എഡിറ്റര്‍
എഡിറ്റര്‍
കേരള കൗമുദി വാര്‍ഷികാഘോഷം വിവാദ വ്യവസായി വിലയ്‌ക്കെടുത്തു; വേദിയില്‍ നിരപരാധിത്വ പ്രഖ്യാപനം
എഡിറ്റര്‍
Saturday 26th May 2012 12:04pm

പാലക്കാട്: പത്രധാര്‍മ്മികതയുടെ എല്ലാ സീമകളും ലംഘിച്ച് വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനെന്ന വി.എം രാധാകൃഷ്ണന് തന്റെ നിരപരാധിത്വം തെളിയിക്കാന്‍ കേരള കൗമുദി സംഘടിപ്പിച്ച പൊതുവേദിയില്‍ സൗകര്യം. ‘നിലാവ്’ എന്ന പേരില്‍ ഇന്നലെ പാലക്കാട് ടൗണ്‍ഹാളില്‍ നടന്ന സംഗീത നൃത്ത പരിപാടിയുടെ ഉദ്ഘാടന ചടങ്ങിലാണ് താന്‍ നിരപരാധിയാണെന്നും തന്നെ ശത്രുക്കള്‍ വേട്ടയാടുകയാണെന്നും രാധാകൃഷ്ണന്‍ പ്രഖ്യാപിച്ചത്.

Ads By Google

സംസ്ഥാന ടൂറിസം മന്ത്രി  എ.പി അനില്‍കുമാറാണ് പരിപാടി ഉദ്ഘാടനം ചെയ്തത്. സി.പി.ഐ.എം എം.പി എം.ബി രാജേഷും മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുത്തിരുന്നു. പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ രാധാകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള സൂര്യ ഗ്രൂപ്പായിരുന്നു. വേണുഗോപാലും മറ്റുള്ളവരുടെയും പ്രസംഗം കഴിഞ്ഞ ശേഷമാണ് അവസാനമായി രാധാകൃഷ്ണന്‍ പ്രസംഗിച്ചത്. എഴുതിത്തയ്യാറാക്കിയ പ്രസംഗത്തിലാണ് രാധാകൃഷ്ണന്‍ തന്റെ നിരപരാധിത്വം വ്യക്തമാക്കിയത്.

തന്നെ ശത്രുക്കള്‍ വേട്ടയാടുകയാണെന്നും തന്നെപ്പോലെ ആക്രമിക്കപ്പെട്ട ഒരു വ്യവസായിയും ഉണ്ടാവില്ലെന്നും രാധാകൃഷ്ണന്‍ പറഞ്ഞു. ‘താന്‍ നിരപരാധിയാണ്. എന്നാല്‍ ശത്രുക്കള്‍ എന്നെ വേട്ടയാടുകയാണ്. എല്ലാ ആക്രമണവും മറികടന്ന് ഞാന്‍ ഇന്നിവിടെ ജീവനോടെ നിലനില്‍ക്കുന്നത് എന്റെ സുഹൃത്തുക്കളുടെയും കുടുംബങ്ങളുടെയും സഹായം കൊണ്ടാണ്. അധികം താമസിയാതെ എന്റെ നിരപരധിത്വം തെളിയിക്കപ്പെടും. അപ്പോള്‍ എല്ലാവര്‍ക്കും അത് ബോധ്യപ്പെടയും. കേരള കൗമുദിയുമായി എനിക്ക് നല്ല ബന്ധമാണുള്ളത്. ഈ ബന്ധം വരും കാലങ്ങളിലും ശക്തമായി തുടരും’  രാധാകൃഷ്ണന്‍ പറഞ്ഞു.

പരിപാടിയുടെ മുഖ്യ സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുത്തതിന് പ്രതിഫലമായാണ് രാധാകൃഷ്ണന് മന്ത്രിയും നൂറ് കണക്കിന് ജനങ്ങളും തടിച്ചുകൂടി/ സദസ്സില്‍ വെച്ച് നിരപരാധിത്വം പ്രഖ്യാപിക്കാന്‍ അവസരം ലഭിച്ചത്. ഒരു പത്രത്തിന് ജനങ്ങളിലുള്ള വിശ്വാസ്യത ചൂഷണം ചെയ്യാന്‍ മാനേജ്‌മെന്റ് തന്നെ ഇതിന് അവസരം ഒരുക്കിക്കൊടുക്കുകയും ചെയ്തു.

സംസ്ഥാനത്ത് നിരവധി അഴിമതി കേസുകളിലും ക്രിമിനല്‍ കേസുകളിലും പ്രതിയാക്കപ്പെട്ട് അന്വേഷണം നേരിടുന്ന വ്യവസായിയാണ് രാധാകൃഷ്ണന്‍. മലബാര്‍ സിമന്റ്‌സില്‍ അസംസ്‌കൃത വസ്തുക്കള്‍ എത്തിക്കുന്ന കരാറുകാരനായി പ്രവര്‍ത്തിച്ച് കമ്പനിയില്‍ നിന്ന് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാ കേസ്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയിലുള്ള നാല് കേസുകളില്‍ രാധാകൃഷ്ണന്‍ പ്രതിയാണ്. കൂടാതെ മലബാര്‍ സിമന്റ്‌സിലെ മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രന്റെയും കുടുംബത്തിന്റെയും മരണവുമായി ബന്ധപ്പെട്ട് സി.ബി.ഐ അന്വേഷിക്കുന്ന കേസിലും രാധാകൃഷ്ണന്‍ പ്രതിയാണ്.
മലബാര്‍ സിമന്റ്‌സിലെ അഴിമതിക്ക് കൂട്ട് നില്‍ക്കാതിരുന്നതിന്റെ പേരില്‍ പീഡനത്തിനിരയായ ശശീന്ദ്രനെ പിന്നീട് കുട്ടികള്‍ക്കൊപ്പം മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു.

2006ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മലമ്പുഴയില്‍ ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന വി.എസ് അച്ച്യുതാനന്ദനെ തോല്‍പ്പിക്കാന്‍ രാധാകൃഷ്ണന്‍ പണം ഇറക്കിയെന്ന് ആരോപണമുണ്ടായിരുന്നു. ഇക്കാര്യം സി.പി.ഐ.എം പാലക്കാട് ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രന്‍ പരസ്യമായി പറയുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് വി.എസ് മലമ്പുഴയില്‍ ജയിക്കുകയും മുഖ്യമന്ത്രിയായി അധികാരമേറ്റെടുക്കുകയും ചെയ്തപ്പോള്‍ പാര്‍ട്ടി പത്രത്തില്‍ ഒന്നാം പേജില്‍ സര്‍ക്കാറിന് അഭിവാദ്യമര്‍പ്പിച്ച് രാധാകൃഷ്ണന്റെ പരസ്യം പ്രത്യക്ഷപ്പെടുകയും ചെയ്തു. ഇപ്പോഴും ഒരു പ്രമുഖ പാര്‍ട്ടി പത്രത്തിന് ന്യൂസ് പ്രിന്റ് റീലുകള്‍ വിതരണം ചെയ്യുന്നത് രാധാകൃഷ്ണന്റെ കമ്പനിയാണെന്ന് ആരോപണമുണ്ട്.

സംസ്ഥാനത്തിന്റെ സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ കേരള കൗമുദി നടത്തിയ വിപ്ലവകരമായ ഇടപെടല്‍ അനുസ്മരിക്കുന്ന ഡോക്യുമെന്ററി പ്രദര്‍ശനത്തോടെയാണ് നിലാവ് പരിപാടി തുടങ്ങിയത്. പിന്നീട് പ്രസംഗിച്ച മന്ത്രി എ.പി അനില്‍കുമാറും എം.പി എം.ബി രാജേഷും ഇക്കാര്യം എടുത്തുപറയുകയും ചെയ്തു. എന്നാല്‍ ഇതേ വേദിയില്‍ വെച്ച് തന്നെയാണ് കേരള രാഷ്ട്രീയത്തിലെ മാഫിയ ഇടനിലക്കാരനെന്ന് ആരോപണമുള്ളതും നിരവധി കേസുകളില്‍ പ്രതിയുമായ രാധാകൃഷ്ണന്‍ തന്റെ നിരപരാധിത്വ പ്രഖ്യാപനവും നടത്തിയത്. മികച്ച സംരംഭകനുള്ള പുരസ്‌കാരം നല്‍കി കേരള കൗമുദി രാധാകൃഷ്ണനെ ആദരിക്കുകയും ചെയ്തു.

കേരള കൗമുദി മലപ്പുറം യൂണിറ്റിന്റെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.  കേരള കൗമുദി മാനേജിങ് ഡയരക്ടര്‍ എം.എസ് രവി, ഡെപ്യൂട്ടി എഡിറ്റര്‍ പി.പി ജയിംസ് തുടങ്ങിയവും വേദിയിലുണ്ടായിരുന്നു. രാധാകൃഷ്ണനെതിരെയുള്ള അഴിമതിക്കേസിന് പശ്ചാത്തലമായ മലബാര്‍ സിമന്റ്‌സും പരിപാടിയുടെ സഹ സ്‌പോണ്‍സറായിരുന്നു. എ.എച്ച്യുതന്‍ എം.എല്‍.എ സ്ഥലത്തെത്തിയെങ്കിലും ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാതെ മടങ്ങുകയായിരുന്നു.

Advertisement