മോസ്‌കോ: റഷ്യയിലെ വോള്‍ഗാ നദിയിലുണ്ടായ ബോട്ടപകടത്തില്‍ മരിച്ചവരുടെ എണ്ണം 120 ആയി. ബള്‍ഗേറിയയില്‍നിന്നുമുള്ള യാത്രക്കാരുടെ പട്ടികയിലുണ്ടായിരുന്ന എല്ലാവരുടെയും മൃതദേഹം കണ്ടെടുത്തതായി ഉദ്യോഗസ്ഥന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രണ്ടുപേരുടെ മൃതദേഹംകൂടി കണ്ടെടുത്തതോടെയാണ് മരണസംഖ്യ 120 ആയത്.

ഈ മാസം പത്തിനാണ് വോള്‍ഗാ നദിയില്‍ വിനോദസഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന ആഡംബരനൗക മറിഞ്ഞ് അപകടമുണ്ടായത്.

201 പേരുമായി കസാനിലേരക്ക് പോവുകയായിരുന്ന ഇരുനിലയിലുള്ള ഈ നൗകയ്ക്ക് 56 വര്‍ഷത്തെ പഴക്കമുണ്ട്. ഇത്രയും പഴക്കമുള്ള ബോട്ട് ഉല്ലാസയാത്രയ്ക്ക് ഉപയോഗിച്ചതിന് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കെതിരെ അധികാരികള്‍ കേസെടുത്തിട്ടുണ്ട്.

അപകടത്തെത്തുടര്‍ന്ന് ഇത്തരം ബോട്ടുകളുടെ സര്‍വീസ് സര്‍ക്കാര്‍ റദ്ദാക്കി.

കൂടുതല്‍ മൃതദേഹങ്ങള്‍ക്കായി ഇപ്പോഴും തിരച്ചില്‍ തുടരുകയാണ്.