പോക്കറ്റടി/ ബാബുഭരദ്വാജ്

babubharadwaj‘കള്ളന്‍ … കള്ളന്‍ ‘ എന്ന് വിളിച്ചുകൂവി പോക്കറ്റടിക്കുന്ന പോക്കറ്റടിക്കാരനെക്കുറിച്ച് ഒരുപാട് കഥയുണ്ട്. പല സ്ഥലത്തും പോക്കറ്റടി നടന്നാല്‍ പോക്കറ്റടിക്കാര്‍ തന്നെയായിരിക്കും ഉത്സാഹം നടിച്ച് തിരയുന്നവര്‍ . അതൊരു സമര്‍ഥമായ കളവാണ്.

ജനാധിപത്യ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ജനങ്ങളുടെ നിരന്തര സമരത്തിന്റെ ഫലമാണ് വിവരാവകാശ നിയമം. ഈ നിയമം അധികാരികളെ ഒട്ടൊന്നുമല്ല അലോസരപ്പെടുത്തുന്നത്. വിവരാവകാശം നിയമം പ്രാബല്യത്തില്‍ വന്നതോടെ ഭരണ കൂടവും ഉദ്യോഗസ്ഥ മേധാവികളും ജനങ്ങളില്‍ നിന്ന് സൗകര്യപൂര്‍വ്വം മറച്ചുവെച്ചിരുന്ന പല അഴിമതികളും പുറത്ത് വരാന്‍ തുടങ്ങി. ഭരണം കുറച്ചൊക്കെ സുതാര്യമാണെന്ന തോന്നലും അതുണ്ടാക്കി.

‘ കാക്കയെത്രകുളിച്ചാലും കൊക്കാകില്ല’ അതുപോലെ ഭരണം എത്ര സുതാര്യമാക്കിയാലും സുതാര്യവുമാകില്ല. എന്നാല്‍ ഈ ചെറിയ സുതാര്യത പോലും ഭരണകൂടത്തിന് ഇഷ്ടമാകാതെ വരുന്നു. വിവരാവകാശ നിയമപ്രകാരം വിവരം പൊതുജനങ്ങളുമായി പങ്കുവെക്കാത്ത സ്ഥാപനങ്ങളും ഉദ്യോഗസ്ഥരും ചെറിയ തോതിലെങ്കിലും ശിക്ഷിക്കപ്പെടുന്നു. പല വിവരങ്ങളും മനസില്ലാ മനസോടെ ഭരണകൂടത്തിന് വെളിപ്പെടുത്തേണ്ടി വരുന്നു. ഒരു പക്ഷെ സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജനങ്ങള്‍ നേടിയ ഏറ്റവും വലിയ വിജയമായിരുന്നു വിവരാവകാശ നിയമം. അതിന്റെ സത്ഫലങ്ങള്‍ അനുഭവിക്കാനും ഈ അവകാശത്തെ ശരിയായ തോതില്‍ ഉപയോഗിക്കാനും ജനങ്ങള്‍ പഠിച്ചുവന്നതേയുണ്ടായിരുന്നുള്ളൂ. എന്നാല്‍ ഈ ചെറിയ തോതിലുള്ള വിവരവിനിമയം പോലും ഭരണകൂടം ഇഷ്ടപ്പെടാതെയായിരിക്കുന്നു. വിവരാവകാശ നിയമത്തില്‍ വെള്ളം ചേര്‍ക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരിപ്പോള്‍ . അതിനെ അഴിമതിയില്‍ മുങ്ങികുളിച്ച പാര്‍ട്ടികള്‍ പിന്തുണക്കുന്നുമുണ്ട്. ഉദ്യോഗസ്ഥര്‍ക്ക് വിവരാവകാശനിയമം ചതുര്‍ഥിയാണ്. അതുകൊണ്ട് അവരും വിരാവകാശനിയമത്തില്‍ മായം ചേര്‍ക്കുന്നതിനെ പിന്തുണക്കുന്നു.

ഈ ശ്രമങ്ങളെ തകര്‍ക്കേണ്ടത് ജനങ്ങളുടെ ബാധ്യതയാണ്. നേടിയ അവകാശങ്ങള്‍ വിട്ടുകൊടുക്കില്ലെന്ന് അവര്‍ ഉറക്കെ പറയേണ്ടിയിരിക്കുന്നു.

നടപ്പാതകള്‍

പോക്കറ്റടി

വെള്ളിക്കൊലുസ് കിലുങ്ങുന്നു

മനുഷ്യോല്‍പത്തിയെക്കുറിച്ചുള്ള കഥകള്‍

കഥയുടെ മരണം