എഡിറ്റര്‍
എഡിറ്റര്‍
വിഴിഞ്ഞം കരാറിലൂടെ അദാനിക്ക് വഴിവിട്ട സഹായം; കരാര്‍ സംസ്ഥാനത്തിന് ദോഷകരമെന്നും സി.ഐ.ജി റിപ്പോര്‍ട്ട്
എഡിറ്റര്‍
Tuesday 23rd May 2017 2:32pm

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഒപ്പുവെച്ച വിഴിഞ്ഞം കരാറിനെതിരെ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്റെ ( സിഎജി) റിപ്പോര്‍ട്ട്.

കരാര്‍ സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും നിര്‍മാണ കാലാവധി 10 വര്‍ഷം കൂട്ടിനല്‍കിയത് നിയമവിരുദ്ധമാണെന്നും ഇതിലൂടെ 29,217 കോടി രൂപയുടെ അധികവരുമാനം അദാനിക്ക് കിട്ടുമെന്നും സിഎജി റിപ്പോര്‍ട്ടില്‍ പറയുന്നു.

നിലവിലെ പൊതുസ്വകാര്യ പങ്കാളിത്ത നിയമപ്രകാരം വലിയ നിര്‍മാണക്കമ്പനിക്ക് 30 വര്‍ഷമാണ് സാധാരണ കാലാവധി അനുവദിക്കുക. അതേസമയം, പത്തുവര്‍ഷത്തെ കാലാവധി നീട്ടിനല്‍കിയതിനു പുറമെ ആവശ്യമെങ്കില്‍ 20 വര്‍ഷം കൂടി കാലാവധി നല്‍കാമെന്നും കരാറില്‍ പറയുന്നു. ഈ വ്യവസ്ഥയും ചട്ടവിരുദ്ധമാണ്. ഇങ്ങനെ ചെയ്താല്‍ 61,095 കോടി രൂപയുടെ അധികവരുമാനം അദാനിക്കു കിട്ടുമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. റിപ്പോര്‍ട്ട് നിയമസഭയുടെ മേശപ്പുറത്തുവെച്ചു.


Dont Miss ആ നിസ്സഹായാവസ്ഥ പ്രേക്ഷകരും തിരിച്ചറിഞ്ഞു; അഡ്വഞ്ചേര്‍സ് ഓഫ് ഓമനക്കുട്ടന്‍ ഹൗസ്ഫുള്‍ 


കഴിഞ്ഞദിവസമാണ് വിഴിഞ്ഞം തുറമുഖ കരാറിനെതിരെ രൂക്ഷമായ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍ രംഗത്ത വന്നത്. അതിന് പിന്നാലെയാണ് സിഎജി റിപ്പോര്‍ട്ട് വന്നത്. അദാനി പോര്‍ട്ടുമായി ഉണ്ടാക്കിയ കരാറിലൂടെ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളെല്ലാം നിയമവിരുദ്ധമായി ലംഘിക്കപ്പെട്ടിരിക്കുന്നു. അദാനിക്ക് പൂര്‍ണമായും അധിക വരുമാനം ഉണ്ടാക്കിക്കൊടുക്കുന്ന തരത്തിലായിരുന്നു കരാര്‍.

7525 കോടി മുടക്കി നിര്‍മിക്കുന്ന വിഴിഞ്ഞം തുറമുഖത്തിനായി 67 ശതമാനം തുകയും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. 33 ശതമാനം തുക മാത്രമാണ് അദാനി ഗ്രൂപ്പ് മുടക്കുന്നത്. എന്നാല്‍ കരാര്‍ കാലാവധി പൂര്‍ത്തിയാകുമ്പോള്‍ അദാനിക്ക് വന്‍ ലാഭമാണ് ഉണ്ടാകുക. സംസ്ഥാനത്തിന് ലാഭമുണ്ടാകുന്നില്ലെന്ന് മാത്രമല്ല അധിക ബാധ്യത ഉണ്ടാക്കുകയും ചെയ്യുന്നു.

അതേസമയം, സിഎജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാന സര്‍ക്കാരിന് കരാര്‍ പുനഃപരിശോധിക്കേണ്ടതായും നടപടി സ്വീകരിക്കേണ്ടതായും വരും. സ്വീകരിച്ച നിലപാടു സംബന്ധിച്ച് റിപ്പോര്‍ട്ടും നല്‍കേണ്ടതായി വരും.

ഇതോടെ സംസ്ഥാനത്തിന് ഗുണകരമല്ലാത്ത വ്യവസ്ഥകള്‍ മാറ്റി പുതിയ കരാര്‍ കൊണ്ടുവരണം. ഇത്തരത്തിലൊരു സാഹചര്യം വന്നാല്‍ അദാനി ഗ്രൂപ്പ് നിയമനടപടിയിലേക്കും നീങ്ങുന്നതിനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

ഏറ്റവും കൂടുതല്‍ മുതല്‍ മുടക്കി നിര്‍മിക്കുന്ന പദ്ധതിയാണ് വിഴിഞ്ഞം രാജ്യാന്തര തുറമുഖം. മൊത്തം 7525 കോടിയാണ് ചിലവ്. 2018 സെപ്റ്റംബര്‍ ഒന്നിനു വിഴിഞ്ഞത്ത് ആദ്യത്തെ കപ്പലടുക്കുന്ന വിധത്തിലായിരിക്കും നിര്‍മാണം പൂര്‍ത്തിയാക്കുകയെന്ന് ഗൗതം അദാനി നേരത്തെ വ്യക്തമാക്കിയിരുന്നു.

Advertisement