എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയിലേക്ക് സേനാ മാര്‍ച്ച്; വാര്‍ത്ത വരുന്നത് വി.കെ സിങ് നേരത്തെ അറിഞ്ഞിരുന്നതായി സൂചന
എഡിറ്റര്‍
Thursday 5th April 2012 9:09pm

ന്യൂദല്‍ഹി: ദല്‍ഹി കേന്ദ്രമാക്കി സൈനിക മാര്‍ച്ച് നടന്നുവെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വരുത്തുന്നതിന് ആസൂത്രണം നടക്കുന്നതായി കരസേനാ മേധാവി ജനറല്‍ വി.കെ സിങ് നേരത്തെ അറിഞ്ഞിരുന്നതായി സൂചന. ദി വീക്ക് മാഗസിന് രണ്ടാഴ്ച മുമ്പ് നല്‍കിയ അഭിമുഖത്തിലാണ് സിങ് ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ ഞങ്ങളുടെ ഒന്നോ രണ്ടോ സൈനിക ഡിവിഷനുകള്‍ പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചിലര്‍ പറയുന്നത് അത് പരിശീലനമല്ലെന്നും അവര്‍ മറ്റെന്തോ ചെയ്യാന്‍ പോകുന്നുമെന്നാണ്. അപ്പോള്‍ നിങ്ങള്‍ക്ക് അതെക്കുറിച്ച് കഥകള്‍ മെനയാം. ഗൂഢോദ്ദേശത്തോടെ ഇത്തരം കഥകള്‍ സൃഷ്ടിക്കാന്‍ ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട്’- അഭിമുഖത്തില്‍ സിങ് വ്യക്തമാക്കുന്നു.

ആര്‍ക്കെങ്കിലും എന്തെങ്കിലും സംശയമുണ്ടെങ്കില്‍ അവര്‍ നേരിട്ട് വന്ന് അത് നിവാരണം ചെയ്യണമെന്നും സിങ് വ്യക്തമാക്കുന്നുണ്ട്. ‘ ഇത്തരം കഥകള്‍ പത്രങ്ങളുടെ ഒന്നാം പേജില്‍ വരുത്താന്‍ ചിലര്‍ ശ്രമിക്കുന്നുണ്ട്. അതില്‍ യാഥാര്‍ത്ഥ്യമെന്താണെന്ന് ആരും പരിശോധിക്കുന്നില്ല. ഇതിനായി പലരും ശ്രമിക്കുന്നുണ്ട്. എന്നാല്‍ അവരുടെ യഥാര്‍ത്ഥ ഉദ്ദേശമെന്താണെന്ന് എനിക്കറിയില്ല’- സിങ് അഭിമുഖത്തില്‍ പറയുന്നു.

അതേസമയം ദല്‍ഹിയില്‍ സൈനിക നീക്കം നടന്നതായുള്ള വാര്‍ത്ത തികച്ചും അസംബന്ധമാണെന്ന് വി.കെ സിങ് ഇന്ന് വ്യക്തമാക്കി. സേനയെയും സര്‍ക്കാരിനെയും ചെളിവാരിയെറിയുകയാണ് ഇതിന്റെ പിന്നിലുള്ള ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി നേപ്പാളിലെത്തിയ സിങ് മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.

നേപ്പാള്‍ പ്രസിഡന്റ് ഡോ. റാം ബരന്‍ യാദവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. പ്രകൃതി ദുരന്ത നിവാരണവുമായി ബന്ധപ്പെട്ട് നടത്തുന്ന സെമിനാറില്‍ പങ്കെടുക്കുന്നതിന് രാഷ്ട്രപതിയുടെ പ്രത്യേക ക്ഷണപ്രകാരമാണ് സിങ് നേപ്പാളിലെത്തിയത്. ഇന്ത്യന്‍ അംബാസഡര്‍ ജയന്ത് പ്രസാദും കൂടിക്കാഴ്ചയില്‍ പങ്കെടുത്തു. പ്രധാനമന്ത്രി, ഉപപ്രധാനമന്ത്രി, പ്രതിരോധമന്ത്രി തുടങ്ങിയവരുമായും സിങ് കൂടിക്കാഴ്ച നടത്തും.

Malayalam News

Kerala News in English

Advertisement