തിരുവനന്തപുരം: ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ച ചെയ്യും. തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ തീരുമാനമോ പ്രഖ്യാപനങ്ങളോ ഉണ്ടാവില്ല. സ്മാര്‍ട്ട്‌സിറ്റി, വിഴിഞ്ഞം പദ്ധതികളെക്കുറിച്ച് യോഗം ചര്‍ച്ച ചെയ്യും.

സ്മാര്‍ട്ട് സിറ്റി വിഷയത്തില്‍ ടീകോമിന്റെ മറുപടി ലഭിച്ചശേഷമുള്ള നടപടികള്‍ മന്ത്രിസഭാ യോഗത്തില്‍ റിപ്പോര്‍ട്ട് ചെയ്യും. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരെ തുടര്‍ചര്‍ച്ചകള്‍ക്കു നിയോഗിക്കുന്നതിനു നേരത്തേ ധാരണയായിരുന്നു.

വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്റെ വിശദാംശങ്ങളും ഇന്നത്തെ യോഗം പരിഗണിക്കുന്നുണ്ട്. ഷിപ്പിങ് കോര്‍പ്പറേഷന്‍ ഒഫ് ഇന്ത്യയുടെ താല്‍പര്യം അറിഞ്ഞ സാഹചര്യത്തിലാണു തുടര്‍ ചര്‍ച്ചകള്‍ നടക്കുന്നത്. തുറമുഖ കമ്പനിക്ക് ഇതുവരെ സാമ്പത്തിക അധികാരങ്ങള്‍ നല്‍കിയിട്ടില്ല. എ.ഡി.ബി അടക്കമുള്ള ധനകാര്യ സ്ഥാപനങ്ങളില്‍നിന്നു വായ്പയെടുക്കുന്നതിനും ഓഹരി വഴി മൂലധനം ശേഖരിക്കുന്നതിനും മന്ത്രിസഭയുടെ അനുമതി ആവശ്യമാണ്. ഈ അനുമതി ലഭിച്ചാല്‍ മാത്രമേ തുറമുഖ നിര്‍മാണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ തോതില്‍ നടപ്പാക്കാന്‍ കഴിയുകയുള്ളൂ.

റോഡുകളുടെ അറ്റകുറ്റപ്പണി, കോടതി കേസുകളുടെ തുടര്‍ നടപടികള്‍ തുടങ്ങിയ കാര്യവും യോഗം ചര്‍ച്ച ചെയ്യും.