vsa


കെ.പി ശശിയുടെ ‘Voices From The Ruins Of Kandhamal’ എന്ന ഡോക്യുമെന്ററിയുടെ പ്രദര്‍ശനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് വി.എസ് അച്യുതാനന്ദന്‍ എം.എല്‍.എ നടത്തിയ പ്രസംഗത്തില്‍ നിന്ന്.


നമ്മുടെ സാമൂഹ്യജീവിതത്തിനു നേരെ പൊള്ളുന്ന ചില ചോദ്യങ്ങളുയര്‍ത്തുന്ന ഒരു ഡോക്യുമെന്ററിയാണ് ഇവിടെ പ്രദര്‍ശിപ്പിക്കപ്പെടുന്നത്. ഒറീസയിലെ കാന്ദമാല്‍ ജില്ലയിലെ ആദിവാസികളും ദളിതരും പരിവര്‍ത്തിത ക്രൈസ്തവരും നേരിടുന്ന ആക്രമണങ്ങളുടേയും പീഡനങ്ങളുടേയും നേര്‍ക്കാഴ്ചയാണ് ഈ ഡോക്യുമെന്ററി നമുക്കു മുന്നില്‍ അവതരിപ്പിക്കുന്നത്.

ഇവിടെ കഴിഞ്ഞ അര നൂറ്റാണ്ടിലേറെ കാലമായി തുടരുന്ന ആക്രമണ പരമ്പരകളില്‍ സ്വന്തം ജീവിതവും സ്വപ്‌നങ്ങളും പ്രതീക്ഷകളുമൊക്കെ തകര്‍ന്നടിഞ്ഞ ഒരു കൂട്ടം മനുഷ്യരുടെ നിലവിളികളാണ് ഈ ചിത്രത്തില്‍ ഉയര്‍ന്നു കേള്‍ക്കുന്നത്.


ജീവിച്ചിരിക്കുന്നവര്‍ മരിച്ചവരെ ഓര്‍ത്തു അസൂയപ്പെടുമെന്ന് രണ്ടാംലോകമഹായുദ്ധത്തിന്റെ കെടുതികളില്‍ നിന്ന് ജീവന്‍ തിരിച്ചു കിട്ടിയവരെകുറിച്ച് പറയാറുണ്ട്. കാന്ദമാലില്‍ അക്രമണങ്ങള്‍ക്കിരയായി കഴിയുന്നവരുടേതും ഏതാണ്ട് സമാനമായ അവസ്ഥയാണ്.

സംഘപരിവാര്‍ ശക്തികളുടെ ആക്രമണോത്സുകത അരങ്ങ് തകര്‍ക്കുന്നതിന്റെ ഭീകരമായ അനുഭവങ്ങളാണ് ഇവിടെ അടയാളപ്പെടുത്തുന്നത്. ജാതിമത വിദ്വേഷവും അതിന്റെ അടിസ്ഥാനത്തിലുള്ള അസഹിഷ്ണുതയും രൂക്ഷമായികൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ഡോക്യുമെന്ററിയുടെ സന്ദേശം എല്ലാ ജനാധിപത്യ പുരോഗമന വാദികളുടേയും കണ്ണു തുറപ്പിക്കേണ്ടതാണ്.

VOICES-FROM-THE-RUINS

കെ.പി ശശിയെപോലുള്ള ഒരാള്‍ക്കു മാത്രമേ ഇത്തരത്തിലുള്ള ഒരു ഡോക്യുമെന്ററി നിര്‍മ്മിക്കാനാവൂ. കാരണം പീഡിപ്പിക്കപ്പെടുന്നവന്റേയും അക്രമിക്കപ്പെടുന്നവന്റേയും പ്രശ്‌നങ്ങളോടും പ്രതിസന്ധികളോടും അങ്ങയേറ്റം അനുതാപം കാട്ടുന്ന കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ജീവവായു ശ്വസിച്ച് വളര്‍ന്നയാളാണ് കെ.പി ശശി.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകനേതാക്കളില്‍ ഒരാളും കമ്യൂണിസ്റ്റ് സൈദ്ധാന്തികനുമായിരുന്ന സഖാവ് കെ ദാമോദരന്റെ മകന് ഒരിക്കലും മറ്റൊരു രൂപത്തിലാവാന്‍ കഴിയില്ല എന്നതാണ് വസ്തുത. അതുകൊണ്ടുതന്നെ നമ്മുടെ ജീവിതത്തിലെ സാമൂഹ്യ സാമ്പത്തിക വൈരുദ്ധ്യങ്ങളും അതുല്‍പ്പാദിപ്പിക്കുന്ന സംഘര്‍ഷങ്ങളുമൊക്കെയാണ് കെ.പി ശശിയുടെ ഡോക്യുമെന്ററികള്‍ക്ക് വിഷയമാകുന്നത്.

മുഖ്യധാരാ ഡോക്യുമെന്ററി നിര്‍മ്മാതാക്കളൊക്കെ കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ സ്തുതി പാഠകരും സര്‍ക്കാര്‍ സ്‌പോണ്‍സേഡ് അവതാരകരുമായി മാറുമ്പോഴാണ് ജീവിതത്തിലെ പച്ചയായ യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കെ.പി ശശിയുടെ ക്യാമറകണ്ണുകള്‍ തുറന്നിരിക്കുന്നത്. ഇത്തരമൊരു ചിത്രമെടുക്കാന്‍ തയ്യാറായ അദ്ദേഹത്തെ ഞാന്‍ അഭിനന്ദിക്കുകയാണ്.

VS-VOICES-FROM-THE-RUINS

നമ്മുടെ തെരുവുകളില്‍ പാവപ്പെട്ട മനുഷ്യരുടേയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുടേയും ഒടുങ്ങാത്ത നിലവിളികള്‍ ഉയര്‍ന്നു കൊണ്ടിരിക്കുമ്പോള്‍ കെ.പി ശശിയില്‍ നിന്ന് ഇനിയും സാര്‍ത്ഥകമായ പല ചിത്രങ്ങളും നമുക്കു ലഭിക്കുമെന്ന് എനിക്കുറപ്പുണ്ട്. അതിന് അദ്ദേഹത്തിനു കഴിയട്ടെ എന്നാശിക്കുന്നു.

ഒപ്പം ഒരു കാര്യം കൂടി സൂചിപ്പിക്കുകയാണ്. നമ്മുടെ തിയറ്ററുകളും ടെലിവിഷന്‍ ചാനലുകളും തട്ടുപൊളിപ്പന്‍ ചിത്രങ്ങളിലും പരിപാടികളിലും അഭിരമിക്കുമ്പോള്‍ പലപ്പോഴും ഇത്തരം ഡോക്യുമെന്ററികള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരം ലഭിക്കുന്നില്ല. അതുകൊണ്ട് ഇത്തരത്തിലുള്ള അര്‍ത്ഥപൂര്‍ണ്ണമായ ഡോക്യുമെന്ററി ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനുള്ള സംവിധാനം ഉണ്ടാക്കേണ്ടിയിരിക്കുന്നു.

ഇക്കാര്യത്തില്‍ ചലചിത്ര അക്കാദമിക്കും സംസ്ഥാന ചലചിത്ര വികസന കോര്‍പ്പറേഷനുമൊക്കെ മുന്‍കൈ എടുക്കേണ്ടതാണ്. ഡോക്യുമെന്ററി ചിത്രങ്ങള്‍ക്കായുള്ള ഫെസ്റ്റിവലുകള്‍ വ്യാപകമാക്കുന്നതിനെ കുറിച്ചും ആലോചിക്കേണ്ടതാണ്. അതുപോലെ, മുഴുനീള ചലചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ചാനലുകളൊക്കെ വല്ലപ്പോഴുമെങ്കിലും ഇത്തരം ഡോക്യുമെന്ററികള്‍ കൂടി പ്രദര്‍ശിപ്പിക്കാന്‍ തയ്യാറാവണം. അതിലൂടെ നമുക്ക് ജീവിതത്തെതന്നെ പുതുക്കി പണിയാന്‍ സാധിച്ചെന്നുവരും.