എഡിറ്റര്‍
എഡിറ്റര്‍
ടി.പിയുടെ തലകൊയ്യുമെന്ന് മുന്നറിയിപ്പ് നല്‍കി ലോക്കല്‍ സെക്രട്ടറിയുടെ പ്രസംഗം
എഡിറ്റര്‍
Monday 25th June 2012 12:19pm

 

കോഴിക്കോട്: ടി.പി ചന്ദ്രശേഖരന്റെ തലകൊയ്യുമെന്ന് മുന്നറിയിപ്പ് നല്‍കിക്കൊണ്ട് ഒഞ്ചിയത്തെ പ്രാദേശിക നേതാവ് പ്രസംഗിക്കുന്ന ദൃശ്യം പുറത്ത്. 2010 ഫെബ്രുവരി 5ന് ഒഞ്ചിയം ലോക്കല്‍ സെക്രട്ടറി വി.പി ഗോപാലകൃഷ്ണന്‍ നടത്തിയ പ്രസംഗത്തിലാണ് ചന്ദ്രശേഖരനെ വധിക്കുമെന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. പ്രസംഗത്തിന്റെ ദൃശ്യങ്ങള്‍ ഇന്ത്യാവിഷന്‍ പുറത്തുവിട്ടു.

ഫെബ്രുവരി 4ന് ഒഞ്ചിയത്ത് സി.പി.ഐ.എമ്മും റവല്യൂഷണറി മാര്‍ക്‌സിസ്റ്റുപാര്‍ട്ടിയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. സംഘര്‍ഷത്തില്‍ പ്രതിഷേധം അറിയിക്കാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് വി.പി ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചത്.

പ്രസംഗത്തിന്റെ പൂര്‍ണരൂപം

”സി.പി.ഐ.എമ്മിന്റെ പ്രവര്‍ത്തകന്‍മാരുടെ ആജ്ഞാശക്തിയും മനധൈര്യവും ഒന്നുകൊണ്ടുമാത്രം  ഈ ചോറ്റുപട്ടികള്‍ പിന്തിരിഞ്ഞോടുകയാണ് ഉണ്ടായത് എന്ന യാഥാര്‍ത്ഥ്യം നാം വിസ്മരിച്ചുകൂടാ.. എന്തുവില കൊടുത്തും ഈ തെമ്മാടിക്കൂട്ടത്തിന്റെ ഈ അക്രമ പേക്കൂത്തുകള്‍ അവസാനിപ്പിക്കാനുള്ള ആര്‍ജ്ജവം ഒഞ്ചിയത്തെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്ക്കുണ്ട്. ആ പാര്‍ട്ടി അത് വരുംനാളുകളില്‍ തെളിയിക്കും എന്ന് ഞങ്ങള്‍ ഉറപ്പ് നല്‍കുകയാണ്.

ചന്ദ്രശേഖരന്‍ നേരിട്ടുവന്നാണ് ഈ ഗൂഢസംഘത്തിന് നേതൃത്വം കൊടുത്തത്.  പക്ഷേ ചന്ദ്രശേഖരന് പോലും മുമ്പോട്ട് വരാന്‍ കഴിഞ്ഞില്ല. നമ്മുടെ പ്രവര്‍ത്തകന്‍മാരുടെ ധീരമായ നടപടിയും ആജ്ഞാശക്തിയും കൊണ്ട് ചന്ദ്രശേഖരന് പിരിഞ്ഞുപോകേണ്ടി വന്നു. ചന്ദ്രശേഖരന്‍ ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ക്കാര്‍ക്കും ഇപ്പോള്‍ പരിക്ക് പരിക്ക് പറ്റിയിട്ടില്ല. ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകന്റെ മേലില്‍ ഒരു ബോംബിന്റെ ചീളോ ഒരു രോമമോ തെറിച്ചാല്‍ ചന്ദ്രശേഖരന്റെ തല കൊയ്യുമെന്ന കാര്യത്തില്‍ സംശയമില്ല.

അതിനുള്ള ധൈര്യവും തന്റേടവുമുള്ള പാര്‍ട്ടിയാണ് ഒഞ്ചിയത്തെ പാര്‍ട്ടിയെന്ന കാര്യം ചന്ദ്രശേഖരനും കുളങ്ങര ചന്ദ്രനും തെമ്മാടികളും ഓര്‍ത്തിരിക്കണം എന്നുമാത്രമാണ് പറയാനുളളത്. ഒരിഞ്ചു പിന്നോട്ടുപോവാന്‍ ഒഞ്ചിയത്തെ പ്രസ്ഥാനം തയ്യാറല്ല. ഏതു വെല്ലുവിളികളേയും അതിജീവിച്ച് മുന്നോട്ടുപോവാനുള്ള ത്രാണിയും ശേഷിയുമുള്ള രക്തസാക്ഷികളുടെ പ്രസ്ഥാനം അജയ്യമായി മുന്നേറുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് ഈ സംഭവത്തില്‍ പ്രതിഷേധിക്കുന്നതിന് വേണ്ടി ഇവിടെ എത്തിച്ചേര്‍ന്നിട്ടുള്ള മുഴുവന്‍ സഖാക്കളേയും നേതാക്കന്‍മാരേയും പ്രവര്‍ത്തകരേയും അഭിവാദ്യം ചെയ്ത് കൊണ്ട് സംസാരിക്കുന്നതിന് വേണ്ടി പാര്‍ട്ടി ഒഞ്ചിയം ഏരിയാ സെക്രട്ടറിയും കോഴിക്കോട് ജില്ലാസെക്രട്ടറിയേറ്റംഗവുമായ സഖാവ് പി ഭാസ്‌ക്കരന്‍ മാഷെ ഞാന്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുകയാണ്’.

ചന്ദ്രശേഖരന്‍ വധക്കേസില്‍ പിടിയിലായ പടയങ്കണ്ടി രവീന്ദ്രന്‍, കെ.കെ കൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ഗോപാലകൃഷ്ണന്റെ പ്രസംഗം.

പാര്‍ട്ടിയുടെ തീരുമാനത്തിനനുസരിച്ചാണ് ഇത്തരം പ്രസംഗങ്ങളെന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാവ് കെ.എസ് ഹരിഹരന്‍ പ്രതികരിച്ചു. ഗോപാലകൃഷ്ണന്റെ പങ്കിനെപ്പറ്റി നേരത്തെ തന്നെ അന്വേഷണ സംഘത്തിനോട് പറഞ്ഞിരുന്നു. പ്രസംഗത്തെക്കുറിച്ച് കൂടുതല്‍ അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.

ടി.പി വധത്തിന്റെ പ്രധാന ആസൂത്രകന്‍ ഈ ഗോപാലകൃഷ്ണനാണ്. കഴിഞ്ഞ സര്‍ക്കാര്‍ എല്‍.ഡി.എഫിന്റേതായതുകൊണ്ടാണ് കുഞ്ഞനന്തനും കൊടിസുനിയുമൊക്കെ ഒരു കേസിലും പെടാതെ മാന്യന്‍മാരായി നടന്നത്. ഇവര്‍ക്ക് സി.പി.ഐ.എമ്മിന്റെ സംരക്ഷണം ഉണ്ടായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.

ചന്ദ്രശേഖരന് വധഭീഷണിയുണ്ടായിരുന്നെന്നതിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് കെ.കെ രമ പറഞ്ഞു. ഇതുപോലുള്ള പ്രസംഗങ്ങളും മുന്നറിയിപ്പുകളും ഉള്‍പ്പെടുന്ന തെളിവുകള്‍ അന്വേഷണ സംഘത്തിന് നല്‍കിയതിനാല്‍ അത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ പറയുന്നില്ലെന്നും രമ വ്യക്തമാക്കി.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് ഒഞ്ചിയത്തെ സി.പി.ഐ.എമ്മുകാര്‍ ആഘോഷിച്ചു. പാര്‍ട്ടി ഓഫീസുകളിലും മറ്റും ആഘോഷ പരിപാടികള്‍ നടന്നിരുന്നെന്നും രമ വ്യക്തമാക്കി.

Advertisement