എഡിറ്റര്‍
എഡിറ്റര്‍
വിശ്വരൂപത്തിന്റെ റിലീസ് തമിഴ്‌നാട്ടില്‍ തടഞ്ഞു
എഡിറ്റര്‍
Thursday 24th January 2013 9:56am

ചെന്നൈ: കമല്‍ഹാസന്റെ പുതിയ ചിത്രമായ വിശ്വരൂപത്തിന്റെ റിലീസിങ് തമിഴ്‌നാട്ടില്‍ തടഞ്ഞു. സംസ്ഥാന സര്‍ക്കാരാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

Ads By Google

അടുത്ത 15 ദിവസത്തേയ്ക്ക് ചിത്രം റിലീസ് ചെയ്യരുതെന്നാണ് നിര്‍ദ്ദേശം. ചിത്രം 25ന് തീയറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്താനിരിക്കെയാണ് നടപടി.

മതവിദ്വേഷം വളര്‍ത്തുന്ന രീതിയിലുള്ള സീനുകള്‍ പ്രദര്‍ശിപ്പിക്കുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് വിവിധ മുസ് ലീം സംഘടനകള്‍ രംഗത്തെത്തിയതിനെ തുടര്‍ന്നാണ് ചിത്രം റിലീസ് ചെയ്യുന്നത് തടഞ്ഞത്.

തമിഴ്‌നാട് മുസ്‌ലീം മുന്നേറ്റ കഴകം പ്രസിഡന്റ് എം.എച്ച് ജവഹറുളളയുടെ നേതൃത്വത്തിലാണ് ചിത്രത്തിന്റെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് മുസ്‌ലീം സംഘടനകള്‍ രംഗത്തെത്തിയത്.

റിലീസിന് മുന്‍പ് ചിത്രം മുസ്‌ലീം സംഘടനകള്‍ക്കായി പ്രദര്‍ശിപ്പിക്കണമെന്ന് ഇവര്‍ നേരത്തേ ആവശ്യപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്ന് കമല്‍ഹാസന്‍ പ്രത്യേകം പ്രദര്‍ശനം നടത്തി. ഇതിന് ശേഷമാണ് സംഘടനകള്‍ ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയത്.

ക്രമസമാധാനം തകരുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ ചിത്രത്തിന്റെ റിലീസ് നീട്ടിവയ്ക്കാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നുവെന്നാണ് വിവരം. ഇതിനിടെ സൗദി അറേബ്യയിലും ചിത്രത്തിന് നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുണ്ട്.

വിശ്വരൂപം തമിഴ്‌നാട്ടില്‍ റിലീസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് നൂറോളം വരുന്ന പ്രതിഷേധക്കാര്‍ കമല്‍ഹാസന്റെ ആള്‍വാര്‍പേട്ടിലെ ഓഫീസിന് മുന്നില്‍ പ്രക്ഷോഭം സംഘടിപ്പിച്ചിരുന്നു.

Advertisement