എഡിറ്റര്‍
എഡിറ്റര്‍
സ്ത്രീകളെ പറ്റി വിവേകാനന്ദന്‍
എഡിറ്റര്‍
Monday 25th February 2013 1:27pm

‘ഇരുപതാം വയസ്സില്‍ ഞാന്‍ അങ്ങേയറ്റം സഹതാപശൂന്യനും വിട്ടുവീഴ്ച്ചയില്ലാത്തവനുമായ മതഭ്രാന്തനായിരുന്നു. കല്‍ക്കത്താ തെരുവുകളിലെ നാടകശാലകളുടെ അരികത്തുള്ള നടപ്പാതകളിലൂടെ ഞാന്‍ നടന്നിരുന്നില്ല. മുപ്പത്തിമൂന്നാം വയസ്സില്‍ എനിക്ക് വേശ്യകളോടുകൂടി ഒരേ വീട്ടില്‍ പാര്‍ക്കാം. അവരെ പഴിക്കുന്ന ഒരു വാക്ക് പറയുവാന്‍ പോലും വിചാരിക്കപോലുമില്ല. ഇത് തരം താഴ്ച്ചയാണോ? അതോ വിശ്വപ്രേമിയായ ഭഗവാനിലേക്ക് ഞാന്‍ വികസിക്കുകയാണോ?’


vivekanandan

| വിവേകാനന്ദ വിചാരം / സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധ |

 

വിവേകാനന്ദന്‍ സ്ത്രീകളെ സംബന്ധിച്ച് പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങള്‍ യാഥാസ്ഥിതിക ഹിന്ദുക്കള്‍ക്ക് തെല്ലുമേ അംഗീകരിക്കുക സാധ്യമല്ലാത്ത വിധം അക്കാലത്ത് വിപ്ലവാത്മകങ്ങളായിരുന്നു.

യൂറോപ്യന്‍ പ്രസംഗപര്യടനം വഴി ഉണ്ടാക്കിയ സമ്പാദ്യമത്രയും വിവേകാനന്ദന്‍ ചിലവഴിച്ചത് സ്ത്രീകള്‍ക്ക് സൗജന്യമായി താമസിച്ച് പഠിക്കാനുതകുന്ന ഒരു മഠം സ്ഥാപിക്കാനായിരുന്നു എന്ന് കാണാം!.

സ്ത്രീകള്‍ക്കുള്ള മഠം അഥവാ ശാരദാ മഠം സ്ഥാപിച്ചതിന് ശേഷം മാത്രമേ അദ്ദേഹം താനുള്‍പ്പെടെയുള്ള ശ്രീരാമകൃഷ്ണ ശിഷ്യന്മാര്‍ക്ക് താമസിക്കുന്നതിനുള്ള ഒരു മഠം പണിതീര്‍ക്കാന്‍ തയ്യാറായുള്ളൂ.

ഇക്കാര്യത്തിലും വിവേകാനന്ദന്‍ അദ്ദേഹത്തിന്റെ ഗുരുവായ ശ്രീരാമകൃഷ്ണപരമഹംസരുടെ മാര്‍ഗത്തില്‍ സഞ്ചരിച്ചു. ശ്രീരാമകൃഷ്ണന്‍ എന്ന ആദ്ധ്യാത്മിക പുരുഷന്‍ അദ്ദേഹത്തിന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നത് ഭൈരവി ബ്രാഹ്മിണി എന്ന തപോശ്രേഷ്ഠയായ വനിതയെയായിരുന്നു.

ഇന്ത്യയുടെ ആദ്ധ്യാത്മിക ചരിത്രത്തില്‍ തന്നെ ഇതൊരു അപൂര്‍വ സംഭവമാണ്. ഇത്തരമൊരു ഗുരുവിന്റെ വാത്സല്യഭാജനമായ വരിഷ്ഠ ശിഷ്യന്‍ സ്ത്രീകളുടെ അഭ്യുന്നതിക്ക് വേണ്ടി ചെയ്യാവുന്നതെല്ലാം ചെയ്യുവാന്‍ ഉത്സാഹഭരിതനായതില്‍ അതിശയമില്ലല്ലോ.

വിവേകാനന്ദന്‍ സ്വന്തം കാഴ്ച്ചപ്പാട് ഇങ്ങനെ പ്രഖ്യാപിക്കുന്നു, ‘ സ്ത്രീപുരുഷ ഭേദം നിര്‍മൂലമാക്കിയാല്‍ മാത്രമേ എനിക്ക് വിശ്രമമുള്ളൂ. വത്സ, ആത്മാവിലുണ്ടോ ലിംഗഭേദം? സ്ത്രീപുരുഷഭേദം ദുരീകരിക്കുക. ശരീരാഭിമാനം ത്യജിച്ച് എണീക്കുക. ഉറച്ച് നിലകൊളളുക.'(വി.സ.സ: വാള്യം 5, പേജ് 5).

അദ്ദേഹം മറ്റൊരിടത്ത് എഴുതുന്നു, ‘ ലോകമംഗളം സ്ത്രീകളുടെ അഭ്യുദയം കൂടാതെ സാധ്യമാവില്ല. ഒറ്റച്ചിറക് കൊണ്ട് മാത്രം പക്ഷിക്ക് പറക്കാന്‍ സാധിക്കുകയില്ല. അതുകൊണ്ടാണത്രേ രാമകൃഷ്ണാവതാരത്തില്‍ സ്ത്രീ ഗുരുവിനെ സ്വീകരിച്ചതും സ്ത്രീഭാവത്തില്‍ സാധന ചെയ്തതും മാതൃഭാവം പ്രചരിപ്പിച്ചതും.

അതുകൊണ്ടാണത്രേ എന്റെ ആദ്യ ഉദ്യമം സ്ത്രീകളുടെ മഠം സ്ഥാപിക്കുന്നതിന് വേണ്ടിയായത്. ആ മഠത്തില്‍ നിന്ന് ഗാര്‍ഗ്ഗിമാരും മൈത്രേയിമാരും അതിലും ഉച്ചത്തരഭാവമുള്ള സ്ത്രീകളും ഉണ്ടായി വരണം'(വി.സ.സ വാള്യം 5, പേജ് 254).

മറ്റൊരിടത്ത് വേശ്യകളോട് പോലും സൗഹാര്‍ദ്ദത്തിന്റെ ഹൃദയഭാവം സൂക്ഷിച്ചുകൊണ്ട് വിവേകാനന്ദന്‍ എഴുതി, ‘ഇരുപതാം വയസ്സില്‍ ഞാന്‍ അങ്ങേയറ്റം സഹതാപശൂന്യനും വിട്ടുവീഴ്ച്ചയില്ലാത്തവനുമായ മതഭ്രാന്തനായിരുന്നു. കല്‍ക്കത്താ തെരുവുകളിലെ നാടകശാലകളുടെ അരികത്തുള്ള നടപ്പാതകളിലൂടെ ഞാന്‍ നടന്നിരുന്നില്ല. മുപ്പത്തിമൂന്നാം വയസ്സില്‍ എനിക്ക് വേശ്യകളോടുകൂടി ഒരേ വീട്ടില്‍ പാര്‍ക്കാം. അവരെ പഴിക്കുന്ന ഒരു വാക്ക് പറയുവാന്‍ പോലും വിചാരിക്കപോലുമില്ല. ഇത് തരം താഴ്ച്ചയാണോ? അതോ വിശ്വപ്രേമിയായ ഭഗവാനിലേക്ക് ഞാന്‍ വികസിക്കുകയാണോ?'(വി.സ.സ വോള്യം 5, പേജ് 412).

ശ്രീരാമകൃഷ്ണന്‍ എന്ന ആദ്ധ്യാത്മിക പുരുഷന്‍ അദ്ദേഹത്തിന്റെ ഗുരുസ്ഥാനത്ത് പ്രതിഷ്ഠിച്ചിരുന്നത് ഭൈരവി ബ്രാഹ്മിണി എന്ന തപോശ്രേഷ്ഠയായ വനിതയെയായിരുന്നു.

മാര്‍ഗരറ്റ് നോബിള്‍ എന്ന സിസ്റ്റര്‍ നിവേദിതയ്ക്ക് എഴുതിയ ഒരു കത്തിലും സ്വാമി വിവേകാനന്ദന്‍ സ്ത്രീകള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുവാന്‍ തയ്യാറാവേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് ഊഷ്മള ശൈലിയില്‍ വിരല്‍ ചൂണ്ടുന്നുണ്ട്.

അദ്ദേഹം എഴുതുന്നു, ‘ ഭാരതത്തിന് വേണ്ടിയുള്ള പ്രവര്‍ത്തനത്തില്‍ നിനക്കൊരു വലിയഭാവിയുണ്ടെന്ന് ഞാന്‍ നിന്നോട് തുറന്ന് പറയട്ടെ. വേണ്ടിയിരുന്നത് ഒരു പുരുഷനെയല്ല, സ്ത്രീയെയാണ്.

ഒരു യഥാര്‍ത്ഥ സിംഹി; ഭാരതീയര്‍ക്കുവേണ്ടി, വിശേഷിച്ചും സ്ത്രീകള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുവാന്‍. ഭാരതത്തിന് ഇനിയും മഹതികളെ ഉളവാക്കാനാവുന്നില്ല. മറ്റുജനതകളില്‍ നിന്ന് കടം വാങ്ങേണ്ടി വന്നിരിക്കുന്നു. നിന്റെ വിദ്യാഭ്യാസം, ആര്‍ജവം, പരിശുദ്ധി, അപരിമിത പ്രേമം, ദൃഢനിശ്ചയം, സര്‍വോപരി ആ കെല്‍റ്റിക് രക്തവും ഉള്ള നീ തന്നെയാണ് പറ്റിയ സ്ത്രീ'(വി.സ.സ. വാള്യം 5 പേജ് 520).

ചിക്കാഗോവില്‍ നിന്ന് ഹരിപദമിത്രന്‍ എന്ന ബംഗാളി സുഹൃത്തിനെഴുതിയ കത്തില്‍ വിവേകാനന്ദന്‍ ഇങ്ങനെ അഭിപ്രായപ്പെടുന്നു. ‘ഇവിടുത്തെ സ്ത്രീകള്‍ എത്ര പവിത്രകള്‍. ഇരുപത്തിയഞ്ചോ മുപ്പതോ വയസ്സിന് താഴെ ആരും വിവാഹം ചെയ്യുന്നില്ല. അവര്‍ ആകാശത്തിലെ പറവകളെ പോലെ സ്വതന്ത്രകളുമാണ്.

കടകളിലും ചന്തകളിലും പോകുന്നു, ജോലി ചെയ്ത് സമ്പാദിക്കുന്നു. കടകള്‍ നടത്തുന്നു. കോളേജില്‍ പഠിപ്പിക്കുന്നു. ഏത് തരം ജോലിയിലും ഏര്‍പ്പെടുന്നു; എങ്കിലും എത്ര പവിത്രതയോടെയിരിക്കുന്നു. ധനമുള്ളവര്‍ ദരിദ്രരെ സഹായിക്കുന്നതിലും തുലോം തല്‍പ്പരരാണ്.

നാമോ എന്ത് ചെയ്യുന്നു? മകളെ പതിനൊന്ന് വയസ്സിനുള്ളില്‍ വിവാഹം കഴിപ്പിച്ചില്ലെങ്കില്‍ അവള്‍ ദുഷിച്ച് പോകുമെന്ന് വിചാരിക്കുന്നു… നിങ്ങളുടെ നാട്ടിലെ സ്ത്രീകളെ ഉയര്‍ത്താമോ? അങ്ങനെ ചെയ്താല്‍ വല്ലതും ആശിക്കാം. അല്ലെങ്കില്‍ മൃഗജന്മം മാറില്ല.'(വി.സ.സ. വോള്യം 5 പേജ് 89).

ഇത്രയും ഉദ്ധരണികളിലൂടെ കണ്ണോടിച്ചാല്‍ തന്നെ സ്ത്രീകള്‍ അടുക്കളയിലും ഉറക്കറയിലും പേറ്റുപുരയിലും അടങ്ങിയൊതുങ്ങിക്കഴിഞ്ഞാല്‍ അവള്‍ സുരക്ഷിതയായിരിക്കുമെന്ന ഇക്കാലത്തെ ആര്‍.എസ്.സ് മേധാവിയുടെയും  അനിയന്ത്രിത സ്വാതന്ത്ര്യം പെണ്ണുങ്ങള്‍ക്ക് അനുവദിച്ച് കൂടെന്ന ജമാഅത്തെ ഇസ്‌ലാമിയുടേയും നിലപാടുകളല്ല സ്വാമി വിവേകാനന്ദന്‍ എന്ന മഹാനായ ഹൈന്ദവ സന്യാസിക്കുണ്ടായിരുന്നതെന്ന് വ്യക്തമാണല്ലോ.

വിവേകാനന്ദനിലൂടെ ഹൈന്ദവീയതയെ ഉള്‍ക്കൊള്ളുന്നവര്‍ക്ക് ജീവിതമെന്ന പറവയ്ക്ക് പറക്കാന്‍ ആണെന്ന വലം ചിറകും പെണ്ണെന്ന ഇടം ചിറകും ഒരുപോലെ ശക്തമായിരിക്കണം എന്ന കാഴ്ച്ചപ്പാടേ സ്വീകരിക്കാനാവൂ. അതായിരിക്കും ‘തുല്യനീതി’യെ ആധാരമാക്കുന്ന ജനാധിപത്യ വ്യവസ്ഥയ്ക്ക് പോഷകമേകുന്ന സ്ത്രീകളോടും ജീവിതത്തോടുമുള്ള സമീപനമെന്നും തീര്‍ത്തുപറയട്ടേ!

മരണത്തില്‍ നിന്ന് മതോല്പത്തി (ഒന്നാം ഭാഗം)

ജനനം എവിടെ നിന്നെന്ന ചോദ്യത്തില്‍ നിന്ന് ദൈവോല്‍പ്പത്തി (ഭാഗം: രണ്ട്)

ഇവിടെ വെച്ചുതന്നെ സാക്ഷാത്ക്കരിക്കേണ്ടതാണ് മതം (ഭാഗം: മൂന്ന്)

ജാതിവ്യവസ്ഥയും മതിപരിവര്‍ത്തനവും (ഭാഗം: നാല്)

വര്‍ണ്ണവ്യവസ്ഥയും അതിന്റെ ചരിത്രപരമായ വിവിധ ഘട്ടങ്ങളും (ഭാഗം: അഞ്ച്).

വിവേകാനന്ദന്റെ ജനാധിപത്യവും ആര്‍.എസ്സ്.എസ്സിന്റെ ഹിന്ദുരാഷ്ട്രവാദവും (ഭാഗം:6)

Advertisement