എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്രത്തിന്റെ അന്തിമാനുമതി
എഡിറ്റര്‍
Friday 3rd January 2014 5:50pm

vizhinjam

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് പാരിസ്ഥിതികാനുമതി ലഭിച്ചു.

കേന്ദ്ര പാരിസ്ഥിതിക മന്ത്രാലയമാണ് വിഴിഞ്ഞം പദ്ധതിക്ക് അന്തിമാനുമതി നല്‍കിയത്.

പാരിസ്ഥിതികാനുമതി നല്‍കാനുള്ള ശുപാര്‍ശയില്‍ കേന്ദ്ര മന്ത്രി വീരപ്പമൊയ്‌ലി ഒപ്പു വച്ചു.

പദ്ധതിയുടെ അനുമതിക്കായി നേരത്തേ ഉന്നത സമിതി മുന്നോട്ടു വച്ച ശുപാര്‍ശയാണ് ഇപ്പോള്‍ കേന്ദ്രം അംഗീകരിച്ചിരിക്കുന്നത്.

ശുപാര്‍ശയില്‍ ഒപ്പു വച്ച കാര്യം വീരപ്പമൊയ്‌ലി കേരളത്തില്‍ നിന്നുള്ള കേന്ദ്ര മന്ത്രി ശശി തരൂരിനെ അറിയിച്ചു.

കഴിഞ്ഞ മാസമാണ് വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിദഗ്ധ സമിതി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

കേന്ദ്രത്തിന് നല്‍കിയ പഠന റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെ കുറിച്ച് ഉന്നതതല സമിതി വെളിപ്പെടുത്തിയിരുന്നില്ല.

തുറമുഖ പ്രദേശത്തെ 31 റിസോര്‍ട്ടുകളുടെ നിര്‍മ്മാണം നിയമം ലംഘിച്ചു കൊണ്ടാണെന്നും ഇതില്‍ എട്ടെണ്ണം പൊളിക്കണമെന്നും സംസ്ഥാനം സമര്‍പ്പിച്ച പരിസ്ഥിതി ആഘാത പഠനത്തില്‍ വ്യക്തമാക്കിയിരുന്നു. മൂന്ന് തവണയാണ് വിദഗ്ധ സമിതി പാരിസ്ഥിതിക ആഘാത റിപ്പോര്‍ട്ട് പരിഗണിച്ചത്.

അതേ സമയം പദ്ധതി നടപ്പിലാവുന്നതോടെ നിലവിലുള്ള ടൂറിസത്തേയും മത്സ്യ ബന്ധനത്തേയുമെല്ലാം ഇത് ബാധിക്കുമെന്ന പ്രദേശ വാസികളുടെ പരാതി നിലനില്‍ക്കവേയാണ് പദ്ധതിക്ക് കേന്ദ്രം പാരിസ്ഥിതികാനുമതി നല്‍കിയതെന്ന കാര്യവും ശ്രദ്ധേയമാണ്.

വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രദേശവാസികളെ കുടിയൊഴിപ്പിച്ച് കൊണ്ട് സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയതോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇവര്‍ പരാതി നല്‍കിയത്.

പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിക്കുന്നതോടെ നിരവധി നിക്ഷേപകര്‍ ഈ അന്താരാഷ്ട്ര ടെന്‍ഡറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.

ഇന്ത്യയില്‍തന്നെ ആദ്യമായി 18,000 ടി.ഇ.യു വെസ്സല്‍ അടുപ്പിയ്ക്കുന്നതിനുള്ള സൗകര്യത്തോടുകൂടി രൂപകല്‍പന ചെയ്തിട്ടുള്ള ഈ തുറമുഖത്തിന് അന്താരാഷ്ട്ര നിലവാരത്തിലുള്ള നിരവധി നിക്ഷേപകര്‍ താത്പര്യം കാണിക്കുമെന്നാണ് കണക്കുകൂട്ടല്‍.

അന്താരാഷ്ട്ര നിലവാരത്തില്‍ മത്സരിക്കേണ്ടിവരുന്ന തുറമുഖത്തിന് രാജ്യത്ത് നിലവിലുള്ള കാബോട്ടാഷ് നിയമത്തില്‍ ഇളവുവരുത്തുന്നതിനായി കേന്ദ്ര സര്‍ക്കാറിനെ സമീപിക്കും.

ഇതിനകം തന്നെ പദ്ധതിക്ക് ഏറ്റവും ആവശ്യമായ ഭൂമി ഏറ്റെടുക്കുകയും, ജലം എത്തിക്കുന്നതിനുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുകയും ചെയ്തിട്ടുണ്ട്.

Advertisement