എഡിറ്റര്‍
എഡിറ്റര്‍
ഇസ്‌ലാം മതത്തെപ്പറ്റി വിവേകാനന്ദന്‍
എഡിറ്റര്‍
Friday 15th February 2013 5:27pm

വിവേകാന്ദന്‍ മതവിദ്വേഷത്തിന്റെ ഹിന്ദു രാഷ്ട്രമല്ല സര്‍വമത സമഭാവനിയലൂന്നിയ മാനവമൈത്രിയുടെ മഹാരാഷ്ട്രത്തെയാണ് വിഭാവനം ചെയ്തിരുന്നതെന്നും ഇതില്‍ നിന്നും വ്യക്തമാണല്ലോ. ഇതിനോട് പൊരുത്തപ്പെടുവാന്‍ ഗാന്ധിയന്മാര്‍ക്കോ മാര്‍ക്‌സിസ്റ്റുകള്‍ക്കോ അംബേദ്കറിസ്റ്റുകള്‍ക്കോ സാധിക്കുന്നിടത്തോളം ആര്‍.എസ്.എസ്സുകാര്‍ക്കോ എന്‍.ഡി.എഫുകാര്‍ക്കോ സാധിക്കുകയില്ല.


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധിഹൃദയസങ്കോചത്തിന്റെ ഏറ്റവും ഭീഷണമായതും അങ്ങേയറ്റം പഴക്കമേറിയതുമായ സംഘടിത സാമൂഹിക രൂപം എന്നത് മതസങ്കുചിതത്വമാണ്. ”സ്വര്‍ഗത്തിലേക്കുള്ള ഒരേയൊരു വഴി എന്റെ മതമാകുന്നു’ എന്ന മട്ടിലുള്ള ഭാഷകളിലാണ് ലോകമെമ്പാടും മത സങ്കുചിതത്വം സാധാരണ മനുഷ്യരില്‍ പ്രവര്‍ത്തിച്ചുവരുന്നത്.

ഇതിന്റെ സായുധവും തീവ്രവുമായ കൊടിയ ആവിഷ്‌ക്കാരമാണ് ലോകമെമ്പാടും നിലനിന്ന് വരുന്ന മതഭീകരത( religious terror) എന്നത്. ഭാരതത്തിന്റെ സവിശേഷ സാഹചര്യത്തില്‍ അതിന്റെ പേര് കാവിഭീകരത എന്നാണെങ്കില്‍ പാക്കിസ്ഥാനിലും ബംഗ്ലാദേശിലും അതിന് നല്‍കാവുന്ന പേര് മുസ്‌ലിം താലിബാനിസം എന്നാണ്.

Ads By Google

ബര്‍മ്മയിലേതിന് തോക്കേന്തിയ ബുദ്ധഭിക്ഷുക്കളുടെ രൂപമാണുള്ളത്. അമേരിക്കയിലും മറ്റും അതിന് കോപ്റ്റിക്ക് ക്രൈസ്തവ രൂപവും കാണാം. ഇത്തരം മതഭീകരതയുടെയെല്ലാം അടിസ്ഥാനം ‘സ്വന്തം മതം മാത്രം ഒരേയൊരു ശരി’ എന്ന നിലപാടാണ് ആഴത്തിലുള്ള പരിശോധന ബോധ്യപ്പെടുത്തും.

ഇതിനെ പ്രതിരോധിക്കുവാന്‍ എന്താണ് മാര്‍ഗം? തെറ്റായ വിചാരങ്ങള്‍ക്ക് പകരം ശരിയായ വിചാരം പകരുക. സര്‍വ്വമത സാരവും ഏകം എന്ന ബോധത്തിലേക്ക് മാനവരാശിയെ നേരെ നടത്തുക.

ഇക്കാര്യം ഏറ്റവും നന്നായി ചെയ്ത സര്‍വ്വ ലോകാരാധ്യനായ ഹിന്ദു സന്യാസിയാണ് സ്വാമി വിവേകാനന്ദന്‍. അദ്ദേഹം ഹിന്ദുമതം മാത്രമാണ് ഒരേയൊരു ശരിയായ മതം എന്ന നിലപാട് എവിടേയും എടുത്തില്ല. ജൂതര്‍ക്കും സരതുഷ്ട്രര്‍ക്കും(പാഴ്‌സിക്കും) മുസ്‌ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും ആദിത്യമരുളിയ ഭാരതദേശത്തിന്റെ മതപരമ്പരയില്‍ പെട്ട ഒരു സന്യാസിയാണ് താനെന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്.

ഭാരതീയര്‍ക്ക് അതിഥി ദേവാനാണ്, അതിഥിയെ ഉപചരിക്കല്‍ ഈശ്വരസേവയുമാണ്. അതിഥിയുടെ കുലം, ജാതി, ദേശം, ഭാഷ, പദവി, സാമ്പത്തിക നില, പഠിപ്പ് എന്നിവയെന്നും മാനദണ്ഡമാക്കാതെ വേണം അതിഥി പൂജനം ചെയ്യേണ്ടതെന്ന് ആചാര്യ മനു പോലും അനുശാസിച്ചിട്ടുണ്ട്. ഇത് കൊണ്ടാണ് ഭാരതീയര്‍ ജൂതര്‍ക്കും മുസ്‌ലീങ്ങള്‍ക്കും ക്രൈസ്തവര്‍ക്കും പള്ളികള്‍ പണി തീര്‍പ്പിച്ച് കൊടുത്തത്. ഇനിയും നാം അത് തന്നെ ചെയ്യണം. ഇതൊക്കെയായിരുന്നു വിവേകാനന്ദന്റെ നിലപാടുകള്‍.

വിവേകാനന്ദന്‍ പരമത വിദ്വേശിയായിരുന്നില്ല സര്‍വമതസാരമേകം എന്ന് അറിഞ്ഞ് അനുഭവിച്ച മഹാത്മാവായിരുന്നു

ഇതല്ലാതെ പരമതസ്ഥരുടെ ആരാധനാലയങ്ങള്‍ തച്ചുതകര്‍ത്തും ചുട്ടെരിച്ചും ആക്രോഷിക്കുന്ന ഒരു ഹിന്ദുത്വം വിവേകാനന്ദന്‍ ഒരിടത്ത് പോലും മുന്നോട്ട് വെച്ചിട്ടില്ല. അത്തരത്തിലുള്ള ഒരു വരി സാഹിത്യം വിവേകാന്ദ സര്‍വ്വസ്വത്തിലെ ഏഴ് വാള്യങ്ങള്‍ ചിക്കിച്ചികഞ്ഞാലും കണ്ടെത്താനാകില്ല.

അത്‌കൊണ്ട് തന്നെ ക്രൈസ്തവര്‍, മുസ്‌ലീങ്ങള്‍, കമ്യൂണിസ്റ്റുകാര്‍ എന്നിവരെ ഉന്മൂലനം ചെയ്യേണ്ടുന്ന ആഭ്യന്തര ശത്രുക്കളോ രണ്ടാതരം പൗരന്മാരോ ആയി മാത്രം പരിഗണിക്കുന്ന ആര്‍.എസ്.എസ്സിന്റെ ഹിന്ദുരാഷ്ട്ര വാദത്തിന് ഉപോത്ഭലകമായ ഒരൊറ്റ ഉദ്ദരണി പോലും ചൂണ്ടികാണിക്കുവാന്‍ ആര്‍.എസ്.എസ്സിന്റെ ഗുരുജിയായ എം.എസ് ഗോള്‍വാക്കര്‍ക്ക് പോലും സാധിച്ചിരുന്നില്ല.

ഇതുകൊണ്ട് തന്നെയാണ് ആര്‍.എസ്.എസ്സുകാര്‍ വിവേകാനന്ദന്റെ ബഹുവര്‍ണ ചിത്രങ്ങളല്ലാതെ ചിന്തകളേതും പ്രചരിപ്പിക്കാന്‍ തയ്യാറാകാതിരിക്കുന്നതും. വിവേകാന്ദന്റെ ചിന്തകള്‍ പ്രചരിപ്പിച്ചാല്‍ ‘ശൂദ്ര രാഷ്ട്ര’ത്തിന് വേണ്ടിയല്ലാതെ- തൊഴിലാളികളുടെ രാഷ്ട്രഭരണത്തിന് വേണ്ടിയല്ലാതെ- ഹിന്ദു രാഷ്ട്രത്തിന് വേണ്ടി നിലകൊള്ളുന്ന ഒരു ജനതയെ  വാര്‍ത്തെടുക്കാനാവില്ലെന്ന് ആര്‍.എസ്.എസ്സുകാര്‍ക്ക് ബോധ്യമുണ്ട്.

മാത്രമല്ല, ആര്‍.എസ്.എസ്സുകാര്‍ പരമ ശത്രുതയോടെ കാണുന്ന ഇസ്‌ലാം മതത്തെ സംബന്ധിച്ച് വിവേകാനന്ദന്‍ പുറപ്പെടുവിച്ചിട്ടുള്ള വാക്കുകള്‍ അവര്‍ക്കൊരിക്കലും അംഗീകരിക്കാനാവില്ല. അംഗീകരിച്ചാല്‍ പിന്നെ ആര്‍.എസ്.എസ് ഇല്ല.

വിവേകാനന്ദന്‍ ഇസ്‌ലാമിനെ കുറിച്ച് എഴുതുന്നു,’ ധര്‍മത്തിന്റെയും വിചാരത്തിന്റേയും അവസാന വാക്കും സര്‍വ മതങ്ങളേയും വിഭാഗങ്ങളേയും പ്രേമപൂര്‍വം നിന്ന് വീക്ഷിക്കാവുന്ന ഒരേയൊരു സ്ഥാനവും അദൈ്വതമത്രേ. അതാണ് ഭാവിയിലെ ഉദ്ബുദ്ധ മനുഷ്യവര്‍ഗ്ഗത്തിന്റെ ധര്‍മമെന്ന് ഞാന്‍ വിശ്വസിക്കുന്നു…

സര്‍വ മനുഷ്യവര്‍ഗത്തേയും സ്വന്തം ആത്മാവായി കാണുകയും പെരുമാറുകയും ചെയ്യുന്ന പ്രായോഗികാദൈ്വതം ഒരുകാലത്തും ഹിന്ദുക്കളുടെ ഇടയില്‍ വികസിക്കപ്പെട്ടിട്ടില്ല. നേരെ മറിച്ച്, ഗണ്യമായ രീതിയില്‍ ഏതെങ്കിലുമൊരു മതം ഈ സമത്വത്തിലേക്ക് എന്നെങ്കിലും അടുത്തെത്തിയിട്ടുണ്ടെങ്കില്‍, എന്റെ അനുഭവത്തില്‍ അത് ഇസ്‌ലാമാണ്; ഇസ്‌ലാം മാത്രം.

അതുകൊണ്ട്, പ്രായോഗിക ഇസ്‌ലാമിന്റെ സഹായം കൂടാതെ വേദാന്ത സിദ്ധാന്തങ്ങള്‍, അവ എത്രയും സൂക്ഷ്മങ്ങളും ആശ്ചര്യകരങ്ങളും ആയിക്കൊള്ളട്ടേ, ഭൂരിപക്ഷം മനുഷ്യരാശിക്ക് തീരെ വിലയില്ലാത്തതാണെന്ന്  എനിക്ക് ഉറച്ച ബോധം വന്നിട്ടുണ്ട്.

വേദങ്ങളോ ബൈബിളോ ഖുര്‍ആനോ ഇല്ലാത്ത ഒരിടത്തേക്ക് മനുഷ്യരാശിയെ നയിക്കുകയാണ് നമുക്ക് വേണ്ടത്. എങ്കിലും ഇത് ചെയ്യേണ്ടത് വേദങ്ങളേയും ബൈബിളിനേയും ഖുര്‍ആനിനേയും രഞ്ജിപ്പിച്ച് കൊണ്ടാണ്.

ഏകത്വം എന്ന മതത്തിന്റെ വ്യത്യസ്ത പ്രകാശങ്ങള്‍ മാത്രമാണ് മതങ്ങളെന്ന് മനുഷ്യവര്‍ഗത്തെ പഠിപ്പിക്കേണ്ടിയിരിക്കുന്നു. എന്നിട്ട് ഓരോരുത്തരും തനിക്ക് ഏറ്റവും പറ്റിയ മാര്‍ഗങ്ങള്‍ തിരഞ്ഞെടുക്കാമല്ലോ.

നമ്മുടെ മാതൃഭൂമി തന്നെ ആശിക്കുന്നത് ഹിന്ദു മതവും ഇസ്‌ലാമുമെന്ന രണ്ട് മഹാ സമ്പ്രദായങ്ങളുടെ വേദാന്ത മസ്തിഷ്‌കത്തിന്റേയും ഇസ്‌ലാം ശരീരത്തിന്റേയും യോഗമത്രേ. ഈ കുഴക്കിലും കലഹത്തില്‍ നിന്നും ഭാവിയിലെ പൂര്‍ണ ഭാരതം, മഹനീയവും അജയ്യവുമായി വേദാന്ത മസ്തിഷ്‌കത്തോടും ഇസ്‌ലാം ശരീരത്തോടും കൂടി ഉയര്‍ന്ന് വരുന്നത് ഞാന്‍ എന്റെ മനക്കണ്ണ് മുമ്പാകെ കാണുന്നു.’(വി.സ.സ:വാള്യം 5, പേജ് 566-567).

വിവേകാന്ദന്‍ മതവിദ്വേഷത്തിന്റെ ഹിന്ദു രാഷ്ട്രമല്ല സര്‍വമത സമഭാവനിയലൂന്നിയ മാനവമൈത്രിയുടെ മഹാരാഷ്ട്രത്തെയാണ് വിഭാവനം ചെയ്തിരുന്നതെന്നും ഇതില്‍ നിന്നും വ്യക്തമാണല്ലോ. ഇതിനോട് പൊരുത്തപ്പെടുവാന്‍ ഗാന്ധിയന്മാര്‍ക്കോ മാര്‍ക്‌സിസ്റ്റുകള്‍ക്കോ അംബേദ്കറിസ്റ്റുകള്‍ക്കോ സാധിക്കുന്നിടത്തോളം ആര്‍.എസ്.എസ്സുകാര്‍ക്കോ എന്‍.ഡി.എഫുകാര്‍ക്കോ സാധിക്കുകയില്ല.

കാരണം, പരമത വിദ്വേഷമാണ് അവരെ നിലനിര്‍ത്തുന്ന ഒരേയൊരു ആശയ ഭൂമിക.  വിവേകാനന്ദന്‍ പരമത വിദ്വേശിയായിരുന്നില്ല സര്‍വമതസാരമേകം എന്ന് അറിഞ്ഞ് അനുഭവിച്ച മഹാത്മാവായിരുന്നു.

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)

Advertisement