കൊച്ചി:പൈലറ്റിന് റണ്‍വേ പൂര്‍ണമായും ദൃശ്യമാകാത്തതാണ് അപകടത്തിന് കാരണമായതെന്ന് സിയാല്‍ എം.ഡി വി.ജെ കുര്യന്‍. പുലര്‍ച്ചെ വിമാനത്താവളത്തില്‍ കനത്ത മഴയും കാറ്റുമുണ്ടായിരുന്നു. ഇതേ തുടര്‍ന്ന് റണ്‍വേ ദൃശ്യമാകാത്തതാണ് വിമാനം തെന്നിമാറാന്‍ കാരണമെന്നും കുര്യന്‍ പറഞ്ഞു.

മഴയും കാറ്റുമാണ് അപകടത്തിന് കാരണമായതെന്ന് പൈലെറ്റ് തന്നോട് പറഞ്ഞതായി കുര്യന്‍ വ്യക്തമാക്കി. വിമാനത്തിന്റെ മുന്‍ഭാഗത്തെ ടയറായ നോസ് വീല്‍ ഒടിഞ്ഞതിനാലാണ് വിമാനം എടുത്തുമാറ്റാന്‍ കഴിയാത്തത്. 2,500 മീറ്റര്‍ റണ്‍വേ ക്ലിയര്‍ ചെയ്തിട്ടുണ്ട്. അതിനാല്‍ ചെറുവിമാനങ്ങള്‍ക്ക് ലാന്റ് ചെയ്യുന്നതില്‍ തടസമുണ്ടാവില്ലെന്നും അദ്ദേഹം പറഞ്ഞു.

റണ്‍വേ പൂര്‍ണമായും ക്ലിയര്‍ ചെയ്യാത്തതിനാല്‍ വലിയ വിമാനങ്ങള്‍ക്ക് ഉടന്‍ ഇറങ്ങാന്‍ കഴിയില്ല. മുംബൈയില്‍ നിന്നും ഫെറി ഫ്‌ളൈറ്റ് എത്തി അപകടത്തില്‍പെട്ട വിമാനം റണ്‍വേയില്‍ എത്തിച്ചശേഷം മാത്രമേ വിമാന ഗതാഗതം സ്വാഭാവിക സ്ഥിതിയിലേക്ക് കൊണ്ടുവരാന്‍ കഴിയൂ. മുംബൈയില്‍ നിന്നും 11 മണിക്ക് പുറപ്പെടുന്ന ഫ് ളൈറ്റ് 12 മണിയോടെ നെടുമ്പാശേരിയില്‍ എത്തി വിമാനം റണ്‍വേയിലെത്തിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും കുര്യന്‍ വ്യക്തമാക്കി.

ഫെറി ഫ്‌ളൈറ്റിന് വിമാനം ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കില്‍ ക്രെയിന്‍ ഉപയോഗിക്കാനാണ് പദ്ധതി. ഇതിനായി രണ്ട് ക്രെയിനുകള്‍ സ്റ്റേഷനിലെത്തിച്ചിട്ടുണ്ട്. 1000 കിലോഗ്രാം ഭാരം ഉയര്‍ത്താന്‍ കഴിയുന്ന മറ്റൊരു ക്രെയിന്‍ ഉച്ചയോടെ എയര്‍പോര്‍ട്ടില്‍ എത്തിച്ചേരും.

അപകടത്തെ തുടര്‍ന്ന് എമിറേറ്റ്‌സ്, സൗദി, കുവൈറ്റ് എയര്‍ലൈനുകള്‍ വഴിതിരിച്ചുവിട്ടു. 15 വിമാനങ്ങള്‍ വൈകിയാണ് നെടുമ്പാശേരിയിലെത്തുക. രാത്രി 12 മണിയോടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കഴിയുമെന്നും വി.ജെ കുര്യന്‍ അറിയിച്ചു.