കേരളത്തില്‍ യു.ഡി.എഫ് സര്‍ക്കാറിനെതിരെ സ്വാശ്രയ സമരത്തിന്റെ മുന്‍നിരയിലുണ്ടായിരുന്ന സിന്ധുജോയ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസ് കൂടാരത്തിലെത്തിയിരിക്കയാണ്. സി.പി.ഐ.എം എന്ന പാര്‍ട്ടിയില്‍ സ്ത്രീകള്‍ സുരക്ഷിതരല്ലെന്ന് വിളിച്ചുപറഞ്ഞാണ് സിന്ധു ഇടത് കളം വിട്ടത്. എന്നാല്‍ അന്ന് സിന്ധുവിനൊപ്പം സമരഭൂമിയില്‍ രക്തം ചീന്തിയ മറ്റൊരു നേതാവാണ് മലപ്പുറത്തെ വി.പി. റജീന. ഇപ്പോള്‍ ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ്പ്രസിഡന്റായി പ്രവര്‍ത്തിക്കുന്ന വി.പി റജീന സിന്ധുവിന്റെ ആരോപണത്തെക്കുറിച്ച് ഡൂള്‍ന്യൂസിനോട് പ്രതികരിക്കുന്നു.

സിന്ധുവിന്റെ ആരോപണത്തില്‍ യാതൊരു വാസ്തവമില്ല. കഴിഞ്ഞ 15 വര്‍ഷത്തോളമായി എസ്.എഫ്.ഐ,ഡി.വൈ.എഫ്.ഐ പ്രവര്‍ത്തന രംഗത്തുള്ളയാളാണ് ഞാന്‍. എനിക്കോ മറ്റ് പെണ്‍കുട്ടികള്‍ക്കോ ഇത്തരമൊരു അനുഭവം ഉണ്ടായിട്ടില്ല. സി.പി.ഐ.എമ്മിലെ മുഴുവന്‍ സ്ത്രീകളുടെയും പ്രാതിനിധ്യം ഏറ്റെടുക്കാന്‍ സിന്ധുവിന് കഴിയില്ല. എസ്.എഫ്.ഐയിലായാലും ഡി.വൈ.എഫ്.ഐയിലായാലും മറ്റ് മഹിളാ സംഘടനയിലായാലും വളരെ സജീവമായി പ്രവര്‍ത്തന രംഗത്തുള്ളവരാണ് എല്ലാ സ്ത്രീകളും. സിന്ധു മാത്രമേ ഇങ്ങിനെ പുറത്ത് പോയിട്ടുള്ളൂ. അവര്‍ക്ക് അങ്ങിനെ എല്ലാ സ്ത്രീകളുടെയും പ്രാതിനിധ്യം അവകാശപ്പെടാന്‍ കഴിയില്ല.

എസ്.എഫ്.ഐ രംഗത്ത് സിന്ധു ജോയി ഉള്‍പ്പെടെ നിരവധി നേതാക്കന്‍മാര്‍ ഉണ്ടായിരുന്നു. ഒരുപാട് പേര്‍ ഇപ്പോഴും സംഘടനാ രംഗത്ത് സജീവമാണ്. ജോലിയുടെ ഭാഗമായും അധ്യാപക സംഘടനയുടെ ഭാഗമായും യുവജന സംഘടനയുടെ ഭാഗമായും പ്രവര്‍ത്തിക്കുന്നവരാണിവര്‍. പിന്നെ എല്ലാവരും എല്ലാ കാലത്തും സംഘടനയിലുണ്ടാകണമെന്നുമില്ല. അങ്ങിനെ ചിലരുണ്ടാകാം. ഇതല്ലാതെ അന്ന് സംഘടനാ രംഗത്തുണ്ടായിരുന്നവരൊക്കെ ഇന്നും ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനയുടെ സജീവ നേതൃത്വത്തിലുണ്ട്.

സിന്ധു ജോയിയെ പാര്‍ട്ടി അവഗണിച്ചുവെന്ന് എനിക്ക് തോന്നുന്നില്ല. സി.പി.ഐ.എമ്മിനകത്ത് അങ്ങിനെ സ്ത്രീകള്‍ അടിച്ചമര്‍ത്തപ്പെടുന്നുവെന്ന അഭിപ്രായം എനിക്കില്ല. എനിക്കൊന്നും അത്തരത്തിലുള്ള ഒരു അനുഭവവുമില്ല. പാര്‍ട്ടിക്ക് സ്ത്രീകളെ എത്രത്തോളം പ്രമോട്ട് ചെയ്യാന്‍ കഴിയുമോ അത്രത്തോളം പ്രമോട്ട് ചെയ്ത അനുഭവമാണ് എനിക്കുള്ളത്. വിദ്യാര്‍ഥി സംഘടനാ രംഗത്തും യുവജന സംഘടനാ രംഗത്തും ഈ അനുഭവമാണ് എനിക്കുണ്ടായിട്ടുള്ളത്. ഇത് സിന്ധു ജോയിയുടെ ബോധത്തിന്റെ കുറവ് എന്നേ എനിക്ക് തോന്നുന്നുള്ളൂ.

ഇത്രയും കാലം പാര്‍ട്ടിപ്രവര്‍ത്തകയായിരുന്നിട്ടും സിന്ധുവിന് സ്ത്രീകള്‍ അവഗണിക്കപ്പെടുന്നുവെന്ന് തോന്നലുണ്ടായിട്ടില്ല. ഇപ്പോള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് സ്ഥാനാര്‍ഥി ലിസ്റ്റ് തയ്യാറായ സമയത്താണ് സ്ത്രീകള്‍ അവഗണിക്കപ്പെടുന്നതായി തോന്നിയത്. മോഹഭംഗം കൊണ്ടാണ് ഇത്തരമൊരു തോന്നലുണ്ടായത്.

അന്ന് കേരളത്തിലുണ്ടായിരുന്ന യു.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളെ സഹായിക്കുന്ന വഴിവിട്ട സമീപനമായിരുന്നു സ്വീകരിച്ചിരുന്നത്. അതിനെതിരായിട്ടായിരുന്നു വിദ്യാര്‍ഥി സംഘടനയായ എസ്.എഫ്.ഐ ഉള്‍പ്പെടെയുള്ള പുരോഗമന ശക്തികള്‍ രംഗത്ത് വന്നത്. ഇപ്പോള്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വാശ്രയ മാനേജ്‌മെന്റുകളെ കടിഞ്ഞാണിടാന്‍ ഒരു നിയമം കൊണ്ട് വന്നു. അത് പിന്നീട് അട്ടമറിക്കപ്പെടാനുണ്ടായ സാഹചര്യം എല്ലാവര്‍ക്കും അറിയാവുന്നതാണ്. മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തി ഏതെല്ലാം രീതിയില്‍ കേരളത്തിലെ സാധാരണക്കാരായ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസം ലഭ്യമാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്. സ്വാശ്രയ മാനേജ്‌മെന്റുകളുടെ വഴിവിട്ട കച്ചവടത്തിനെതിരാണ് ഇടത് സംഘടന. അന്നും ഇന്നും അതില്‍ ഉറച്ച് നില്‍ക്കുകയാണ്.