നാടകം അസ്തമിച്ചുകൊണ്ടിരിക്കുന്ന ഒരു കലയാണ്. കോഴിക്കോടിന്റെ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന തരത്തിലുള്ള ഒരുപാട് നാടങ്ങള്‍ നമ്മള്‍ കണ്ടതാണ്‌. ഇന്ന് നാടകകല മങ്ങിക്കൊണ്ടിരിക്കുകയാണ്. സിനിമയും അത് നല്‍കുന്ന പ്രശസ്തിയുടേയും പബ്ലിസിറ്റിയുടേയും പിറകേ പോകുന്ന പുതുതലമുറ വളരെ പുച്ഛത്തോടെയാണ് നാടകങ്ങളെ കാണുന്നത്. എന്നാല്‍ അക്കൂട്ടത്തില്‍ നാടകത്തെ സ്‌നേഹിക്കുന്ന കുറച്ചുപേരെ നമുക്ക് ഇന്നും പലയിടങ്ങളിലും കാണാം.

കോഴിക്കോട് തിരുവങ്ങൂര്‍ സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാര്‍ത്ഥി വിഷ്ണുവിന് നാടകം എല്ലാമെല്ലാമാണ്. ഗുരു ശിവദാസന്‍ പൊയില്‍കാവ് നടത്തുന്ന സണ്‍ഡേ തിയ്യേറ്ററുകളില്‍ 2007 മുതല്‍ വിഷ്ണുവും ഉണ്ടായിരുന്നു. ശിവദാസന്റെ നാടകങ്ങളെ സ്ഥിരം സാന്നിധ്യം കൂടിയാണ് ഈ മിടുക്കന്‍.

വിഷ്ണുവിന്റെ പേരില്‍ ഒരപൂര്‍വ്വ നേട്ടമുണ്ട്. ദേശീയ സ്‌ക്കൂള്‍ ആര്‍ട്‌സ് ഫെസ്റ്റിവലില്‍ രണ്ട് തവണ മികച്ച നടന്‍. അതും തുടര്‍ച്ചയായി. രണ്ടുതവണയും ഏറ്റവും നല്ല നാടകത്തിനുള്ള അവാര്‍ഡ് നേടിയതും വിഷ്ണു അവതരിപ്പിച്ച നാടകം. കഴിഞ്ഞ തവണ ‘ആത്തോ പുറത്തോ’ എന്ന നാടകത്തിനും ഇത്തവണ ‘പച്ചപ്ലാവില’ക്കും.

പിറന്ന നാട് വിട്ട് എവിടെയും പോകാനിഷ്ടമില്ലാത്ത അമ്മ, അമ്മയെ കൊണ്ടുപോകാനായി അമേരിക്കയില്‍ നിന്നുമെത്തിയ മകന്‍. ഈ പശ്ചാത്തലത്തിലൊരുക്കിയ കഥയാണ് പച്ചപ്ലാവിലയുടേത്. ഈ അമ്മയുടെ അവസ്ഥയെ കാട്ടുന്ന ഒരു ചവിട്ടുനാടകവും ചിത്രത്തിലുണ്ട്. നശിച്ചകൊണ്ടിരിക്കുന്ന മറ്റൊരു കലയെക്കൂടി വെളിച്ചത്തുകാട്ടാനുള്ള ശ്രമം. കൂടാതെ ചവിട്ടുനാടകത്തെ മികവുറ്റതാക്കിയ അഭിനേതാക്കളും.

നാടകം മരിക്കരുത് എന്നാഗ്രഹിക്കുന്നവര്‍ക്ക് ഒരുപാട് പ്രതീക്ഷ നല്‍കുകയാണ് വിഷ്ണുപ്പോലുള്ളവര്‍.