കൊച്ചി: കോണ്‍ഗ്രസിനെക്കുറിച്ച് എ.പി അബ്ദുള്ളക്കുട്ടി ഇനിയും പഠിക്കേണ്ടിയിരിക്കുന്നുവെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. അബ്ദുള്ളക്കുട്ടി അഭിപ്രായപ്രകടനം നടത്തേണ്ടിയിരുന്നത് വികസന കോണ്‍ഗ്രസിന്റെ വേദിയിലായിരുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.

ദേശീയപാത സംബന്ധിച്ച പരാമര്‍ശത്തില്‍ അബ്ദുള്ളക്കുട്ടിയെ തിരുത്തണം. മറ്റു പാര്‍ട്ടിയില്‍ നിന്നും കോണ്‍ഗ്രസില്‍ എത്തുന്നവര്‍ക്ക് ദീര്‍ഘകാലാവധി കഴിഞ്ഞശേഷമേ പാര്‍ലമെന്ററി സ്ഥാനം നല്‍കാവൂ എന്ന തന്റെ വാദം ശരിയാണ്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വരുന്നവര്‍ക്ക് സ്ഥാനം കൊടുക്കത് സംബന്ധിച്ച് കൂടുതല്‍ പഠനം നടത്തേണ്ടിയിരിക്കുന്നുവെന്നും സുധീരന്‍ വ്യക്തമാക്കി.

ദേശീയപാതാ വികസനത്തെക്കുറിച്ചുള്ള കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്റ പ്രസ്താവന അദ്ദേഹത്തിന്റെ മുരടന്‍ മാനസികാവസ്ഥ മൂലമാണെന്നായിരുന്നു അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടത്. അച്യുതാനന്ദനെപ്പോലുള്ള തീവ്ര ഇടതുപക്ഷക്കാര്‍ പോലും ഉപേക്ഷിച്ച മുരടന്‍ വികസന നിലപാടാണ് സുധീരന്‍ സ്വീകരിക്കുന്നതെന്നും അബ്ദുള്ളക്കുട്ടി കുറ്റപ്പെടുത്തിയിരുന്നു.