ അന്വേഷണം നടത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രിക്കുണ്ടെന്നും കൃഷ്ണയ്യര്‍ കൂട്ടിച്ചേര്‍ത്തു.

കെ ജി ബാലകൃഷ്ണനെതിരേ മാത്രമല്ല, അദ്ദേഹത്തിന്റെ മരുമകനെതിരേയും മകള്‍ക്കെതിരേയും അമ്മായിഅമ്മയ്‌ക്കെതിരേയും ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്നും കുറ്റക്കാരനെന്നു കണ്ടാല്‍ ബാലകൃഷ്ണനെതിരേ നടപടിയെടുക്കണമെന്നും കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു.

സ്‌പെക്ട്രം വിഷയത്തില്‍ മദ്രാസ് ജഡ്ജി രഘുപതി അയച്ച കത്തില്‍ അന്നത്തെ കേന്ദ്രമന്ത്രിയായിരുന്ന രാജയെക്കുറിച്ച് പരാമര്‍ശിച്ചിട്ടില്ലെന്നായിരുന്നു കെ ജി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. എന്നാല്‍ കത്തില്‍ രാജയുടെ പേര് പരാമര്‍ശിച്ചുണ്ടെന്ന് വ്യക്തമാക്കി ജസ്റ്റിസ് എച്ച് എല്‍ ഗോഖലെ രംഗത്തെത്തിയതോടെ ബാലകൃഷ്ണന്‍ പ്രതിസ്ഥാനത്തായി.

അതിനിടെ കെ ജി ബാലകൃഷ്ണന്റെ മരുമകന്‍ പി വി ശ്രീനിജന്‍ അനധികൃതമായി സ്വത്തുസമ്പാദിച്ചുവെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. തൃശൂരില്‍ 14 ലക്ഷം രൂപയുടേതുള്‍പ്പടെ 7 കോടിയുടെ സ്വത്ത് ശ്രീനിജന്‍ അനധികൃതമായി സമ്പാദിച്ചു എന്നായിരുന്നു റിപ്പോര്‍ട്ട്.