ദര്‍ശനം / സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി

അര്‍ജ്ജുനന്‍ എന്ന ശബ്ദത്തിന് വെളുപ്പ് എന്നാണ് അര്‍ത്ഥം. കൃഷ്ണന്‍ എന്ന ശബ്ദത്തിന് കറുപ്പ് എന്നും അര്‍ത്ഥമുണ്ട്- ഈ നിലയില്‍ ഭഗവദ്ഗീതയെ വിളറിവെളുത്ത് കര്‍മ്മവീര്യം നഷ്ടപ്പെട്ട വെളുത്തവന് കറുത്തവന്റെ ഉലയാത്ത കരുത്ത് നല്‍കുന്ന വീരപ്രബോധനം എന്നൊരു അര്‍ത്ഥവും വായിച്ചെടുക്കാം.

ഭഗവ്ദഗീതയെ ഒന്നടങ്കം ദളിത് വിരുദ്ധമെന്നു വായിച്ച് തള്ളിക്കളയുന്നവര്‍ ഈ വഴിയും ഒന്നു ചിന്തിച്ചുനോക്കേണ്ടതാണ്-എന്തുകൊണ്ട് വെളുത്ത ബ്രാഹ്മണനു സ്വന്തം അധീശത്തം നിലനിര്‍ത്താന്‍ കറുത്തകൃഷ്ണന്റെ ഗീതയെ ആശ്രയിക്കേണ്ടിവന്നു എന്ന ചോദ്യത്തോട് പുറന്തിരിഞ്ഞു നിന്നുകൊണ്ടുള്ള ഗീതയുടെ ഏതു ദളിത്‌വായനയും വേണ്ടത്ര അവധാനതയുള്ളതല്ലെന്നു മാത്രം സൂചിപ്പിക്കട്ടെ.

ഇവിടെ ചര്‍ച്ച ചെയ്യുന്നത് മറ്റൊരു വിഷയമാണ്. ബന്ധുക്കളുടേയും സൈന്യത്തിന്റേയും ഇടയില്‍ (സേനയോരുഭയോര്‍ മദ്ധ്യേ) അര്‍ജ്ജുനന്‍ വില്ലെടുക്കുവാന്‍ കഴിയാത്തവിധം വിഷാദഭരിതനാകുന്നു. സ്വന്തം ഗുരുക്കന്മാര്‍, സഹോദരങ്ങള്‍ പുത്രപൗത്രന്മാര്‍, സുഹൃത്തുക്കള്‍, ശ്വശുരന്മാര്‍ എന്നിവര്‍ക്കെല്ലാം സര്‍വ്വനാശം വരുത്തി വയ്ക്കാവുന്നതാണു യുദ്ധം എന്ന ചിന്തയാണ് അര്‍ജ്ജുനനെ പടമുഖത്ത് പരിക്ഷീണനാക്കുന്നത്.

എന്നാല്‍ ഇതോടൊപ്പം ചിന്തിക്കേണ്ട മറ്റൊരു കാര്യവും ഉണ്ട്- ശ്രീകൃഷ്ണനും നില്‍ക്കുന്നത് ബന്ധുജനങ്ങളുടെയും സൈന്യത്തിന്റേയും നടുവിലാണ് എന്നിട്ടും എന്തു കൊണ്ട് അര്‍ജ്ജുനനെ ബാധിച്ച വിധത്തിലുള്ള വിഷാദഭാരം ശ്രീകൃഷ്ണനെ ബാധിക്കുന്നില്ലേ? അര്‍ജ്ജനനോളം ബന്ധുജനസ്‌നേഹം ശ്രീകൃഷ്ണന് ഇല്ലെന്നതാണോ കാരണം? ആണെങ്കില്‍ ശ്രീകൃഷ്ണനേക്കാള്‍ മഹാത്മാവ് അര്‍ജ്ജുനാനാണെന്നു പറയേണ്ടിവരും.

ബന്ധുക്കള്‍ തമ്മില്‍തല്ലി തുലയാതിരിക്കട്ടെ എന്ന് കരുതുന്ന അര്‍ജ്ജുനനും ബന്ധുക്കള്‍ തമ്മില്‍ തല്ലുന്നതില്‍ കൂസലേതുമില്ലാത്ത കൃഷ്ണനും ഒരേ നിലയില്‍ നല്ലവരാകാമെന്നു പറയാനാകില്ലല്ലോ. ശ്രീകൃഷ്ണന്‍ മാത്രമല്ല ദുരോധനനും അര്‍ജ്ജുനനെ പോലെ തന്നെ കുരുക്ഷേത്രഭൂമിയില്‍ നില്‍ക്കുന്നത് ബന്ധുക്കളുടേയും സേനയുടേയും ഇടയിലാണ്- പക്ഷേ ശ്രീകൃഷ്ണനെപ്പോലെ നി:സ്‌തോഭനോ അര്‍ജ്ജുനനെപ്പോലെ വിഷാദഭരിതനോ ആയിട്ടല്ല ദുര്യോധനന്‍ കരുക്ഷേത്രത്തില്‍ നില്‍ക്കുന്നത്-മറിച്ച് യുദ്ധ്യോത്സുകനായിട്ടാണ്.

ചുരുക്കത്തില്‍ ഒരേ യുദ്ധസാഹചര്യം തന്നെ അര്‍ജ്ജുനനില്‍ വിഷാദവും ശ്രീകൃഷ്ണനില്‍ നി:സ്‌തോഭതയും ദുര്യോധനനില്‍ യുദ്ധക്കൊതിയും ഒക്കെയാണു ഉളവാകുന്നത്. ഒരേ സാഹചര്യം വിഭിന്നവ്യക്തികളില്‍ ഉണ്ടാകുന്ന വ്യത്യസ്തപ്രതികരണങ്ങളുടെ കൂടി സുശക്താവിഷ്‌ക്കാരമാണ് ഭഗവദ്ഗീതയിലെ ഒന്നാം അദ്ധ്യായമായ അര്‍ജ്ജുനവിഷാദയോഗം.

എല്ലാവരും സേനയുടേയും ബന്ധുക്കളുടേയും നടുവിലാണ്. എന്നിട്ടും എല്ലാവരും പ്രതികരിക്കുന്നത് ഒരുപോലെയല്ല. എന്തുകൊണ്ടാണ് ഈ വ്യത്യസ്ത പ്രതികരണങ്ങള്‍ ഉണ്ടാവുന്നത്? ഇക്കാര്യം തെല്ലുമേ ചര്‍ച്ച ചെയ്യാതെയാണ് മിക്കവാറും സ്വാമിമാര്‍ ഗീതാജ്ഞാനയജ്ഞങ്ങള്‍ നടത്തുന്നത്. ഇതവരുടെ അറിവുക്കേടുകൊണ്ടാണോ അറിവു കൂടുതല്‍ കൊണ്ടാണോ? അക്കാര്യം പരിശോധിക്കേണ്ടിയിരിക്കുന്നു.

ശക്തിബോധി പരിചയക്കുറിപ്പ്:

1970ല്‍ തൃശ്ശൂര്‍ജില്ലയിലെ താലോരില്‍ ജനിച്ചു. അച്ഛന്‍ വടക്കേക്കര വീട്ടില്‍ രാമന്‍നായര്‍ അമ്മ ചെറാട്ടുവീട്ടില്‍ സരോജനിയമ്മ. തലോര്‍ ദീപ്തി ഹൈസ്‌കൂള്‍, അയ്യന്തോള്‍ ഗവ: ഹൈസ്‌കൂള്‍, ഇന്ത്യന്‍ ആര്‍ട്‌സ് കോളേജ് എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. മധുരൈ കാമരാജ് യൂനിവേഴ്‌സിറ്റിയില്‍നിന്നു ഫിലോസഫി & റിലീജ്യന്‍ എന്ന വിഷയത്തില്‍ മാസ്റ്റര്‍ ബിരുദം. മഹര്‍ഷി മഹാകവി കൃഷ്ണകുമാറിന്റെ കീഴില്‍ ഗുരുകുലമുറയില്‍ വേദോപനിഷത്തുകളിലും തന്ത്രമന്ത്രശാസ്ത്രങ്ങളിലും പഠനം നടത്തി. 1999ല്‍ മുംബൈയിലെ അന്തേരിയിലുള്ള അഢ്മാര്‍മഠത്തിലെ വൈദികക്രീയകള്‍ക്കുശേഷം സി.രാമചന്ദ്രന്‍ സ്വാമി വിശ്വഭദ്രാനന്ദശക്തിബോധി എന്ന പേരില്‍ സന്ന്യാസം സ്വീകരിച്ചു.

2008ല്‍ ബ്രഹ്മാനന്ദസ്വാമി ശിവയോഗി സിദ്ധാശ്രമത്തില്‍ യോഗപട്ടദാനം നേടി അന്തേവാസിയായി. സാരാഗ്രഹി മാസികയുടെ പത്രാധിപരായി പ്രവര്‍ത്തിച്ചു. ഇപ്പോള്‍ എതിര്‍ദിശ മാസികയുടെ പ്രവര്‍ത്തനസമിതിയില്‍ ചീഫ് കോഓര്‍ഡിനേറ്റര്‍. ഇടതുപക്ഷഹിന്ദുത്വം ഒരു ആമുഖം, അമൃതാനന്ദമയിയും മയിലമ്മയും തുടങ്ങിയ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ദിനപത്രങ്ങളിലും ആനുകാലികങ്ങളിലും നൂറിലേറെ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അറിയപ്പെടുന്ന പ്രഭാഷകനാണ്. രാജയോഗത്തെ അടിസ്ഥാനമാക്കി മാനസീകപ്രശ്‌നങ്ങള്‍ക്ക് കൗണ്‍സിലിങ്ങ് നടത്താറുണ്ട്.
ഋാമശഹ: വെമസവേശയീറവശ്ശംെമ@ഴാമശഹ.രീാ
ങീയ: 9495320311

E-mail: shakthibodhiviswa@gmail.com Mob: 9495320311