കൊച്ചി: വിതുര പെണ്‍വാണിഭക്കേസിന്റെ വിചാരണ നടപടികള്‍ നിര്‍ത്തിവക്കണമെന്ന് ആവശ്യപ്പെട്ട് പീഡനത്തിനിരയായ പെണ്‍കുട്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. വിചാരണയ്ക്കായി കോടതിയില്‍ നേരിട്ട് ഹാജരാവുന്നതില്‍ നിന്നും ഒഴിവാക്കണമെന്നും പെണ്‍കുട്ടി ആവശ്യപ്പെട്ടു.

കേസില്‍ തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷയില്ല. അതിനാല്‍ പീഡനക്കേസുമായി മുന്നോട്ടുപോകാന്‍ താല്‍പര്യമില്ല. 16 വര്‍ഷം മുന്‍പുള്ള കാര്യങ്ങള്‍ ഓര്‍ത്തെടുക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നും പെണ്‍കുട്ടി ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു.

വിചാരണ നടപടികളുമായി മുന്നോട്ടുപോകുന്നത് തന്റെ കുടുംബജീവിതത്തെ ബാധിക്കും. ഓരോ തവണയും കോടതിയില്‍ കയറിയിറങ്ങുന്നതുതന്നെ പീഡനത്തിന് സമാനമാണെന്നും ഹരജിയില്‍ പറയുന്നു.

വിതുര പെണ്‍വാണിഭവുമായി ബന്ധപ്പെട്ട 22 കേസുകളാണ് നിലവിലുള്ളത്. ഇതില്‍ 7 കേസുകളില്‍ നേരിട്ട് ഹാജരാവാന്‍ പെണ്‍കുട്ടിയോട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടര്‍ന്നാണ് പെണ്‍കുട്ടി ഹരജി നല്‍കിയത്. കോട്ടയത്തെ പ്രത്യേക കോടതിയിലാണ് വിതുര കേസുമായി ബന്ധപ്പെട്ട വിചാരണ നടക്കുന്നത്.
ഹരജി ഇന്നുച്ചയ്ക്ക് കോടതി പരിഗണിക്കും