എഡിറ്റര്‍
എഡിറ്റര്‍
ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം
എഡിറ്റര്‍
Friday 8th February 2013 2:30pm

സ്വാമി വിവേകാനന്ദന്റെ 150ാം ജയന്തി പരക്കെ ലോകത്തിലും സവിശേഷമായി ഭാരതത്തിലും ആഘോഷിച്ചു വരുന്നു. ഈ സന്ദര്‍ഭത്തില്‍ വിവേകാനന്ദന്‍, മതം,ജാതി, രാഷ്ട്രീയ വ്യവസ്ഥ, സ്ത്രീ വിമോചനം, വിദ്യാഭ്യാസം, ഭക്തി, ജ്ഞാനം, യോഗം, ധ്യാനം, ദൈ്വതം, അദൈ്വതം, വിശിഷ്ടാദൈ്വതം, വിഗ്രഹാരാധന, ഇസ്‌ലാം ക്രിസ്തുമതം എന്നിവയെപ്പറ്റിയൊക്കെ എന്താണ് ചിന്തിച്ചിരുന്നതും പറഞ്ഞിട്ടുള്ളതും എന്ന് സാമാന്യമായി പരിചയപ്പെടുത്തുവാനാണ് വിവേകാനന്ദ വിചാരത്തില്‍ ശ്രമിക്കുന്നത്.

വിവേകാനന്ദനോട് യോജിക്കുവാനോ വിയോജിക്കുവാനോ അദ്ദേഹത്തെ വിശകലനം ചെയ്യാനോ ഇവിടെ ശ്രമിച്ചിട്ടില്ല. 7 ചോദ്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ വാങ്മയങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ വിചാരധാരയെ സംഗ്രഹിച്ചെടുത്ത് അവതരിപ്പിക്കുവാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്.

വിവേകാനന്ദനെ അറിയുക എന്നിട്ടാവാം യോജിക്കലും വിയോജിക്കലും എന്നതാണ് സമീപനം. 41 ദിവസം ഓരോ വിഷയങ്ങളെ അധികരിച്ചുള്ള ലഘുലേഖനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി   നാം എവിടേയ്ക്ക് പോകുന്നു എന്ന ചോദ്യത്തില്‍ നിന്ന് മതം ഉണ്ടായി. നാം എവിടെ നിന്ന് വരുന്നു എന്ന ചോദ്യത്തില്‍ നിന്ന് ദൈവമെന്ന ധാരണയും മനുഷ്യജീവിതത്തില്‍ ഉത്ഭവിച്ചു.

പക്ഷേ നാം ഇവിടെ എന്ത് ചെയ്യണം? ഈ ചോദ്യം ഉത്ഭവിച്ചതോടെയാണ് മിക്കവാറും എല്ലാ ധര്‍മ്മാനുശാസനങ്ങളും ഉണ്ടായത്. മതത്തെ ഇജ്ജീവിതത്തില്‍ തന്നെ സാക്ഷാത്ക്കരിക്കാവുന്ന അനുഭവമാക്കി തീര്‍ക്കുന്നതാണ് പൊതുവില്‍ ഏതൊരു ധര്‍മ്മാനുശാസനവും.

ഈ തിരിച്ചറിവോട് കൂടിയാണ് സ്വാമി വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ സുപ്രസിദ്ധമായ പ്രായോഗിക വേദാന്തം എന്ന സിദ്ധാന്തത്തിന് അടിത്തറി കെട്ടിപ്പടുക്കുന്നത്. വേദാന്തത്തിന്റെ ലക്ഷ്യം തന്നെ ഇവിടെ വെച്ച് മതത്തെ സാക്ഷാത്ക്കരിക്കുക എന്നതാണെന്ന് അദ്ദേഹം ഉറപ്പിച്ചു പറയുന്നു.

ഇതാണ് വേദാന്തത്തിന്റെ ഏകതത്ത്വം. മതം അനുഭവപ്പെടുത്തേണ്ടത് ഇവിടെ വെച്ചും ഇപ്പോള്‍ തന്നെയുമാണ്. എന്തെന്നാല്‍ ഈ ജന്മമെന്നും മറുജന്മമെന്നും ജീവിതമെന്നും മരണമെന്നും ഇഹലോകമെന്നും പരലോകമെന്നും മറ്റുമുള്ള പ്രമേയ ഭേദങ്ങള്‍ പൂര്‍വ്വധാരണകളെ ആസ്പദിച്ചുള്ള വെറും അന്ധവിശ്വാസങ്ങളാണ്.  നാം ഉണ്ടാക്കുന്നതൊഴിച്ച് കാലത്തിന് വിച്ഛേദമില്ല.

Ads By Google

പത്ത് മണിയും പന്ത്രണ്ടുമണിയും തമ്മില്‍ പ്രകൃതിയിലെ ചില മാറ്റങ്ങള്‍ നിമിത്തം നാം കല്പിക്കുന്നതല്ലാതെ എന്ത് വ്യത്യാസമാണുള്ളത് ? കാലം അവിച്ഛിന്നമായി പ്രവഹിച്ചുകൊണ്ടിരിക്കുന്നു. അതിനാല്‍ ഈ ജീവിതമെന്നും മറുജീവിതമെന്നും പറഞ്ഞാല്‍ എന്താര്‍ണര്‍ത്ഥം ? അത് കാലം സംബന്ധിച്ച് ഒരു പ്രമേയം മാത്രമാണ്. കാലനഷ്ടം യത്‌നം ത്വരിപ്പിക്കുന്നത് കൊണ്ട് പരിഹരിക്കാവുന്നതുമാണ്. അതിനാല്‍ വേദാന്തം പറയുന്നു മതം ഇപ്പോള്‍ തന്നെ സാക്ഷാത്ക്കരിക്കേണ്ടതാണെന്ന്

മതത്തില്‍ വിശ്വസിക്കുക എന്നല്ല മതത്തെ അനുഭവപ്പെടുത്തുക എന്നതാണ് ഭാരതീയ മതാദര്‍ശം. അനുഭവം കൂടാതെ വിശ്വസാം സംഭവിക്കുകയോ നിലനില്‍ക്കുകയോ ചെയ്യുകയില്ല.

തീ തണുപ്പുള്ളതാണെന്ന് ഒരാള്‍ക്ക് വിശ്വസിക്കാനാവും. അത്തരം വിശ്വാസങ്ങള്‍ അനുഭവപ്പെടുത്താനാവില്ല. കാരണം സത്യത്തെ മാത്രമേ അനുഭവിക്കാനാവൂ. തീയിനെ സംബന്ധിച്ച സത്യം അത് ചൂടുള്ളതാണ് തണുത്തതല്ല എന്നതാണ്. അതിനാല്‍ തീ ചൂടുള്ളതാണെന്ന് നമുക്ക് വിശ്വസിക്കാം. എന്തെന്നാല്‍ അത് അനുഭവത്തിലും അങ്ങനെ തന്നെയായിരിക്കും.

അനുഭവം ഈ ജീവിതത്തിലേ സംഭവിക്കൂ. ജനിക്കുന്നതിന് മുന്‍പ് നാം എന്തായിരുന്നു എന്തൊക്കെയായിരുന്നു എന്നൊന്നും നമുക്ക് അനുഭവിക്കാനാവില്ല. മരിച്ചതിന് ശേഷവും അങ്ങനെ തന്നെ. അതിനാല്‍ മതം സത്യമാണെങ്കില്‍ ഇവിടെ ഇപ്പോള്‍ അത് അനുഭവിക്കണം.

അനുഭവം ഈ ജീവിതത്തിലേ സംഭവിക്കൂ. ജനിക്കുന്നതിന് മുന്‍പ് നാം എന്തായിരുന്നു എന്തൊക്കെയായിരുന്നു എന്നൊന്നും നമുക്ക് അനുഭവിക്കാനാവില്ല. മരിച്ചതിന് ശേഷവും അങ്ങനെ തന്നെ. അതിനാല്‍ മതം സത്യമാണെങ്കില്‍ ഇവിടെ ഇപ്പോള്‍ അത് അനുഭവിക്കണം.

ഇക്കാര്യമാണ് ഭഗവത്ഗീതയും പഠിപ്പിക്കുന്നത്. ”അവ്യത്ത്യാദീനിഭൂതാനി വ്യ മധ്യാനി ഭാരത” ഭൂതങ്ങളുടെ ആരംഭവും അവസാനവും അവ്യക്തമാണ്- വ്യക്തമായത് ഈ ജീവിതം മാത്രമാണ് എന്നാണ് പ്രസ്തുത ഗീതാ ശ്ലോകഭഗത്തിനര്‍ത്ഥം. എന്നുവെച്ചാല്‍ ഗീതയും പറയുന്നത് മതം ജനനത്തിന് മുന്‍പോ മരിച്ചതിന് ശേഷമോ അനുഭവപ്പെടുത്താനുള്ളതല്ല. ഈ ജീവിതത്തില്‍ തന്നെ അനുഭവപ്പെടുത്തേണ്ടതാണ് എന്നാണ്.

മതം അനുഭവപ്പെടുത്തുന്നതാണ് സദാചാരം. എല്ലാവര്‍ക്കും അനുഭവപ്പെടുത്താവുന്ന മതം പരോപകാരമാണ്. വിധവയുടെ കണ്ണീര്‍ തുടയ്ക്കാനും അഗതികള്‍ക്ക് ആശ്രയം നല്‍കാനും രോഗികള്‍ക്ക് മരുന്ന് നല്‍കാനും വിശക്കുന്നവന് ആഹാരം നല്‍കാനും നിരക്ഷരന് വിദ്യാഭ്യാസം നല്‍കാനും ശ്രമിക്കുന്നതിലൂടെ മാത്രമേ മതത്തെ ഈ ജീവിതത്തില്‍ അനുഭവിക്കാനാവൂ.

ഇതിനെയാണ് മാനവസേവ മാധവസേവ എന്ന മുദ്രാവാക്യത്തിലൂടെ വിവേകാനന്ദന്‍ അവതരിപ്പിച്ചത്. ‘പരോപകാരമാണ് പുണ്യം പരപീഢനം പാപമാണ്’. എന്ന വ്യാസ വചനത്തില്‍ സര്‍വ്വ ധര്‍മ്മാനുശാസനങ്ങളുടേയും സാരം അടങ്ങിയിരിക്കുന്നു.

പരോപകാരത്തിന് പകരം പരിപീഡനത്തിന് വഴിയൊരുക്കുന്ന മനസും വാക്കും പ്രവര്‍ത്തികളും അന്ധവിശ്വാസമാണ്. ജാതിവ്യവസ്ഥ പരപീഡന പരമാണെന്നതിനാല്‍ അന്ധവിശ്വാസമാണ്. അതുകൊണ്ടാണ് വിവേകാനന്ദന്‍ അതിനെ എതിര്‍ത്തതും.

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

Advertisement