എഡിറ്റര്‍
എഡിറ്റര്‍
ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി
എഡിറ്റര്‍
Tuesday 5th February 2013 3:14pm

സ്വാമി വിവേകാനന്ദന്റെ 150ാം ജയന്തി പരക്കെ ലോകത്തിലും സവിശേഷമായി ഭാരതത്തിലും ആഘോഷിച്ചു വരുന്നു. ഈ സന്ദര്‍ഭത്തില്‍ വിവേകാനന്ദന്‍, മതം,ജാതി, രാഷ്ട്രീയ വ്യവസ്ഥ, സ്ത്രീ വിമോചനം, വിദ്യാഭ്യാസം, ഭക്തി, ജ്ഞാനം, യോഗം, ധ്യാനം, ദൈ്വതം, അദൈ്വതം, വിശിഷ്ടാദൈ്വതം, വിഗ്രഹാരാധന, ഇസ്‌ലാം ക്രിസ്തുമതം എന്നിവയെപ്പറ്റിയൊക്കെ എന്താണ് ചിന്തിച്ചിരുന്നതും പറഞ്ഞിട്ടുള്ളതും എന്ന് സാമാന്യമായി പരിചയപ്പെടുത്തുവാനാണ് വിവേകാനന്ദ വിചാരത്തില്‍ ശ്രമിക്കുന്നത്.

വിവേകാനന്ദനോട് യോജിക്കുവാനോ വിയോജിക്കുവാനോ അദ്ദേഹത്തെ വിശകലനം ചെയ്യാനോ ഇവിടെ ശ്രമിച്ചിട്ടില്ല. 7 ചോദ്യങ്ങളിലായി പരന്നു കിടക്കുന്ന അദ്ദേഹത്തിന്റെ വാങ്മയങ്ങളില്‍ നിന്ന് അദ്ദേഹത്തിന്റെ വിചാരധാരയെ സംഗ്രഹിച്ചെടുത്ത് അവതരിപ്പിക്കുവാന്‍ മാത്രമാണ് ശ്രമിച്ചിട്ടുള്ളത്.

വിവേകാനന്ദനെ അറിയുക എന്നിട്ടാവാം യോജിക്കലും വിയോജിക്കലും എന്നതാണ് സമീപനം. 41 ദിവസം   ഓരോ വിഷയങ്ങളെ അധികരിച്ചുള്ള ലഘുലേഖനങ്ങളാണ് ഇവിടെ അവതരിപ്പിക്കുന്നത്.


വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധിവിശ്വാസങ്ങള്‍ക്കെല്ലാം ആശ്രയസ്ഥാനവും മതങ്ങളുടെയെല്ലാം സുപ്രധാന പ്രമേയവുമായ ‘ദൈവം’ എന്ന ധാരണ എങ്ങിനെയായിരിക്കാം മാനവരാശിയിലേക്ക് കടന്നുകൂടിയത് എന്ന ചോദ്യത്തിനും സ്വാമി വിവേകാനന്ദന്‍ ഉത്തരം പറയുവാന്‍ ശ്രമിച്ചിട്ടുണ്ട്.

വിവേകാനന്ദന്‍ എഴുതുന്നു ” അടുത്ത പ്രശ്‌നമായി ഇതെല്ലാം എവിടെ നിന്നുവരുന്നു ? ഈ ചോദ്യം എന്തുകൊണ്ട് ആദ്യം ഉത്ഭവിച്ചില്ല? എന്നാണെങ്കില്‍ പെട്ടെന്നുണ്ടാകുന്ന ഒരു വ്യതിയാനമാണ് നാം കൂടുതല്‍ ഓര്‍മ്മിക്കുക എന്നുള്ളതുകൊണ്ട് സുഖവും സന്തോഷവലും ലാഭവും മറ്റും ദു:ഖവും സന്താപവും നഷ്ടവും മറ്റും പോലെ, നമ്മുടെ സ്വതേയുള്ള പ്രകൃതി സുഖവും സന്തോഷവും ആനന്ദവുമാണ്.

അതിനെ ആകസ്മകികമായി ഭഞ്ജിക്കുന്ന ഏതും പ്രകൃത്യാനുസൃതമായ അവസ്ഥയേക്കാള്‍ ആഴത്തിലുള്ള മുദ്ര പതിപ്പിക്കുന്നു. അതിനാല്‍ വലിയ സ്വാസ്ഥ്യഭഞ്ജകന്‍ എന്ന നിലയില്‍ മരണത്തെ സംബന്ധിച്ച പ്രശ്‌നത്തിനാണ് ആദ്യം സമാധാനം കാണേണ്ടിയിരുന്നത്.

Ads By Google

പിന്നീട് മനുഷ്യന്‍ കൂടുതല്‍ പുരോഗമിച്ചതോടെ അടുത്ത പ്രശ്‌നം അവ എവിടെ നിന്ന് വന്നു എന്നതായി. എല്ലാം എവിടെ നിന്ന് ഉത്ഭവിക്കുന്നു എന്ന ചോദ്യത്തിന് ഉത്തരം തേടിയപ്പോഴാണ് മാവരാശിയുടെ ചരിത്രഗതിയെ നിര്‍ണ്ണയിക്കുന്നതില്‍ എണ്ണമറ്റ സ്വാധീനങ്ങള്‍ക്ക് ഇടവരുത്തിയ ദൈവം എന്ന ആശയത്തിന് ബീജാവാപം ഉണ്ടാവുന്നത്.

ഏത് മനുഷ്യനും ഭൂജാതനാവുന്നത് അമ്മയില്‍ നിന്നായതിനാല്‍ മനുഷ്യന്‍ സര്‍വ്വചരാചരപ്രപഞ്ചത്തിനും ഉത്ഭവസ്ഥാനമായ ശക്തിവിശേഷത്തെ ആദ്യം അമ്മ എന്നാണ് വിളിച്ചത്. പിന്നീട് സാമൂഹിക വ്യവസ്ഥയില്‍ സംഭവിച്ച പരിണാമങ്ങളെ തുടര്‍ന്ന്, പുരുഷന്‍ പരമാധികാരിയായ കുടുംബവ്യവസ്ഥ ഉണ്ടായതിന് ശേഷമാണ് പ്രചഞ്ചോല്‍ഭവത്തിന് കാരണമായ ശക്തിയെ ഏത് നാട്ടിലും പിതാവ് എന്ന് സംബോധന ചെയ്യാന്‍ തുടങ്ങിയത്.

ഒരു കുഞ്ഞും പെണ്ണില്‍ നിന്ന് മാത്രമായോ ആണില്‍ നിന്ന് മാത്രമായോ ഉണ്ടാവുന്നില്ലെന്ന ജൈവികമായ സഹജനിയമത്തിന്റെ അനുഭവം ശിവശക്തി സങ്കല്പമായും അര്‍ദ്ധനാരീശ്വര സങ്കല്‍പ്പമായും ഒക്കെ ഇന്ത്യയില്‍ വികാസം പ്രാചിച്ചതായും കാണാം.

ജഗത്തിന്റെ മാതാപിതാക്കളായി ദൈവത്തെ കാണുന്ന രീതി ഒരു പക്ഷേ ഇന്ത്യയില്‍ മാത്രമേ രൂപപ്പെടുകയും നിലനില്‍ക്കുകയും ചെയ്തിട്ടുള്ളൂ എന്ന കാര്യവും ഓര്‍മ്മിക്കണം. ആദവും ഹവ്വയും എന്ന മാവരാശിയുടെ മാതാപിതാക്കളെ സംബന്ധിച്ച ആശയത്തിന് പറച്ചി പെറ്റ പന്തിരുകുലത്തോടാണ് സാദൃശ്യം-ശിവശക്തി സങ്കല്‍പ്പത്തോടല്ല എന്നുള്ളതും എടുത്ത് പറയേണ്ടതുണ്ട്.

ദൈവം പുരുഷനാണ് എന്നതില്‍ മറ്റുമത മീംമാംസകളിലെ സങ്കല്‍പ്പത്തിന്റെ വികാസം നിലച്ചപ്പോള്‍ ദൈവം ആണും പെണ്ണും ചേര്‍ന്നതാണെന്ന നിലയില്‍ ഒരു വികാസദശ കൂടി അവതരിപ്പിച്ചു എന്നത് ഇന്ത്യന്‍ മിത്തോളജിയുടെ സവിശേഷതയാണ്. ഇങ്ങനെ നാനാ പ്രകാരത്തില്‍ ദൈവസങ്കല്പം സാമൂഹിക പരിണാമങ്ങളോടൊപ്പം ഇന്ത്യയില്‍ വികാസം കൊണ്ടിട്ടുണ്ട്.

ദൈവം അമ്മയാണ്, ദൈവം പിതാവാണ്, ദൈവം മാതാവും പിതാവും ഗുരുവാണ്, ദൈവം സുഹൃത്താണ്, ദൈവം യജമാനനാണ്, ദൈവം കാമുകനാണ്, തുടങ്ങിയ സങ്കല്‍പ്പങ്ങള്‍ക്കെല്ലാം ഇന്ത്യന്‍ ഇതാഹാസ പുരണങ്ങളില്‍ മാതൃകകളുണ്ട്.

ദൈവം പിതാവാണ് എന്നതിന് ബ്രഹ്മാവ്, പ്രജാപതി തുടങ്ങിയവയും മാതാവാണ് എന്നതിന് പാര്‍വ്വതി, മഹാകാളി, തുടങ്ങിയവയും, ദൈവം യജമാനന്‍ എന്നതിന് ഇന്ദ്രനും ദൈവം ആണും പെണ്ണും ഗുരുവും ആണെന്നതിന് ശിവശക്തി സ്ങ്കല്‍പ്പവും ദക്ഷിണാമൂര്‍ത്തി സങ്കല്‍പ്പവും ദൈവം കാമുകനാണ് എന്നതിന് കൃഷ്ണസങ്കല്‍പ്പവും ഒക്കെ ചൂണ്ടിക്കാണിക്കാം.

ഇവ്വിധത്തില്‍ ദൈവം മാനവമനസ്സില്‍ ആവീര്‍ഭൂതമായതിന് കാരണമായ ചോദ്യം എല്ലാം എവിടെ നിന്ന് ഉണ്ടാകുന്നു എന്നതാണ്. അതിലേക്ക് വിവേകാനന്ദന്‍ ശ്രദ്ധ ക്ഷണിക്കുന്നുണ്ട്. ദൈവം മനുഷ്യമനസ്സിന്റെ സൃഷ്ടിയാണെന്നതുകൊണ്ട് അത് അനാദരവോ അവഗണനയോ അര്‍ഹിക്കുന്നില്ല.

ചട്ടി, അരിവാള്‍, ചുറ്റിക, മഴു തുടങ്ങിയ വീട്ടുപകരണങ്ങളും നൃത്തം, സംഗീതം, സാഹിത്യം, നാടകം തുടങ്ങിയ കാലാസാഹിത്യ സംരംഭങ്ങളും, രാഷ്ട്രവും ഭരണഘടനകളും ഉള്‍പ്പെടുന്ന ഭരണ സംവിധാനങ്ങളും ആവിക്കപ്പല്‍ മുതല്‍ റോക്കറ്റുവരെയുള്ള ശാസ്ത്ര – സാങ്കേതിക വിദ്യകളും പൊതുവില്‍ വൈദ്യശാസ്ത്രവും എല്ലാം എല്ലാം മനുഷ്യന്‍ കണ്ടെത്തി രൂപപ്പെടുത്തിയവയാണെന്നതുകൊണ്ട് അനാദരവ് അര്‍ഹിക്കുന്നില്ലല്ലോ,

ഈ നിലയില്‍ അനാദരവ് അര്‍ഹിക്കാത്തതാണ് മനുഷ്യന്റെ ദൈവസങ്കല്‍പ്പവും മനുഷ്യനെ മാനിയ്ക്കുന്നവര്‍ക്കൊന്നും മനുഷ്യന്റെ കഴിവുകളെ എന്ന പോലെ തന്നെ ദൈവത്തേയും അനാദരിക്കാനാവില്ല. ഇത് തിരിച്ചറിയാനുള്ള യുക്തി ബോധം ഇല്ലാത്ത യുക്തിവാദങ്ങള്‍ മാനവജീവിതത്തില്‍ നിന്ന് എല്ലായ്‌പ്പോഴും ഒറ്റപ്പെട്ടുപോകും. ഇത് തിരിച്ചറിയുന്ന വിവേകം ഉള്ളതുകൊണ്ട് കൂടിയാണ് നരേന്ദ്രന്‍ വിവേകാനന്ദനായത് .

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

Advertisement