എഡിറ്റര്‍
എഡിറ്റര്‍
എമേര്‍ജിങ് കേരള വിവാദമാക്കുന്നത് നേതാക്കള്‍: വിമര്‍ശനവുമായി വി.എം സുധീരന്‍
എഡിറ്റര്‍
Sunday 2nd September 2012 2:12pm

 

V-M-Sudheeran, വി.എം. സുധീരന്‍ആലപ്പുഴ: എമേര്‍ജിങ് കേരള പരിപാടി വിവാദമാക്കുന്നത് നേതാക്കള്‍ തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന്‍. ജനങ്ങള്‍ എതിര്‍ത്ത് പരാജയപ്പെടുത്തിയ കരിമണല്‍ ഖനനം പോലുള്ള പരിപാടികള്‍ വേറെ പേരുകളില്‍ എമേര്‍ജിങ് കേരളത്തില്‍ തിരുകി കയറ്റിയത് വികസന വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേരള പരിസ്ഥിതി ഐക്യവേദി സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സാന്റ് മൈനിങ് എന്ന പേര് മാറ്റി സാന്റ് പ്രോസസിങ് എന്നാക്കി എമര്‍ജിങ് കേരളയില്‍ തിരുകിക്കയറ്റിയിരിക്കുകയാണ്. ജനങ്ങള്‍ എതിര്‍ത്ത പല പദ്ധതികളും പുതിയ പേരില്‍ എമര്‍ജിങ് കേരളയില്‍ ഉള്‍പ്പെടുത്തിയിരിക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. സുസ്ഥിരമല്ലാത്ത താല്‍ക്കാലിക വികസന പദ്ധതികള്‍ ചര്‍ച്ചയില്ലാതെ കൊണ്ട് വന്ന് വിവാദമാക്കുന്നത് സര്‍ക്കാര്‍ തന്നെയാണ്. അതുകൊണ്ട് തന്നെ യഥാര്‍ത്ഥ വികസന വിരുദ്ധര്‍ മാറിമാറിവരുന്ന സര്‍ക്കാരുകളാണ്.

Ads By Google

ഇങ്കല്‍ പോലുള്ള 26% സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് സര്‍ക്കാരിന്റെ ഭൂമി കൈമാറിയാല്‍ അത് ഭൂമി വില്‍പ്പനയില്‍ കലാശിക്കുന്നു. ടൂറിസം റിസോര്‍ട്ട് കേരള എന്ന മറ്റൊരു സ്ഥാപനമാണ് ടൂറിസം രംഗത്തെ ഭൂമി കൈമാറ്റങ്ങള്‍ നടത്തുന്നത്. ഈ കമ്പനിയില്‍ സര്‍ക്കാരിന് എത്ര ഓഹരിയുണ്ടെന്ന് പോലും പൊതുജനങ്ങള്‍ക്ക് അറിയില്ല. ഇതെല്ലാം തന്നെ സുതാര്യമായും പൊതുജനങ്ങള്‍ക്ക് വിശ്വാസമുണ്ടാകുന്ന തരത്തിലും നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തില്‍ വരുന്ന ഏത് വികസന പദ്ധതികളായാലും ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഒരു സര്‍ക്കാര്‍ സംഘവും പരിസ്ഥിതി മേഖലയിലെ വിദഗ്ധര്‍ അടങ്ങുന്ന ഒരു പാനലിന്റെയും സംയുക്തമായ പരിശോധനയ്ക്ക് വിധേയമാക്കുകയും ഈ സമിതി അംഗീകരിക്കുന്ന പദ്ധതികള്‍ മാത്രമേ സര്‍ക്കാര്‍ നിക്ഷേപകര്‍ക്ക് മുമ്പില്‍ വയ്ക്കാവുമെന്നും സുധീരന്‍ ആവശ്യപ്പെട്ടു.

എമര്‍ജിങ് കേരളയോടുള്ള എതിര്‍പ്പുകളെല്ലാം കേള്‍ക്കുമ്പോള്‍ ഈ ആശങ്കകളെല്ലാം അകറ്റാമെന്ന് വാക്കാല്‍ പറയുകയും പിന്നീട് ഇതെല്ലാം അവഗണിച്ച് കൊണ്ട് മുന്നോട്ട് പോകുന്ന സ്ഥിതിയുണ്ട്. അതൊരു സര്‍ക്കാരിനും ഭൂഷണല്ല. ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ തുടങ്ങിയ പരിസ്ഥിതി രംഗത്ത് സര്‍ക്കാരിനെ ഉപദേശിക്കുന്ന സ്ഥാപനങ്ങളുടെ തലവന്‍മാര്‍ ആരംഗത്തെ വിദഗ്ധരാണോയെന്ന കാര്യത്തില്‍ സംശയമുണ്ട്. അവരെ മാറ്റി വിശ്വാസ്യതയും വൈദഗ്ധ്യവുമുള്ള ആളുകളെ അത്തരം സ്ഥാപനങ്ങള്‍ ഏല്‍പ്പിക്കണമെന്നും  സുധീരന്‍ ആവശ്യപ്പെട്ടു.

പരിസ്ഥിതി ശാസ്ത്രജ്ഞന്‍ പ്രഫ. എം.കെ പ്രസാദ്, ബയോഡൈവേഴ്‌സിറ്റി ബോര്‍ഡ് മുന്‍ ചെയര്‍മാന്‍ ഡോ. വി.എസ് വിജയന്‍ എന്നിവര്‍ പരിസ്ഥിതി സമ്മേളനത്തില്‍ പങ്കെടുത്തു. വനം, നെല്‍വയല്‍, തണ്ണീര്‍ത്തടം, കായല്‍, കടലോര ആവാസവ്യവസ്ഥ, പുഴകള്‍, കണ്ടല്‍ക്കാടുകള്‍ തുടങ്ങിയ ഭൂമി അധിഷ്ഠിത നയരൂപീകരണങ്ങളെപ്പറ്റിയുടെ ചര്‍ച്ചയായിരുന്നു ആദ്യസെഷന്‍.

ടൂറിസത്തിനായി വനഭൂമി വിട്ട് നല്‍കരുതെന്നും പാട്ടക്കരാര്‍ ലംഘിച്ച തോട്ടങ്ങള്‍ ഏറ്റെടുക്കണമെന്നും സ്വകാര്യ കണ്ടല്‍ തണ്ണീര്‍ത്തട ഭൂമികള്‍ സര്‍ക്കാര്‍ ഏറ്റെടുത്ത് സംരക്ഷിക്കണമെന്നും പുഴകളുടെ ജൈവികമായ ഒഴുക്ക് നിലനിര്‍ത്തണമെന്നും പ്രാദേശിക സമൂഹങ്ങള്‍ക്ക് ഇത്തരം ഭൂമിവിഭവങ്ങള്‍ക്ക് മേലുള്ള അധികാരം ഉറപ്പാക്കണമെന്നും പ്രാദേശിക പരിസ്ഥിതി ആദിവാസി സ്ത്രീ സമൂഹങ്ങളുടെ സഹായത്തോടെ ഇവയുടെ പരിപാലനം ഉറപ്പുവരുത്തണമെന്നും അവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു.

കൃഷി, ടൂറിസം, ഊര്‍ജം, ഐ.ടി, വ്യവസായം, മാലിന്യ സംസ്‌കരണം തുടങ്ങിയ വിഷയങ്ങളില്‍ നയരൂപീകരണ ചര്‍ച്ച തുടരുകയാണ്. ചര്‍ച്ചകളില്‍ ഉയരുന്ന അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച സമഗ്രമായ പരിസ്ഥിതി നയരേഖ നാളെ മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും.

Advertisement