ന്യൂദല്‍ഹി: ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 222 സീറ്റുകളില്‍  മുലായം സിംഗ് നേതൃത്വം നല്‍കുന്ന സമാജ് വാദി പാര്‍ട്ടി കേവല ഭൂരിപക്ഷത്തോടടുക്കുന്നു. 403 അംഗ സഭയില്‍ ഇതുവരെയുള്ള ലീഡ് നില അനുസരിച്ച് എസ്.പി 222 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

202 സീറ്റുകളാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. 15 ഓളം സ്വതന്ത്രന്മാരില്‍ പകുതിപ്പേരും ഇതിനോടകം തന്നെ എസ്.പിക്ക് പിന്തുണ പ്രഖ്യാപിച്ചു കഴിഞ്ഞു. ഒരു കക്ഷിയുടെ പോലും പിന്തുണയില്ലാതെ ഒറ്റയ്ക്ക് അധികാരം പിടിക്കാനായതിലൂടെ വന്‍ തിരിച്ചവരാണ് എസ്.പി നടത്തിയിരിക്കുന്നത്. എന്നാല്‍ പ്രചാരണങ്ങളില്‍ മുന്നിട്ടുനിന്നെങ്കിലും കോണ്‍ഗ്രസ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുന്ന കാഴ്ചയാണ് യു.പി നല്‍കുന്നത്.

ഉത്തര്‍പ്രദേശില്‍ സമാജ്‌വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കെ മുലായം സിംഗ് യാദവ് തന്നെയാകും മുഖ്യമന്ത്രിയെന്ന് മകനും പാര്‍ട്ടി സംസ്ഥാന അധ്യക്ഷനുമായ അഖിലേഷ് യാദവ് പറഞ്ഞു. പാര്‍ട്ടിയുടെ വിജയം അറിഞ്ഞ ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു അഖിലേഷ് യാദവ്.

സര്‍ക്കാര്‍ രൂപീകരിക്കാന്‍ കോണ്‍ഗ്രസിന്റെ പിന്തുണ തേടുമോയെന്ന ചോദ്യത്തിന് ഇപ്പോള്‍ പറയാനായിട്ടില്ലെന്നും എത്ര സീറ്റുകള്‍ ലഭിക്കുമെന്നതിനെ അനുസരിച്ചിരിക്കും ഈ തീരുമാനമെന്നും അഖിലേഷ് പറഞ്ഞു. പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്തതിന് ജനങ്ങളോട് നന്ദി പറയുന്നതായും അഖിലേഷ് കൂട്ടിച്ചേര്‍ത്തു.

പഞ്ചാബ് രാഷ്ട്രീയത്തില്‍ അകാലിദള്‍-ബി.ജെ.പി സഖ്യം ചരിത്രം കുറിച്ച് വീണ്ടും ഭരണം ഉറപ്പാക്കി. 117 അംഗ സഭയില്‍ 59 സീറ്റ് ഭൂരിപക്ഷത്തിന് വേണമെന്നിരിക്കെ സഖ്യം 60 സീറ്റില്‍ ലീഡ് ചെയ്യുകയാണ്. പ്രതിപക്ഷമായ കോണ്‍ഗ്രസ് 54 സീറ്റില്‍ ലീഡ് ചെയ്യുന്നു. കഴിഞ്ഞതവണത്തെ അപേക്ഷിച്ച് നിലമെച്ചപ്പെടുത്താനായെങ്കിലും ഭരണം തിരിച്ചുപിടിക്കാന്‍ അമരീന്ദര്‍ സിങ്ങിനും കൂട്ടര്‍ക്കും കഴിഞ്ഞില്ല. 1972 ന് ശേഷം ഇതാദ്യമായാണ് പഞ്ചാബില്‍ തുടര്‍ഭരണത്തിന് കളമൊരുങ്ങുന്നത്. കോണ്‍ഗ്രസ് നേതൃത്വം ഉറപ്പായും ഭരിക്കാനുള്ള ഭൂരിപക്ഷം പ്രതീക്ഷിച്ച സംസ്ഥാനമായിരുന്നു പഞ്ചാബ്.

ഉത്തരാഖണ്ഡില്‍ ഏത് കക്ഷി അധികാരത്തിലെത്തുമെന്ന് ഇനിയും വ്യക്തമായിട്ടില്ല. 70 അംഗ സഭയില്‍ കോണ്‍ഗ്രസും ബി.ജെ.പിയും ഇഞ്ചോടിച്ച് പൊരുതുകയാണ്. ഭരിക്കാനുള്ള ഭൂരിപക്ഷം രണ്ട് കക്ഷിക്കും ലഭിച്ചേക്കില്ല. നാല് സീറ്റ് നേടിയ ബി.എസ്.പിയുടെയും സ്വതന്ത്രരുടെയും നിലപാട് ഇവിടെ നിര്‍ണായകമാകും. ഉത്തരാഖണ്ഡില്‍ ഭരണം നിലനിര്‍ത്താനായാല്‍ അത് ബി.ജെ.പിക്ക് ഹാട്രിക് നേട്ടമാകും.

മണിപ്പൂരില്‍ വീണ്ടും അധികാരത്തിലെത്താമെന്നത് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നു. ശക്തമായ മത്സരം നടക്കുന്ന ഗോവയിലും ഭരണകക്ഷിയായ കോണ്‍ഗ്രസിനെ പിന്തള്ളി ബി.ജെ.പി ബഹുദൂരം മുന്നിലാണ്.

Malayalam News

Kerala News In English