Categories

വി.എസിനെതിരെ മത്സരിക്കാനില്ലെന്ന് സുധീരന്‍

vm sudheeranകെ.എം ഷഹീദ്

മലമ്പുഴയില്‍ വി.എസ് അച്യുതാനന്ദന് എതിര്‍ സ്ഥാനാര്‍ഥിയായി വി.എം സുധീരനെ കൊണ്ട് വരാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നീക്കം പരാജയപ്പെട്ടു. വി.എസിന്റെ എതിര്‍ സ്ഥാനാര്‍ഥിയാകാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശം വി.എം സുധീരന്‍ നിരസിക്കുകയായിരുന്നു. വി.എസിനെതിരെ മത്സരിക്കാന്‍ താനില്ലെന്നാണ് സുധീരന്‍ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചത്.
കേരളത്തിലെ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല ഗ്രൂപ്പുകളുടെ അതിപ്രസരത്തില്‍ ശക്തമായ എതിര്‍പ്പുള്ള കോണ്‍ഗ്രസിലെ ഒരു വിഭാഗമാണ് ഈ നീക്കം നടത്തിയത്. ഗ്രൂപ്പുകള്‍ക്കതീതനായും സാമൂഹ്യ വിഷയങ്ങളിലും സ്വതന്ത്ര നിലപാടെടുക്കുന്ന വ്യക്തിയെന്ന നിലയില്‍ ശ്രദ്ധേയനായ സുധീരനെ ഉമ്മന്‍ചാണ്ടിയെയും ചെന്നിത്തലയെയും തഴഞ്ഞ് കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന നിലയില്‍ അവതരിപ്പിക്കാനായിരുന്നു നീക്കം.

എന്നാല്‍ വി.എസിനെപ്പോലെ ശക്തമായ ഇമേജുള്ള ഒരു സ്ഥാനാര്‍ഥിക്കെതിരെ മത്സരിക്കാന്‍ താനില്ലെന്ന നിലപാടായിരുന്നു സുധീരന്‍ കൈക്കൊണ്ടത്. ഇക്കാര്യം അദ്ദേഹം കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. നിയമസഭാ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കുന്നില്ലെന്ന് സുധീരന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കേരളത്തില്‍ കോണ്‍ഗ്രസിനെ അപ്രസക്തമാക്കുന്ന തരത്തിലുള്ള ഗ്രൂപ്പ് നീക്കങ്ങളെ തകര്‍ക്കാന്‍ എ.കെ ആന്റണിയുടെ നേതൃത്വത്തിലാണ് സുധീരനെ കൊണ്ട് വരാന്‍ ശ്രമം നടത്തിയത്.

ദേശീയപാതവികസന കാര്യത്തിലും മറ്റ് വിഷയങ്ങളിലും സുധീരന്റെ നിലപാട് ശ്രദ്ധേയമായിരുന്നു. അടുത്തിടെയായി ബി.ഒ.ടി സമ്പ്രദായത്തെ സുധീരന്‍ എതിര്‍ത്തത് ഏറെ ചര്‍ച്ചയായിരുന്നു. അഴിമതി, വികസനം തുടങ്ങിയ വിഷയങ്ങളില്‍ വി.എസ് നടത്തുന്ന ഇടപെടലുകളെ പിന്തുണക്കുന്ന നിലപാടായിരുന്നു സുധീരന്‍ കഴിഞ്ഞ കാലങ്ങളില്‍ കൈക്കൊണ്ടത്.

അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് രമേശ് ചെന്നിത്തലയെ കൊണ്ട് വരാന്‍ എന്‍.എസ്.എസ് നേതൃത്വത്തില്‍ ശക്തമായ ശ്രമം നടന്നുവരികയാണ്. ഇപ്പോള്‍ സ്ഥാനാര്‍ഥി നിര്‍ണ്ണയത്തിലുള്ള കലഹങ്ങള്‍ മുഖ്യമന്ത്രിക്കസേര ഉറപ്പിക്കുന്നതിന് മുന്നോടിയായുള്ളതാണ്. പരമാവധി എം.എല്‍.എമാരെ തങ്ങളുടെ പക്ഷത്ത് നിന്ന് കൊണ്ട് വന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് വില പേശല്‍ നടത്താനാണ് ഉമ്മന്‍ചാണ്ടി, ചെന്നിത്തല ഗ്രൂപ്പുകളുടെ നീക്കം.

തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിന് ഭൂരിപക്ഷം ലഭിക്കുകയാണെങ്കില്‍ ആരുടെ ഗ്രൂപ്പിലാണോ കൂടുതല്‍ എം.എല്‍.എമാരുള്ളത് അവര്‍ക്ക് മുഖ്യമന്ത്രി സ്ഥാനം വേണമെന്ന് ഗ്രൂപ്പ് നേതൃത്വം ശക്തമായി ആവശ്യപ്പെടും. കഴിഞ്ഞ രണ്ട് തവണ വന്ന ആന്റണിയും ഉമ്മന്‍ചാണ്ടിയും ക്രിസ്ത്യന്‍ മുഖ്യമന്ത്രിമാരാണെന്നും ഇത്തവണ മുഖ്യമന്ത്രി സ്ഥാനം നായര്‍ സമുദായത്തിന് വേണമെന്നുമാണ് എന്‍.എസ്.എസിന്റെ ആവശ്യം. ഈ ആവശ്യം നേടാന്‍ ചെന്നിത്തലയെ മുന്‍നിര്‍ത്തി അണിയറയില്‍ എന്‍.എസ്.എസ് ശക്തമായ ചരടുവലികളാണ് നടത്തുന്നത്.

സ്ഥാനാര്‍ഥി പട്ടികയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ് അഡ്വ. ടി സിദ്ദീഖ് ഒഴിവാക്കപ്പെട്ടതും ഈ നീക്കത്തിന്റെ ഭാഗമായാണ്. മലബാറില്‍ യൂത്ത് കോണ്‍ഗ്രസില്‍ ശക്തമായ സ്വാധീനമുള്ളതും ഉമ്മന്‍ചാണ്ടിയുമായി അടുത്ത ബന്ധവുമുള്ള നേതാവായ ടി സിദ്ദീഖ് എം.എല്‍.എയായി വരുന്നത് ചെന്നിത്തലക്ക് ഭാവിയില്‍ കടുത്ത വെല്ലുവിളിയാകും. ഇത് മുന്‍കൂട്ടിക്കണ്ടാണ് സിദ്ദീഖിനെ വെട്ടാന്‍ ചെന്നിത്തല കരുക്കള്‍ നീക്കുന്നത്.
യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു നേതൃത്വത്തില്‍ ഉമ്മന്‍ചാണ്ടിക്ക് സ്വാധീനമുള്ളവരെ കൊണ്ട് വരുന്നതില്‍ സിദ്ദീഖ് നിര്‍ണ്ണായക പങ്കാണ് വഹിച്ചത്. മലബാറലെ പൊതുചടങ്ങുകളില്‍ യൂത്ത് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് ഇപ്പോള്‍ സ്ഥിരമായി പങ്കെടുക്കുന്നതും സിദ്ദീഖാണ്. മലബാറില്‍ ആര്യാടന്‍ മുഹമ്മദിനുള്ള ജനപിന്തുണ പോലും അപ്രസക്തമാക്കുന്ന രീതിയില്‍ സിദ്ദീഖ് വളരുന്നത് ചെന്നിത്തലയെ ഭയപ്പെടുത്തുന്നുണ്ട്. സിദ്ദീഖിന് എം.എല്‍.എ സ്ഥാനം കൂടി ലഭിക്കുന്നതോടെ കാര്യങ്ങള്‍ കൈവിട്ട് പോകുമെന്നും ചെന്നിത്തല ആശങ്കപ്പെടുന്നു.

Comments are closed.