എഡിറ്റര്‍
എഡിറ്റര്‍
തദ്ദേശ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ തീരുമാനം
എഡിറ്റര്‍
Wednesday 28th November 2012 1:21pm

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ ഇന്ന് ചേര്‍ന്നമന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി.

ഇതിനായി പ്രവാസികളുടെ വോട്ടര്‍പട്ടിക കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷന് സമര്‍പ്പിക്കും. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ വോട്ടര്‍ പട്ടികയില്‍ പ്രവാസികളെ ഉള്‍പ്പെടുത്താനും യോഗത്തില്‍ ധാരണയായി.

Ads By Google

വോട്ടവകാശം വേണമെന്ന് പ്രവാസി മലയാളികള്‍ നിരന്തരം ആവശ്യപ്പെട്ടുവരികയായിരുന്നു. അടുത്ത തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പിന് മുമ്പ് നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

കേരളത്തിലെ പ്രവാസികളില്‍ 70% ഗള്‍ഫ് രാജ്യങ്ങളിലും അഞ്ച് ശതമാനം ഗള്‍ഫ് ഇതര രാജ്യങ്ങളിലും 25% മറ്റു സംസ്ഥാനങ്ങളിലും ജീവിക്കുന്നവരാണ്. ഗള്‍ഫ് നാടുകളില്‍ 30 ലക്ഷത്തിലധികം കേരളീയര്‍ തൊഴിലെടുക്കുന്നുണ്ട്.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം ഏര്‍പ്പെടുത്തിയിരുന്നെങ്കിലും വളരെ കുറച്ചുപേര്‍ മാത്രമാണ് അത് ഉപയോഗപ്പെടുത്തിയത്.

തദ്ദേശഭരണ തിരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ പഞ്ചായത്തീരാജ് മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പ് നിയമത്തിലും ചട്ടത്തിലും ഭേദഗതി വരുത്തണമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്‍ സര്‍ക്കാരിനോട് നേരത്തെ ശുപാര്‍ശ ചെയ്തിരുന്നു.

ലോക്‌സഭ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പ്രവാസികള്‍ക്ക് വോട്ടവകാശം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ച പശ്ചാത്തലത്തിലായിരുന്നു ഇത്.

ഓട്ടോ മിനിമം ചാര്‍ജ്ജ് 15 രൂപയാക്കണമെന്ന തീരുമാനത്തിനും മന്ത്രിസഭ അംഗീകാരം നല്‍കി. മുന്‍ ചീഫ് സെക്രട്ടറി കെ.ജയകുമാറിനെ ശബരിമല ചീഫ് കമ്മീഷണറായി നിയമിക്കാനും തീരുമാനിച്ചു.

Advertisement