തിരുവനന്തപുരം: നേതൃത്വത്തെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍ വീണ്ടും.
കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയും മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ഗ്രൂപ്പിന്റെ നേതാക്കളാണെന്നാണ് സുധീരന്‍ പറയുന്നത്. ഇവര്‍ നടത്തുന്ന ചര്‍ച്ച നീതിപൂര്‍വ്വമാകുമോയെന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി പുന:സംഘടനയുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളാണ് വി.എം സുധീരനെ പ്രകോപിപ്പിച്ചത്.

Ads By Google

പുന:സംഘടനയുടെ ഭാഗമായുണ്ടാക്കിയ താല്‍ക്കാലിക ലിസ്റ്റ് ഗ്രൂപ്പ് മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ളതാണെന്നാണ് സുധീരന്‍ പറയുന്നത്. കഴിവുള്ള ആള്‍ക്കാര്‍ ഇപ്പോഴും പുറത്തുതന്നെയാണ്. അവര്‍ മുന്നോട്ട് കൊണ്ടുവന്നിട്ടില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തി.

22നാണ് കെ.പി.സി.സിയുടെ അന്തിമ ലിസ്റ്റ് പുറത്തുവരിക. ഇപ്പോള്‍ തയ്യാറാക്കിയ ലിസ്റ്റില്‍ ഇനി വലിയ മാറ്റമൊന്നും വരുത്താന്‍ സാധ്യതയില്ല. ഇതാണ് സുധീരനെ ചൊടിപ്പിച്ചത്.

കെ.പി.സി.സി ഭാരവാഹികളെ പൂര്‍ണമായി മാറ്റണമെന്ന ആവശ്യമാണ് സുധീരന്‍ മുന്നോട്ട് വെച്ചത്. ഗ്രൂപ്പ് മാനദണ്ഡങ്ങളല്ല മറിച്ച് കഴിവ് അടിസ്ഥാനമാക്കിയായിരിക്കണം പുന:സംഘടനയെന്നും അദ്ദേഹം നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ദല്‍ഹിയില്‍ കഴിഞ്ഞയാഴ്ച നടന്ന ചര്‍ച്ചകളില്‍ പുന:സംഘടനക്ക് അന്തിമരൂപം നല്‍കാന്‍ ധാരണ ഉണ്ടായിരുന്നു. എന്നാല്‍, പുന:സംഘടന സംബന്ധിച്ച് മതിയായ ചര്‍ച്ചനടത്തിയില്ലെന്ന ആരോപണവുമായി വി.എം. സുധീരന്‍ പരസ്യമായി രംഗത്തുവന്നിരുന്നു. ചര്‍ച്ച നടത്താമെന്ന് കെ.പി.സി.സി ഏകോപന സമിതിയില്‍ ചെന്നിത്തല ഉറപ്പ് നല്‍കിയെങ്കിലും അത് പാലിച്ചില്ലെന്നും സുധീരന്‍ കുറ്റപ്പെടുത്തിയിരുന്നു. ഒതുക്കപ്പെടുന്നതിനെതിരെ മുരളീധരനും വയലാര്‍ രവിയും നേതൃത്വം നല്‍കുന്ന വിഭാഗങ്ങള്‍ രംഗത്തുവന്നു. ഏറ്റവുമൊടുവില്‍ പത്മജ തന്നെ പ്രാതിനിധ്യം വേണമെന്ന ആവശ്യവുമായി രംഗത്തുവന്നിരുന്നു.

സ്ഥാനമാനങ്ങള്‍ക്കായി വിവിധ കോണുകളില്‍നിന്ന് കനത്ത സമ്മര്‍ദം ശക്തിപ്പെടവെയാണ് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും കഴിഞ്ഞദിവസം കൂടിയാലോചന ആരംഭിച്ചത്. എന്നാല്‍ കഴിഞ്ഞദിവസവും അന്തിമ തീരുമാനത്തിലെത്താന്‍ നേതൃത്വത്തിനായില്ല.