എഡിറ്റര്‍
എഡിറ്റര്‍
വിശ്വമലയാള മഹോത്സവം രാഷ്ട്രപതി പ്രണബ് മുഖര്‍ജി ഉദ്ഘാടനം ചെയ്തു
എഡിറ്റര്‍
Tuesday 30th October 2012 12:20pm

തിരുവനന്തപുരം: വിശ്വമലയാള മഹോത്സവത്തിന് തുടക്കമായി. യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയാണ് മഹോത്സവം ഉദ്ഘാടനം ചെയ്തത്.

മാനവ സമൂഹത്തിന് മലയാള ഭാഷ നല്‍കിയ സംഭാവനകള്‍ അമൂല്യമാണെന്ന് രാഷ്ട്രപതി പറഞ്ഞു. മലയാളഭാഷയെ പരിപോഷിപ്പിക്കാന്‍ ആധുനികമാര്‍ഗങ്ങള്‍ സ്വീകരിക്കണം.

Ads By Google

ഭാഷയും സാഹിത്യവും പ്രചരിപ്പിക്കുന്നതിനുള്ള ശക്തമായ ചുവടുവയ്പാണ് മലയാള സര്‍വകലാശാലയെന്നും അദ്ദേഹം പറഞ്ഞു. കാലാനുസൃതമായ നടപടിയെന്നാണ് അദ്ദേഹം വിശ്വമലയാള മഹോത്സവത്തെ വിശേഷിപ്പിച്ചത്.

ഭാവി തലമുറയ്ക്കായി മലയാള ഭാഷയെ പരിപോഷിപ്പിക്കാന്‍ ആധുനീക മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും രാഷ്ട്രപതി പറഞ്ഞു. മലയാള ഭാഷാ പിതാക്കന്‍മാരുടെയും കുഞ്ചന്‍ നമ്പ്യാരുള്‍പ്പെടെയുള്ളവരുടെയും പേരുകള്‍ എടുത്ത പരാമര്‍ശിച്ചായിരുന്നു രാഷ്ട്രപതിയുടെ പ്രസംഗം.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി എത്രയും വേഗം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു. വിവര സാങ്കേതിക വിദ്യയുടെ കടന്നുകയറ്റം ലോകമെമ്പാടുമുള്ള പ്രാദേശിക ഭാഷകളുടെ നിലനില്‍പിന് വെല്ലുവിളിയാകുന്നുണ്ടെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.

ഭാഷ നമ്മുടെ അമ്മയാണ്. ആ മടിത്തൊട്ടിലില്‍ നമ്മള്‍ ജനിക്കുകയും ആ അമ്മയുടെ പരിലാളനമേറ്റ് നമ്മള്‍ വളരുകയും ചെയ്യുന്നു. നമ്മുടെ ജീവവായുവും നമ്മുടെ സ്വത്വവുമാണ് ഭാഷ. ലോകത്തിന്റെ ഏതു ഭാഗത്തുപോയാലും കേരളയീയന്റെ കൊടിയടയാളമായി നില്ക്കുന്നത് മലയാളമാണ്.

വിവരസാങ്കേതികവിദ്യയുടെ കടന്നുകയറ്റവും ദൃശ്യമാധ്യമങ്ങളുടെ ആവിര്‍ഭാവവുമൊക്കെ ചേരുന്ന സങ്കീര്‍ണതകള്‍ ലോകമെമ്പാടുമുള്ള പ്രാദേശിക ഭാഷകള്‍ക്കു വെല്ലുവിളി ഉയര്‍ത്തുന്നുണ്ട്. അവയുടെ നിലനില്പിന് പല രീതിയിലുള്ള ചെറുത്തുനില്പുകളും കണ്ടെത്തലുകളും നടപടികളുമൊക്കെ ഉയരുന്നുണ്ട്.

മലയാളഭാഷ നേരിടുന്ന ചില പ്രതിസന്ധികള്‍ക്കു പരിഹാരം തേടിയുള്ള യാത്രയിലാണ് വിശ്വമലയാള മഹോത്സവമെന്ന ആശയം ഉദിച്ചതും ഇപ്പോള്‍ യാഥാര്‍ത്ഥ്യമായതും.
മലയാള ഭാഷ, മലയാള സാഹിത്യം, മലയാളികളുടെ കലാരൂപങ്ങള്‍ ഇവയെല്ലാം സംരക്ഷിക്കപ്പെടുകയും പരിപോഷിപ്പിക്കപ്പെടുകയും വേണം. അവ ആധുനിക കാലഘട്ടത്തിന്റെ വെല്ലുവിളികള്‍ നേരിടാനുള്ള കരുത്താര്‍ജിക്കണം.

കേരളത്തിനു പുറത്തുകഴിയുന്ന മലയാളികള്‍ക്കും, മലയാളത്തിന്റെ അടയാളങ്ങള്‍ കൊണ്ടുനടക്കാന്‍ കഴിയണം. മലയാളത്തില്‍ നിന്ന് അകന്നുമാറി പുതിയ തലമുറ വളര്‍ന്നു വരുകയാണ്. സാങ്കേതികവിദ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലേക്കും കടന്നുകയറുന്നു.

ഇംഗ്ലീഷ് മാധ്യമത്തിലുള്ള പഠനത്തോടുള്ള ആസക്തിയും മലയാളം മാധ്യമത്തിലുള്ള പഠനത്തോടുള്ള വിരക്തിയും യാഥാര്‍ത്ഥ്യമായി നമ്മുടെ മുന്നിലുണ്ട്. ഇതുപോലുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനും അവയ്ക്കു പരിഹാരം കണ്ടെത്താനുള്ള ഒരു കൂട്ടായ്മയാണ് വിശ്വമലയാള മഹോത്സവം.

മലയാളത്തിന്റെ സാഹിത്യ-കലാ- സാംസ്‌കാരിക പാരമ്പര്യങ്ങളെ ലോകശ്രദ്ധ ശ്രദ്ധയില്‍കൊണ്ടു വരാന്‍ വിശ്വമലയാള മഹോത്സവത്തിനു സാധിക്കും. ലോകത്തിനു മുമ്പില്‍ മലയാള ഭാഷയ്ക്കും സാഹിത്യത്തിനും കലകള്‍ക്കും തലഉയര്‍ത്തി നിലക്കാനുള്ള പ്രാപ്തിയുണ്ട്. പഴക്കത്തിന്റെ കാര്യത്തിലും പ്രാചീന സാഹിത്യത്തിലും തനതായ സാഹിത്യപാരമ്പര്യത്തിലും മലയാളത്തിന് അനിഷേധ്യമായ സ്ഥാനമുണ്ട്.

ജ്ഞാനപീഠം കയറിയ അഞ്ചു പ്രതിഭാശാലികള്‍ നമുക്കുണ്ട്. അവരില്‍ ഇന്നുള്ള ശ്രീ ഒഎന്‍വി കുറുപ്പു സാറും ശ്രീ എംടി വാസുദേവന്‍ നായരും ഇവിടെ നമ്മുടെ കൂടെയിരിക്കുന്നത് വിശ്വമലയാള സമ്മേളനത്തിന്റെ തിളക്കം കൂട്ടുന്നു.

മലയാള സിനിമകള്‍ അന്തര്‍ദേശീയ പുരസ്‌കാരങ്ങളും കൂടിയാട്ടം, കഥകളി തുടങ്ങിയ കലാരൂപങ്ങള്‍ ലോകത്തിന്റെ ആദരവും നേടിയവയാണ്. ലോകത്തിലെ മികച്ച കലാസാംസ്‌കാരികസാഹിത്യ രൂപങ്ങളെ മലയാളികള്‍ എന്നും കൈനീട്ടി സ്വീകരിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ കലാരൂപങ്ങളെ ലോകത്തിനു തിരിച്ചുനല്കുന്നതില്‍ നമ്മള്‍ അത്രമാത്രം വിജയം വരിച്ചിട്ടില്ല. അതിനുള്ള പോംവഴികള്‍ നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്.

മലയാളഭാഷ സാര്‍വത്രികമായി ഉപയോഗിക്കപ്പെടണം എന്നതാണു പ്രധാനം. എത്രയും കൂടുതല്‍ ആളുകള്‍ എത്രമാത്രം വ്യാപകമായി ഉപയോഗിക്കുന്നുവോ അതനുസരിച്ച് ഭാഷയുടെ ഓജസും തേജസും വര്‍ധിച്ചുകൊണ്ടേയിരിക്കും. ഭരണഭാഷയും വ്യവഹാരഭാഷയുമൊക്കെ പൂര്‍ണമായും മലയാളത്തിലേക്കു മാറേണ്ടിയിരിക്കുന്നു. സ്‌കൂളുകളില്‍ മാതൃഭാഷാ പഠനം സര്‍ക്കാര്‍ ഇപ്പോള്‍ നിര്‍ബന്ധിതമാക്കുകയും ഒന്നാം ഭാഷയായി മലയാളത്തെ പ്രഖ്യാപിക്കുകയും ചെയ്തു.

മലയാളത്തിനു ശ്രേഷ്ഠഭാഷാ പദവി ലഭിക്കാനുള്ള നമ്മുടെ ശ്രമങ്ങള്‍ എത്രയും വേഗം ഫലമണിയുമെന്നു പ്രതീക്ഷിക്കുന്നു. ‘എവിടെ മലയാളിയുണ്ടോ, അവിടെ മലയാള ഭാഷയുമുണ്ട്’ എന്ന മുദ്രാവാക്യത്തോടെ മറുനാടന്‍ മലയാളികളുടെ കുട്ടികള്‍ക്കു മലയാളം പഠിക്കാന്‍ മലയാള മിഷന്‍ പ്രവര്‍ത്തിക്കുന്നു. ഇതിനെല്ലാം മകുടം ചൂടിക്കൊണ്ട്, മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്റെ ഓര്‍മകള്‍ പേറിനില്ക്കുന്ന തിരൂരില്‍ മലയാള സര്‍വകലാശാലയ്ക്ക് കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് തുടക്കമിടുകയാണ്. രണ്ടു പതിറ്റാണ്ടായി നടത്തിക്കൊണ്ടിരുന്ന ശ്രമമാണ് ഇപ്പോള്‍ പൂവണിയുന്നത്. മലയാളത്തിന്റെ മുന്നോട്ടുള്ള പ്രയാണത്തില്‍ മലയാള സര്‍വകലാശാലയ്ക്ക് ഇനി സുപ്രധാനമായ പങ്കുണ്ടായിരിക്കും.

പരാമ്പരാഗത രീതിയില്‍ നിന്നുവിട്ടുമാറി ഭാഷയിലും സംസ്‌കാരത്തിലുമുള്ള സാരവത്തായ പഠനത്തിനും ഗവേഷണത്തിനും കളമൊരുക്കുകയെന്ന ലക്ഷ്യമാണ് മലയാള സര്‍വകലാശാലയ്ക്കുള്ളത്. ഭാഷ, സാഹിത്യം, കല, പൈതൃകം, വിജ്ഞാന പൈതൃകം എന്നീ അഞ്ചു ഫാക്കല്‍റ്റികളില്‍ പഠന ഗവേഷണ സൗകര്യം തുടക്കത്തില്‍ തന്നെ ലഭിക്കുന്നതാണ്. വിവിധ ശാസ്ത്രസാങ്കേതിക വിഷയങ്ങള്‍വരെ സുഖകരമായി കൈകാര്യം ചെയ്യാന്‍ പര്യാപ്തമായ ലോകത്തിലെ ഇരുപത്തഞ്ചു പ്രധാനപ്പെട്ട ഭാഷകളില്‍ ഒന്ന് എന്ന സ്ഥാനം നേടിയെടുക്കാനാണ് നമ്മള്‍ ശ്രമിക്കേണ്ടത്.

ബുക്കര്‍ പ്രൈസ് ജേതാവും ആഫ്രിക്കന്‍ നോവലിസ്റ്റുമായ ബെന്‍ ഒക്രി ഉള്‍പ്പെടെയുള്ള അന്യഭാഷാ എഴുത്തുകാരും കേരളത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖരും പങ്കെടുക്കുന്ന ഈ മഹാമേളയില്‍ നിന്ന് ഉരുത്തിയിരിയുന്ന ആശയങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകും. വിശ്വമലയാള മഹോത്സവം ഒരു തുടര്‍ പ്രക്രിയയാക്കി മാറ്റാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഗവര്‍ണര്‍ എച്ച്.ആര്‍ ഭരദ്വാജ് അധ്യക്ഷനായിരുന്നു. സാംസ്‌കാരിക മന്ത്രി കെ.സി ജോസഫ് സ്വാഗതം പറഞ്ഞു.

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, മന്ത്രിമാരായ പി.കെ അബ്ദുറബ്, കെ.എം മാണി, കെ.സി ജോസഫ് തുടങ്ങിയവരും കേന്ദ്രസഹമന്ത്രിമാരായ കെസി വേണുഗോപാല്‍, ശശി തരൂര്‍, എംഎല്‍എമാരായ കെ. മുരളീധരന്‍, പാലോട് രവി എന്നിവരും മേയര്‍ കെ. ചന്ദ്രികയും ചടങ്ങില്‍ പങ്കെടുത്തു. രാഷ്ട്രപതിക്ക് പാലോട് രവി എംഎല്‍എ പൊന്നാട ചാര്‍ത്തി ഉപഹാരം നല്‍കി.

Advertisement