തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി വിധി തമിഴ്‌നാടിന് അനുകൂലമായിരിക്കുമെന്ന് പറഞ്ഞ കേന്ദ്ര ആഭ്യന്തരമന്ത്രി പി. ചിദംബരത്തിന് ആ സ്ഥാനത്ത് തുടരാനുള്ള അര്‍ഹതയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ചിദംബരത്തിന്റെ പ്രസ്താവന മന്ത്രിസഭയ്ക്ക് ഒരിക്കലും ന്യായീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്ന പ്രശ്‌നത്തെ എത്ര ലാഘവത്തോടെയാണ് കേന്ദ്രആഭ്യന്തരമന്ത്രി സമീപിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ഭാഗത്ത് നിന്നും തികച്ചും നിരുത്തരവാദപരമായ സമീപനമാണുണ്ടായിട്ടുള്ളത്.

കേരളത്തിലെ ജനങ്ങളുടെ പ്രതിഷേധം കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് ചിദംബരം ചെയ്തിട്ടുള്ളത്. ഉറങ്ങുന്നവരെ ഉണര്‍ത്താന്‍ കഴിയും. ഉറക്കം നടിക്കുന്നവരെ ഉണര്‍ത്താനാവില്ല. ഇക്കാര്യത്തില്‍ വളരെ പക്വതയോടെ നിലപാടെടുക്കുകയാണ് പ്രധാനമന്ത്രി ചെയ്തിട്ടുള്ളത്. അതേ രീതിയായിരുന്നു ചിദംബരവും പിന്‍തുടരേണ്ടിയിരുന്നത്.

ഇതിനു പുറമേ മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സുപ്രീംകോടതി എങ്ങനെ പ്രതികരിക്കും എന്ന് ചിദംബരം പറഞ്ഞിരിക്കുകയാണ്. ഒരു പ്രഗത്ഭ അഭിഭാഷകന്‍ കൂടിയായ അദ്ദേഹം ഇങ്ങനെയൊരു പ്രസ്താവന നടത്താന്‍ പാടില്ല. ചിദംബരത്തിന് ആഭ്യന്തരമന്ത്രിസ്ഥാനത്തിരിക്കാന്‍ അര്‍ഹതയില്ല. ഇന്ത്യയില്‍ എവിടെ ഒരു പ്രശ്‌നമുണ്ടായാലും അത് രമ്യമായി പരിഹരിക്കാന്‍ നേതൃസ്ഥാനത്തിരിക്കേണ്ടയാളാണ് ചിദംബരം. ചിദംബരം തന്റെ പ്രസ്താവന തിരുത്തുകയോ, പ്രധാനമന്ത്രി അദ്ദേഹത്തെ നിയന്ത്രിക്കുകയോ ചെയ്യണമെന്നും സുധീരന്‍ പറഞ്ഞു.

Malayalam News

Kerala News In English