ഒടുവില്‍ ഉലകനായകന്‍ കമല്‍ഹാസന്റെ സിനിമ വിശ്വരൂപം തമിഴ്‌നാട്ടില്‍ റിലീസ്  ചെയ്തു. തമിഴ്‌നാട്ടില്‍ 600 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്തത്. തമിഴ്  സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിലീസാണ് വിശ്വരൂപം.

Ads By Google

ജനുവരി 12 ന് 500 കേന്ദ്രങ്ങളില്‍ ചിത്രം റിലീസ് ചെയ്യാനായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാല്‍ മുസ് ലീം സംഘടനകളുടെ എതിര്‍പ്പിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് കോടതിയും സംസ്ഥാന സര്‍ക്കാരും തടയുകയായിരുന്നു.

ചെന്നൈയില്‍  മാത്രം 150ല്‍ ഏറെ തീയറ്ററുകളില്‍ വിശ്വരൂപം എത്തി. കൂടുതല്‍ തീയറ്ററുകള്‍ ലഭ്യമാക്കാനുള്ള ശ്രമങ്ങളിലാണ് രാജ്കമല്‍   പിക്‌ചേഴ്‌സ്.

ആദ്യ നാലു ദിവസങ്ങളിലേക്കുള്ള മുഴുവന്‍ ടിക്കറ്റുകളും ഇതിനകം തന്നെ വിറ്റു കഴിഞ്ഞു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഏതാണ്ട് ഇതേ സ്ഥിതി തന്നെയാകുമെന്നാണ് അറിയുന്നത്.

തമിഴ്‌നാട്ടില്‍ സിനിമ ഹിറ്റാക്കാന്‍ കമല്‍ഹാസന്‍ ഫാന്‍സ് അസോസിയേഷന്‍ മുന്‍പന്തിയില്‍ ഉണ്ട്. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് തമിഴ് ജനതയ്ക്ക് മുന്നില്‍ ചിത്രം പ്രദര്‍ശിപ്പിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കമല്‍ഹാസന്‍ പ്രതികരിച്ചു.

പ്രേക്ഷകര്‍ക്ക് ചിത്രം ഇഷ്ടമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിശ്വരൂപത്തിന്റെ റിലീസ് തമിഴ്‌നാട്ടില്‍ തടഞ്ഞിരുന്നെങ്കിലും കേരളമടക്കമുള്ള സംസ്ഥാനങ്ങളില്‍ ചിത്രം ഹിറ്റായിരുന്നു.