തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കയകറ്റണമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷനും പ്രദേശവാസികളും. ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് ഇവര്‍ കത്തയച്ചു.  വിഴിഞ്ഞം പദ്ധതി നിലവിലുള്ള ടൂറിസത്തെയും മത്സ്യബന്ധനത്തെയും പ്രതികൂലമായി ബാധിക്കുമെന്നാണ് പരാതിക്കാരുടെ വാദം.

Ads By Google

പദ്ധതിക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുന്നതിനായി സ്ഥലത്ത് നിന്നും നിര്‍ബന്ധിതമായി ആളുകളെ കുടിയൊഴിപ്പിക്കുന്നുണ്ടെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. പരാതി നല്‍കിയവരില്‍ പ്രദേശവാസിയും വിളപ്പില്‍ശാല സമരസംരക്ഷണസമിതി നേതാവ് ഷാജര്‍ ഖാനും ഉണ്ട്. മത്സ്യബന്ധന മേഖലയെ ദോഷകരമായി ബാധിക്കുമെന്നും ഇതുമായി ബന്ധപ്പെട്ട പാരിസ്ഥിതിക പഠനം പെട്ടെന്ന് തന്നെ പൂര്‍ത്തീകരിക്കണമെന്നും പരാതിയില്‍ പറയുന്നു.

നിലവില്‍ തുടരുന്ന പാരിസ്ഥിതിക പഠനത്തില്‍ പദ്ധതി നടപ്പാവുന്നതോടുകൂടി പാരിസ്ഥിതിക സാമൂഹിക ആഘാതം എത്രത്തോളം ഉണ്ടാകുമെന്ന് വ്യക്തമാക്കപ്പെട്ടിട്ടില്ല. അതുകൂടി പഠനത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് ഇവരുടെ ആവശ്യം.

വിഴിഞ്ഞം പദ്ധതിക്ക് കേന്ദ്ര പാരിസ്ഥിതികാനുമതി ലഭിക്കുന്നതിന് മുമ്പ് തന്നെ പ്രദേശവാസികളെ കുടിയൊഴിപ്പിച്ച് കൊണ്ട് സ്ഥലം ഏറ്റെടുക്കല്‍ നടപടി തുടങ്ങിയതോടെയാണ് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് പരാതി നല്‍കിയിരിക്കുന്നത്.

പരാതി പരിശോധിക്കാന്‍ പദ്ധതി നടത്തിപ്പുകാരായ ഐ.എഫ്.സിയുടെ ഓംബുഡ്‌സ്മാന്‍ ഈയാഴ്ച കേരളത്തിലെത്തും. ചൊവ്വ, ബുധന്‍ ദിവസങ്ങലിലായിരിക്കും അവര്‍ ഇവിടെ സന്ദര്‍ശിച്ച് പ്രദേശവാസികളുടെ പരാതികേട്ട് മൊഴികള്‍ രേഖപ്പെടുത്തുക.

വിഴിഞ്ഞം തുറമുഖ പദ്ധതി നിലവില്‍ വരുമ്പോള്‍ ഇതിന്റെ പ്രധാനപ്പെട്ട ഭാഗങ്ങള്‍ വരുന്നത് മുല്ലൂര്‍, ചൊവ്വര ഭാഗങ്ങളിലാണ്. അതുകൊണ്ടുതന്നെ ഈ ഭാഗങ്ങളിലുള്ള റിസോര്‍ട്ടുകള്‍ക്ക് ഇത് ദോഷകരമായി ബാധിക്കുമെന്ന് കണ്ടാണ് ഇവര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വിഴിഞ്ഞം പദ്ധതിക്കുവേണ്ടിയുള്ള തൊണ്ണൂറ് ശതമാനം ഭുമിയും ഇതിനോടകംതന്നെ സര്‍ക്കാര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.

നൂറ് കണക്കിന് മത്സ്യത്തൊഴിലാളികള്‍ അംഗമായ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷനും വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരായി തങ്ങളുടെ ആശങ്ക സര്‍ക്കാരിനെ അറിയിച്ചിട്ടുള്ളതാണ്.  പ്രദേശത്തെ ടൂറിസം മേഖലയും ആശങ്കയിലാണ്. ഇതുമായി ബന്ധപ്പെട്ട് ഇവരും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന് കത്തയച്ചിട്ടുണ്ട്.