vote-scamന്യൂദല്‍ഹി: വോട്ടിന് കോഴ സംഭവത്തില്‍ സോണിയാഗാന്ധിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി അഹമ്മദ് പട്ടേലിന് പങ്കുണ്ടെന്ന് മൊഴി. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്ന സംഭവത്തിലെ ഇടനിലക്കാരന്‍ സുഹൈല്‍ ഹിന്ദുസ്ഥാനിയാണ് ഇക്കാര്യം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.

അമര്‍ സിങ്ങിന് പുറമെ സമാജ് വാദി എം.പി രേവതി രമണ്‍ സിങ്ങിനും അഹമ്മദ് പട്ടേലിനും സംഭവവുമായി ബന്ധമുണ്ടെന്നാണ് മൊഴി. ഇവരുടെ നിര്‍ദേശപ്രകാരമാണ് പണവുമായി ബി.ജെ.പി എം.പിമാരെ സമീപിച്ചതെന്ന് മൊഴിയില്‍ പറയുന്നു.

2008ല്‍ അവിശ്വാസ വോട്ടെടുപ്പിനിടെ ബി.ജെ.പി എം.പിമാരെ പണം നല്‍കി സ്വാധീനിക്കാന്‍ ശ്രമിച്ച സംഭവമാണ് വോട്ടിന് കോഴ കേസ്. സംഭവത്തില്‍ അമര്‍സിങ്ങിനെ ചോദ്യം ചെയ്യാന്‍ ക്രൈംബ്രാഞ്ച് സര്‍ക്കാറിന്റെ അനുമതി തേടിയിട്ടുണ്ട്.

അമര്‍സിങ്ങിന്റെ സഹായിയായിരുന്ന സക്‌സേനയെ ദല്‍ഹിയിലെ തീസ് ഹസാരി കോടതി തിങ്കളാഴ്ച റിമാന്‍ഡ് ചെയ്തിരുന്നു.