ന്യൂദല്‍ഹി: രാജ്യത്തെ കായികസംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് നിയന്ത്രണം കൊണ്ടുവരാനുള്ള നിര്‍ദേശം കടുത്ത വാക്‌പോരാട്ടത്തിലേക്ക് നീങ്ങുന്നു. പ്രധാനമന്ത്രി അടക്കമുള്ളവര്‍ക്ക് 70 വയസിനു ശേഷവും അധികാരം കൈയ്യാളാമെങ്കില്‍ തങ്ങള്‍ക്ക് എന്തുകൊണ്ടാ ആയിക്കൂടാ എന്നാണ് വിവിധ സംഘടനകളുടെ ‘തലതൊട്ടപ്പന്‍മാര്‍’ ചോദിക്കുന്നത്.

മുതിര്‍ന്ന ബി ജെ പി നേതാവും ഇന്ത്യന്‍ അമ്പെയ്ത്ത് അസോസിയേഷന്‍ പ്രസിഡന്റുമായ വിജയ് കുമാര്‍ മല്‍ഹോത്രയാണ് വാദവുമായി രാഷ്ട്രീയകളത്തിലിറങ്ങിയിരിക്കുന്നത്. പ്രധാനമന്ത്രിമാരോ, മുഖ്യമന്ത്രിമാരോ ഏതുപ്രായംവരെ അധികാരത്തിലിരിക്കാം എന്നതിന് യാതൊരു നിയന്ത്രണവുമില്ല. ഈ സ്ഥിതിക്ക് സംഘടനകളുടെ തലപ്പത്തിരിക്കുന്നവര്‍ക്ക് മാത്രം നിയമം ബാധകമാക്കുന്നത് അനീതിയാണെന്നാണ് മല്‍ഹോത്ര അഭിപ്രായപ്പെടുന്നത്.

ദേശീയ കായിക നയം നടപ്പാക്കണമെന്ന് ദല്‍ഹി ഹൈക്കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് കേന്ദ്രം ചില മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച് 70 വയസിലധികമുള്ളവര്‍ ദേശീയ കായികസംഘടനകളുടെ തലപ്പത്തേക്ക് മല്‍സരിക്കാന്‍ പാടില്ല. സംഘടനകളുടെ സെക്രട്ടറി, ട്രഷറര്‍ എന്നിവരുടെ തിരഞ്ഞെടുപ്പിനെ സംബന്ധിച്ചും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതാണ് വിവാദങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്.