കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ 54 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പില്‍ 74 ശതമാനം പോളിംഗ് രേഖപ്പെടുത്തി. വലിയതോതില്‍ അക്രമങ്ങളൊന്നുമില്ലാതെയാണ് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നത്. ആറുഘട്ടമായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്.

ഏതാനും ചില മണ്ഡലങ്ങളില്‍ അക്രമസംഭവങ്ങളുണ്ടായതായി റിപ്പോര്‍ട്ടുണ്ട്. മാല്‍ഡയില്‍ മാധ്യമപ്രവര്‍ത്തകരെ കേന്ദ്രസേന കൈയ്യേറ്റം ചെയ്തുവെന്ന പരാതി ഉയര്‍ന്നിട്ടുണ്ട്. അതിനിടെ കുച്ഛ്ബഹാറിലെ 99 ാം നമ്പര്‍ ബൂത്തില്‍ ആരും പോള്‍ ചെയ്യാനെത്തിയില്ല എന്നാണ് റിപ്പോര്‍ട്ട്. ഇവിടെ ജനങ്ങള്‍ വോട്ട് ബഹിഷ്‌ക്കരിക്കുമെന്ന് നേരത്തേ ഭീഷണി മുഴക്കിയിരുന്നു.

97.42 ലക്ഷ്യം വോട്ടര്‍മാര്‍ തിരഞ്ഞെടുപ്പിലൂടെ 364 സ്ഥാനാര്‍ത്ഥികളുടെ വിധിയെഴുതും. സ്വതന്ത്രവും നീതിപൂര്‍വ്വവുമായ തിരഞ്ഞെടുപ്പ് നടത്തുന്നതിനായി കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. വടക്കന്‍ ബംഗാളിലെ പ്രധാന ജില്ലകളായ കൂച്ച്ബഹര്‍, ജല്‍പൈഗുരി, ഡാര്‍ജലിംഗ്, വടക്കന്‍ ദിന്‍ജാപൂര്‍, തെക്കന്‍ ദിന്‍ജാപൂര്‍, മാല്‍ഡ എന്നിവിടങ്ങളില്‍ കനത്ത സുരക്ഷയാണ് ഏര്‍പ്പെടുത്തിയത്.

ഇടതുപക്ഷ സര്‍ക്കാറിലെ പത്ത് മന്ത്രിമാര്‍ ഇന്ന് നടക്കുന്ന ആദ്യഘട്ട തിരഞ്ഞെടുപ്പില്‍ ജനവിധി തേടി . അശോക് ഭട്ടാചാര്യ, ക്ഷിതി ഗോസ്വാമി, ബിശ്വനാഥ് ചൗധരി എന്നിവരെ കൂടാതെ കോണ്‍ഗ്രസ് നേതാവ് ദേബപ്രസാദ് റോയ്, തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഗൗതം ദേവ് എന്നിവരും ജനവിധി തേടിയ പ്രമുഖരില്‍പെടുന്നു.

ഭരണം നിലനിര്‍ത്താന്‍ സി.പി.ഐ.എമ്മിന്റെ നേതൃത്വത്തിലുള്ള ഇടതുമുന്നണി ശ്രമിക്കുമ്പോള്‍ അട്ടിമറി സൃഷ്ടിച്ച് ഭരണത്തിലേറാമെന്നാണ് മമതാ ബാനര്‍ജിയുടെ നേതൃത്വത്തിലുള്ള തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രതീക്ഷ. ഈയിടെ നടന്ന ലോകസഭാ തിരഞ്ഞെടുപ്പിലും പഞ്ചായത്ത് തിരഞ്ഞെടുപ്പിലും ഇടതുമുന്നണിക്ക് കനത്ത തിരിച്ചടി നേരിട്ടിരുന്നു.