ramjath-malani

മുംബൈ: വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കള്ളപ്പണം രാജ്യത്ത് തിരികെ എത്തിക്കുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ക്ക് വോട്ട് ചെയ്യണമെന്ന് മുന്‍ കേന്ദ്ര മന്ത്രിയും പ്രശസ്ത അഭിഭാഷകനുമായ രാംജത് മലാനി.

സ്വിസ് ബാങ്കില്‍ നിന്നുള്ള  കള്ളപ്പണം തിരികെക്കൊണ്ടു വരാന്‍ രാഷ്ട്രീയപ്പാര്‍ട്ടികളോട് ആവശ്യപ്പെടണം. ഇത് അവരുടെ പ്രകടനപത്രികയില്‍ ഉള്‍ക്കൊള്ളിക്കണമെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്തെ പാവങ്ങളില്‍ നിന്ന് വമ്പന്‍മാരായ വ്യവസായികളും രാഷ്ട്രീയക്കാരും കൊള്ളയടിക്കുന്ന പണമാണിത്. സര്‍ക്കാര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

താനെയില്‍ വച്ച് നടക്കുന്ന 21ാമത് രാഷ്ട്രീയ കവിസമ്മേളന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

അതേസമയം വലിയ മാറ്റങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി ഭരണത്തില്‍ കേറിയ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ് രിവാള്‍ നിരാശപ്പെടുത്തിയെന്നും മലാനി പറഞ്ഞു.
ആപ്പിന് സംഭാവന ആദ്യം നല്‍കിയവരില്‍ ഒരാളാണ് താന്‍.

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ തീരുമാനിച്ചതോടെ പാര്‍ട്ടിയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും രാംജത് മലാനി കൂട്ടിച്ചേര്‍ത്തു.