ന്യൂദല്‍ഹി: രാജ്യത്തെ മുന്‍നിര മൊബൈല്‍ സേവനദാതാക്കളായ ഐഡിയ സെല്ലുലാറും, വോഡാഫോണ്‍ എസ്സാറും താരിഫ് നിരക്ക് വര്‍ധിപ്പിക്കുന്നു. പ്രീ പെയ്ഡ് താരിഫ് നിരക്കില്‍ 20% വര്‍ധനവാണ് പ്രഖ്യാപിച്ചിട്ടുള്ളത്. തീരുമാനം കുറച്ചുദിവസം മുന്‍പ് തന്നെ നിലവില്‍ വന്നതായാണ് കമ്പനിയില്‍ നിന്നു ലഭിക്കുന്ന വിവരം.

താരിഫ് വര്‍ധനവിനെക്കുറിച്ച് പ്രതികരിക്കാന്‍ കമ്പനി ഉടമകള്‍ തയ്യാറായില്ല. വര്‍ധനവിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തനിക്കൊന്നും പറയാനില്ലെന്നാണ് വോഡഫോണ്‍ വക്താവ് പറഞ്ഞത്. കമ്പനിയുടെ ത്രൈമസാ കണക്കുകള്‍ ഇതുവരെ ലഭിക്കാത്തതിനാല്‍ നിരക്ക് വര്‍ധനവിനെക്കുറിച്ച് ഒന്നും പറയാനാവില്ലെന്നാണ് ഐഡിയ വക്താവ് പറയുന്നത്.

ചില പ്രത്യേക മേഖലയിലാണ് താരിഫ് വര്‍ധനവ് കൊണ്ടുവന്നിരിക്കുന്നത്. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

രാജ്യത്തെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ ഭാരതി എയര്‍ടെല്‍ കഴിഞ്ഞയാഴ്ച താരിഫ് നിരക്ക് വര്‍ധിപ്പിച്ചിരുന്നു. ഓഹരി വിപണിയിലുണ്ടായ ക്ഷീണവും, ഉയര്‍ന്ന ത്രിജി, ബി.ഡബ്ല്യൂ.എ ലേലതുകയുമാണ് കാരണമായി ചൂണ്ടിക്കാട്ടിയത്.

മൊബൈല്‍ സേവനദാതാക്കള്‍ തമ്മിലുള്ള മത്സരങ്ങളെ തുടര്‍ന്ന് താരിഫ് നിരക്കില്‍ വന്‍കുറവുണ്ടായിരുന്നു. എന്നാല്‍ പണപ്പെരുപ്പം വര്‍ധിച്ചതും, സാമ്പത്തിക മേഖലയിലെ അസ്ഥിരതയും നിരക്ക് വര്‍ധിപ്പിക്കാന്‍ കമ്പനികളെ നിര്‍ബന്ധിതരാക്കുകയായിരുന്നു.