നാട്ടകം / എ എസ് സുധീര്‍

വിത്തുകള്‍ വെന്തുതീരുന്നതറിയാതെ ഉത്സവങ്ങളുടെ മടുപ്പകറ്റാന്‍ നാം പുത്തന്‍ കളങ്ങളാരായുമ്പോള്‍ എന്തൊക്കെയാണ് കളവുപോകുന്നതെന്ന് വെറുതെയെങ്കിലും പിറുപിറുക്കാതെ വയ്യ. മികച്ച വിളവിന് പുതുവിത്തുകള്‍ . ഉര്‍വ്വരതക്ക് പുതിയ രസതന്ത്രങ്ങള്‍ . മണ്ണിന്റെ മാറുപിളര്‍ന്ന് പുത്തനായുധങ്ങള്‍ … വെള്ളക്കോളറില്ലാതെ വെയിലുകൊണ്ട കിഴവന്‍ അന്നേ പറഞ്ഞു മണ്ണെരിയുമെന്ന്. പക്ഷേ ആരും കേട്ടില്ല. വണ്ടി കൊണ്ട് താഴ്ത്തുഴുത് നല്ല മണ്ണ് കുഴിച്ചുമൂടരുതെന്ന് വഴിയിലിരുന്നൊരു പ്രാന്തത്തി പുലമ്പിയതും ആരും കേട്ടില്ല. കുള്ളനെ നമ്പരുതെന്ന് മൂവന്തി മുറിഞ്ഞു പറഞ്ഞതും കേള്‍ക്കാനായില്ല പോല്‍ …

ഇന്നിപ്പോള്‍ മുളപൊട്ടാത്ത, മുടിയനായ കുള്ളന്‍ വിത്തുകളെ പുഴുങ്ങിത്തിന്നാന്‍ മാത്രം വിധിച്ച് നാമിരിക്കുമ്പോള്‍ അവയിലെ വിഷകണങ്ങള്‍ എലികളിലുളവാക്കിയ അപകടങ്ങള്‍ നിരീക്ഷിച്ച് ശാസ്ത്ര കൗതുകം പകയ്ക്കുന്നു. പിന്നെ പേടിപ്പെടുത്തുന്ന അറിവുകള്‍ മറച്ചുപിടിച്ച് വിത്തുകളുടെ ആയോധന സാധ്യതക്ക് കിടങ്ങൊരുക്കുന്നു.
പെരുമഴയും കൊടുംവരള്‍ച്ചയും കടലേറ്റങ്ങളുമുല്‍പ്പടെയുള്ള ക്ലൈമറ്റോളജിക്കല്‍ ആയുധങ്ങളുടെ സൃഷ്ടിക്കായി ശാസ്ത്രത്തെ വ്യഭിചരിക്കുന്ന സമകാലീനതയില്‍ വിത്തുകളുടെ ആയോധന സാധ്യതകളാരായുന്ന ആധുനിക മനുഷ്യനെയോര്‍ത്ത് അത്ഭുതം കൂറുന്നില്ല. പക്ഷേ സ്വന്തം മണ്ണിന്റെ ഋതുചക്രങ്ങളറിഞ്ഞ്, അതിന്റെ കനിവും കാഠിന്യങ്ങളുമേറ്റുവാങ്ങി, മണ്ണും മനുഷ്യനും തമ്മിലുള്ള മൂല്യവത്തായ പാരസ്പര്യത്തിലൂടെ തുടര്‍ന്നുവന്ന നമ്മുടെ കാര്‍ഷിക സംസ്‌കൃതിയെ ധനാര്‍ജ്ജന കൗശലത്തിന്റെ അശ്ലീലത മാത്രമായി തരം താഴ്തിയത് അപരിഷ്‌കൃതരെന്നും വിദ്യാവിഹീനരെന്നും നാം അവഗണിച്ച സാധാരണ മനുഷ്യരായിരുന്നില്ല. മറിച്ച് സ്വാര്‍ത്ഥത്തിന്റെ മാത്രം പാഠഭേദങ്ങളെ അറിവെന്ന് തെറ്റിദ്ധരിച്ച, പാശ്ചാത്യന്റെ ആസക്തികളെ പരിഷ്‌കൃതിയായി ഏറ്റുവാങ്ങിയ, അഭ്യസ്തവിദ്യരായ(?!) നമ്മളായിരുന്നു.

സ്വാര്‍ത്ഥത്തിന്റെ ആസക്തമായ സമകാലീന ജീവിത വഴികളില്‍ , തലമുറകളിലൂടെ കൈമാറിക്കിട്ടിയ എത്രയെത്ര നന്മയുടെ വിത്തുകളാണ് നാം കൈമോശപ്പെടുത്തിയത്? മൂല്യങ്ങളുടെ എത്രയെത്ര ഉറവകളെയാണ് നാം വിഷലിപ്തമാക്കിയത്?

സാരമില്ല. നമുക്ക് നഷ്ടങ്ങളെ മറക്കാം. പക്ഷേ നമ്മുടെ മണ്ണിന്റെ ഒഴിയാത്ത കലവറകളില്‍ നന്മ വിളയുന്ന വിത്തുകള്‍ ഇനിയുമവശേഷിക്കുന്നുണ്ട് കളവുപോകാതെ തന്നെ. കാത്തുവക്കേണ്ടവയാണവയെന്ന്, തൂശനിലയിലെ വെന്ത ചമ്പാവരി മണത്തിന് പൊള്ളുന്ന തലപ്പുലയനെ സാക്ഷി നിര്‍ത്തി കണ്ണുനിറക്കാന്‍ , പിന്നെ നമ്മുടെ ശാസ്ത്ര-ബൗദ്ധിക-രാഷ്ട്രീയ പ്രബുദ്ധതയോട് ഇനിയും നഷ്ടങ്ങളരുതേയെന്ന് പാമരരോടൊത്ത് നിലവിളിക്കാന്‍ ഈ ഇത്തിരിത്താള്‍ .