എഡിറ്റര്‍
എഡിറ്റര്‍
കൈക്കൂലി വാഗ്ദാനം ചെയ്തത് തേജീന്ദര്‍ സിംഗ്: വി.കെ സിംഗ്
എഡിറ്റര്‍
Saturday 31st March 2012 8:17pm

ന്യുദല്‍ഹി: കരസേനയിലേക്ക് നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ കൈക്കൂലി വാഗ്ദാനം ചെയ്തത് റിട്ട. ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗാണെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ സിംഗ്. നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ 14 കോടി രൂപ കൈക്കൂലി വാഗ്ദാനം ചെയ്തുവെന്ന ആരോപണത്തില്‍ ഉറച്ചു നില്‍ക്കുന്നതായും അദ്ദേഹം അറിയിച്ചു. സി.ബി.ഐക്ക് അയച്ച പരാതിയിലാണ് വി.കെ സിംഗ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്.

തനിക്ക് കോഴ വാഗ്ദാനം ചെയ്തിരുന്നതായി നേരത്തെ ജനറല്‍ വി.കെ സിംഗ് സി.ബി.ഐക്ക് അയച്ച കത്തില്‍ പറഞ്ഞിരുന്നുവെങ്കിലും തേജീന്ദറിന്റെ പേര് വ്യക്തമാക്കിയിരുന്നില്ല. സിംഗിന്റെ വെളിപ്പെടുത്തല്‍ വന്നതോടെ തേജീന്ദറെ ചോദ്യം ചെയ്‌തേക്കുമെന്നുമാണ് സി.ബി.ഐ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

കരസേനയിലേക്ക് നിലവാരം കുറഞ്ഞ ട്രക്കുകള്‍ വാങ്ങാന്‍ റിട്ടയേര്‍ഡ് സൈനികോദ്യോഗസ്ഥന്‍ 14 കോടി രൂപ വാഗ്ദാനം ചെയ്തതായി സിംഗ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ‘ടട്ര’ ട്രക്കുകള്‍ക്കും വെക്ട്ര ഗ്രൂപ്പിനും വേണ്ടി റിട്ട. ലഫ്. ജനറല്‍ തേജീന്ദര്‍ സിംഗ് കോഴ വാഗ്ദാനം ചെയ്തിരുന്നുവെന്ന് മാര്‍ച്ച് അഞ്ചിനാണ് സേനാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് പുറത്തിറക്കിയ പത്രക്കുറിപ്പിലും ഒരു പത്രത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലും വി.കെ. സിംഗ് ആരോപിച്ചത്. പ്രതിരോധമന്ത്രി എ.കെ.ആന്റണിയോട് സിംഗ് ഇക്കാര്യം അറിയിച്ചിരുന്നെങ്കിലും പരാതി രേഖാമൂലം നല്‍കാത്തതിനാല്‍ കേസെടുത്തിരുന്നില്ല. സിംഗിന്റെ വെളിപ്പെടുത്തല്‍ വിവാദമായതിനെ തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു.

അന്വേഷണം ആരംഭിച്ച സി.ബി.ഐ മുന്‍കാലങ്ങളിലെ വാഹന ഇടപാടുകള്‍ ഉള്‍പ്പെടെ പരിശോധിച്ചു വരികയാണ്. ട്രക്ക് വാങ്ങിയ ഇടപാടിനെക്കുറിച്ചും വി.കെ. സിംഗിന്റെ കോഴ ആരോപണത്തെക്കുറിച്ചുമാണ് സി.ബി.ഐ അന്വേഷിക്കുന്നത്. ദല്‍ഹിയിലും ബാംഗ്ലൂരിലും നാലിടത്ത് സി.ബി.ഐ. കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു.

Malayalam News

Kerala News In English

 

Advertisement