ലഖ്‌നൗ: തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ അതിന്റെ ഫലം അനുഭവിക്കേണ്ടി വരുമെന്ന ഭീഷണിയുമായി ബി.ജെ.പിയുടെ പ്രാദേശിക നേതാവ് രണ്‍ജീത് കുമാര്‍ ശ്രീവാസ്തവ.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന തന്റെ ഭാര്യക്ക് വോട്ട് ചെയ്യാത്തവര്‍ ഇതുവരെ നേരിടാത്തത്രയും ബുദ്ധിമുട്ടുകള്‍ നേരിടേണ്ടി വരുമെന്നായിരുന്നു ശ്രീവാസ്തവയുടെ ഭീഷണി.

”മര്യാദക്ക് എന്റെ ഭാര്യക്ക് നിങ്ങളെല്ലാവരും വോട്ട് ചെയ്യണം, ഇല്ലെങ്കില്‍ ഊഹിക്കാന്‍ കഴിയുന്നതിനുമപ്പുറമുള്ള പ്രത്യാഘാതം നേരിടേണ്ടി വരും” – എന്നായിരുന്നു കാമ്പയിനിടെ ശ്രീവാസ്തവയുടെ വാക്കുകള്‍. രണ്ടു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ശ്രീവാസ്തവയുടെ വെല്ലുവിളി.

”സംസ്ഥാനം ഭരിക്കുന്നത് സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാരല്ല. ഇവിടെ നിങ്ങളെ സഹായിക്കാന്‍ നിങ്ങളുടെ ഒരു നേതാവും വരില്ല. റോഡും അഴുക്കുചാലുകളുമെല്ലാം നിര്‍മിക്കാന്‍ തദ്ദേശസ്വയംഭരണ കേന്ദ്രങ്ങള്‍ തന്നെ വേണം. വിവേചനമില്ലാതെ ഞങ്ങളുടെ സ്ഥാനാര്‍ഥികള്‍ക്ക് നിങ്ങള്‍ വോട്ട് ചെയ്യണം. എന്റെ ഭാര്യക്ക് വോട്ട് ചെയ്തില്ലെങ്കില്‍, പിന്നെ പ്രശ്‌നങ്ങളുണ്ടാകും.


Dont Miss ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായമാണ് എന്നെ ഏറ്റവും കൂടുതല്‍ അസ്വസ്ഥനാക്കുന്നത്: ബില്‍ഗേറ്റ്സ്


മുസ്‌ലിംകളോട് എനിക്ക് പറയാനുള്ളത്, ഞങ്ങള്‍ക്ക് വോട്ട് ചെയ്യണം. ഞാന്‍ അപേക്ഷിക്കുകയല്ല, നിങ്ങള്‍ വോട്ട് ചെയ്താല്‍ നിങ്ങള്‍ക്ക് സമാധാനമായി ജീവിക്കാം. മറിച്ചാണെങ്കില്‍ എന്താണുണ്ടാകുകയെന്ന് നിങ്ങള്‍ മനസിലാക്കും” – ശ്രീവാസ്തവ പറഞ്ഞു.

എന്നാല്‍ സംഗതി വിവാദമായതോടെ താന്‍ അത്തരത്തില്‍ പറഞ്ഞിട്ടില്ലെന്നും വോട്ടര്‍മാരെ കാര്യങ്ങള്‍ പറഞ്ഞ് ബോധ്യപ്പെടുത്താന്‍ മാത്രമാണ് ശ്രമിച്ചതെന്നുമായിരുന്നു ഇദ്ദേഹത്തിന്റെ വിശദീകരണം.

ഹിന്ദുക്കളും മുസ്‌ലീങ്ങളും തമ്മില്‍ വലിയ അന്തരമുണ്ടെന്നും ഇതിന് ഒരവസാനം ഉണ്ടാകേണ്ടതുണ്ടെന്നും പറയാനാണ് താന്‍ ശ്രമിച്ചതെന്നും ഇനി താന്‍ ഭീഷണിപ്പെടുത്തിയതായിട്ടാണ് അവര്‍ക്ക് തോന്നിയതെങ്കിലും ഇതിനേക്കാള്‍ ആയിരംഇരട്ടി ഭീഷണിയില്‍ പറയാന്‍ തനിക്ക് അറിയാമെന്നും പറഞ്ഞ് ന്യായീകരിക്കുകയായിരുന്നു ശ്രീവാസ്തവ.

ഈ മാസം ബരാബങ്കിയില്‍ നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ശ്രീവാസ്തവയുടെ ഭാര്യ ശഷി ശ്രീവാസ്തവ സ്ഥാനാര്‍ഥിയാണ്. ഈ മാസം ആദ്യം മുതലാണ് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ശ്രീവാസ്തവ ഇറങ്ങിയത്. അന്നു മുതല്‍ ഭീഷണിച്ചുവയിലായിരുന്നു ശ്രീവാസ്തവയുടെ പ്രസംഗങ്ങള്‍.