എഡിറ്റര്‍
എഡിറ്റര്‍
മോഹനന്‍ വൈദ്യന്മാരും പ്രകൃതി ചികിത്സയും: ഒരു ആയുര്‍വേദ ഡോക്ടറുടെ കുറിപ്പ്
എഡിറ്റര്‍
Monday 24th July 2017 2:08pm

ആധുനികവൈദ്യശാസ്ത്രത്തില്‍ മാത്രമല്ല ആയുര്‍വേദത്തിലും മരുന്ന് കച്ചവടം വന്‍ തട്ടിപ്പാണെന്ന് പറയുന്ന മോഹനന്‍ ഇതിനുള്ള തെളിവുകളോ അതിനെതിരെ സ്വീകരിച്ച നിയമനടപടിയോ എന്തെന്ന് ചോദിച്ചാല്‍ നൈസായി സ്‌കൂട്ടാവും. ‘കഥയില്‍ ചോദ്യമില്ല, ഇങ്ങോട്ടൊന്നും പറയേണ്ട, ഞാനങ്ങോട്ട് പറയും, കേട്ടുകൊള്ളണം, വിശ്വസിച്ചുകൊള്ളണം’ എന്നതാണ് മൂപ്പരുടെ ലൈന്‍.കേരളത്തിന്റെ മണ്ണില്‍ മരണത്തിന്റെ വടവൃക്ഷമായി പടര്‍ന്ന് പന്തലിച്ചിരിക്കുന്ന വ്യാജവൈദ്യസമൂഹം പൊതുജനാരോഗ്യത്തിനൊരു വലിയ വെല്ലുവിളി ആയിത്തുടങ്ങിയിട്ട് നാളേറെ കഴിഞ്ഞിരിക്കുന്നു.

ഇക്കൂട്ടരെല്ലാം തങ്ങള്‍ പറയുന്നതും പ്രവര്‍ത്തിക്കുന്നതുമായ വിവരക്കേടുകളെല്ലാം ആയുര്‍വേദമാണെന്ന് പൊതുജനത്തെ തെറ്റിദ്ധരിപ്പിച്ച് വൈദ്യശാസ്ത്രസംബന്ധമായി വലിയ ധാരണയില്ലാത്ത സാധാരണക്കാര്‍ വിശ്വസിച്ചുപോകുന്ന രീതിയില്‍ അബദ്ധപ്രചാരണങ്ങള്‍ നടത്തുകയും ആയുര്‍വേദത്തിന്റെ തണലില്‍ സൈ്വര്യവിഹാരം നടത്തുകയും ചെയ്യുന്നു.

ഇതിനെതിരേ ഒറ്റപ്പെട്ട ചില ശബ്ദങ്ങളുയര്‍ന്ന് വരാറുണ്ടെങ്കിലും ചില അഭ്യസ്ഥവിദ്യരായ ആയുര്‍വേദ ഡോക്ടര്‍മാരെങ്കിലും തങ്ങളുടെ സ്വാര്‍ത്ഥലാഭത്തിനായി ഇത്തരം വ്യാജന്മാരെ പിന്തുണയ്ക്കുകയും അവര്‍ക്ക് വേണ്ടി അസംബന്ധ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്ത് വന്നിരുന്നതിനാല്‍ ആയുര്‍വേദ മേഖലയില്‍ നിന്ന് ഈ വിപത്തിനെതിരേ ഒരിക്കലും സംഘടിത ശബ്ദമുയര്‍ത്താന്‍ സാധിച്ചിരുന്നില്ല.

ഇക്കഴിഞ്ഞദിവസങ്ങളിലും നിയമനടപടി നേരിട്ട ഒരു വ്യാജ വൈദ്യന് പിന്തുണയുമായി ആയുര്‍വേദ-സിദ്ധ ഡോക്ടര്‍മാരെന്നവകാശപ്പെട്ട് രണ്ടുപേര്‍ രംഗത്ത് വന്നിരുന്നത് ഈ മേഖല നേരിടുന്ന ധാര്‍മ്മിക അപചയത്തിന്റെ വ്യക്തമായ സൂചന കൂടിയാണ്.

അപൂര്‍വ്വം ചിലരൊഴികെ എന്തുകൊണ്ട് ഈയൊരു കാര്യത്തില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കിടയില്‍ ഒരു പൊതുവായ അഭിപ്രായം രൂപപ്പെട്ടു എന്നത് പൊതുജനാരോഗ്യമേഖല വ്യാജവൈദ്യന്മാരുടെ കുല്‍സിതപ്രവര്‍ത്തനങ്ങളാല്‍ മുമ്പെങ്ങുമില്ലാത്തവിധം പ്രതിസന്ധി നേരിട്ട ഒരു സാഹചര്യത്തിന്റെ പ്രതിഫലനമാണ്.

ഇത്തരക്കാര്‍ ആയുര്‍വേദത്തിന്റെ പേര് വ്യാപകമായി ദുരുപയോഗം ചെയ്തുകൊണ്ടിരുന്ന സാഹചര്യത്തില്‍ ആധുനിക വൈദ്യശാസ്ത്ര വിദഗ്ധരുള്‍പ്പെടെ പൊതുജനാരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഇത്തരം അസംബന്ധങ്ങളാണ് ആയുര്‍വേദത്തില്‍ പഠിപ്പിക്കുന്നതെങ്കില്‍ ആയുര്‍വേദം തന്നെ നിരോധിച്ച് കളയണമെന്ന തരത്തില്‍ രൂക്ഷമായി പ്രതികരിച്ച് തുടങ്ങിയപ്പോഴാണ് ഞാനടക്കമുള്ള കുറച്ച് യുവ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്ക് ഈ പ്രശ്‌നത്തിന്റെ വ്യാപ്തി ബോധ്യപ്പെട്ട് തുടങ്ങിയത്.

അതുവരെ ഇത്തരം നിശ്ശബ്ദകൊലപാതകങ്ങളെപ്പറ്റി ഞങ്ങള്‍ക്കും വലിയ ധാരണയൊന്നുമുണ്ടായിരുന്നില്ല.
ഈ വ്യാജന്മാരെപ്പറ്റിയൊന്നും കേട്ടിട്ട് കൂടിയുണ്ടായിരുന്നില്ല.

ആയുര്‍വേദത്തെപ്പറ്റി വിമര്‍ശനങ്ങളുന്നയിച്ച ആരോഗ്യവിദഗ്ധരുമായി തുടക്കത്തില്‍ അല്പം ജാള്യതയോടെ തന്നെ ബന്ധപ്പെട്ട് ഇതിനുപിന്നിലുള്ള യഥാര്‍ത്ഥ കാര്യകാരണങ്ങളെപ്പറ്റി അന്വേഷിച്ച് ബോദ്ധ്യപ്പെട്ടതാണ് സമൂഹത്തെ കാര്‍ന്ന് തിന്നുകൊണ്ടിരുന്ന വ്യാജവൈദ്യമെന്ന ക്യാന്‍സറിന്റെ വ്യാപ്തി.

നിരന്തരമുള്ള ആശയവിനിമയങ്ങളിലൂടെ ഞങ്ങള്‍ ഇരുകൂട്ടര്‍ക്കും കൂടുതല്‍ കൂടുതല്‍ ബോദ്ധ്യപ്പെട്ടുകൊണ്ടിരുന്ന വസ്തുത പലപ്പോഴും ആയുര്‍വേദമെന്ന പേരില്‍ ചികില്‍സ തേടി ഗുരുതരാവസ്ഥയിലാകുകയും മരണപ്പെടുകയും ചെയ്തുകൊണ്ടിരുന്ന രോഗികളാരും തന്നെ അംഗീകൃത ആയുര്‍വേദ വൈദ്യശാസ്ത്രബിരുദമായ ബി.എ.എം.എസ് യോഗ്യതയുള്ള ഡോക്ടര്‍മാരുടെയോ, എന്തിന് അംഗീകൃത പാരമ്പര്യ വൈദ്യന്മാരുടെയോ പോലും ചികിത്സയിലല്ല ദുരന്തങ്ങള്‍ അനുഭവിച്ചതെന്നാണ്.

ഇതിനിടെ ഡെങ്കിപ്പനിയില്‍ പ്ലേറ്റ്‌ലെറ്റ് കൗണ്ട് തീരെ കുറഞ്ഞ് അതീവഗുരുതരാവസ്ഥയിലാകുന്ന രോഗികള്‍ക്ക് പ്ലേറ്റ്‌ലെറ്റ് ട്രാന്‍സ്ഫ്യൂഷനൊഴിവാക്കാമെന്ന പേരില്‍ വിവിധ വൈദ്യശാസ്ത്രവിഭാഗങ്ങളിലെ ചില അംഗീകൃത ഡോക്ടര്‍മാരുടെ പേരിലും വ്യാജ ചികില്‍സാ വാഗ്ദാനങ്ങള്‍ പ്രചരിപ്പിക്കപ്പെട്ടു എന്നതും വിസ്മരിക്കുന്നില്ല.

വ്യാജ വാഗ്ദാനങ്ങള്‍ നല്‍കുകയും, വ്യാജന്മാരെ പിന്തുണയ്ക്കുകയും വ്യാജചികില്‍സ നടത്തുകയും ചെയ്യുന്നവരാരായാലും അവരെ ഒറ്റപ്പെടുത്തുകയും തക്കതായ ശിക്ഷ നല്‍കുകയും ചെയ്യേണ്ടത് തന്നെയാണ്.

എന്നാല്‍ യാതൊരു വൈദ്യവിദ്യാഭ്യാസവും നേടിയിട്ടില്ലാത്ത മോഹനനെപ്പോലുള്ള സമ്പൂര്‍ണ്ണ വ്യാജന്മാരെക്കൊണ്ടുള്ള വിപത്തിന്റെ വ്യാപ്തി ഊഹിക്കാവുന്നതിനുമപ്പുറമാണ്. ഗുരുതരമായ ക്യാന്‍സര്‍ ബാധിച്ച് യഥാസമയം കൃത്യമായ ചികിത്സ ലഭ്യമായിരുന്നെങ്കില്‍ രക്ഷപെടുമായിരുന്നവര്‍, വാക്‌സിന്‍ മൂലം പൂര്‍ണ്ണമായും പ്രതിരോധിക്കാവുന്ന ഡിഫ്ത്തീരിയ പോലുള്ള രോഗങ്ങളുടെ തിരിച്ചുവരവും അതുമൂലമുണ്ടായ കുട്ടികളുടെ മരണവും, എല്ലാത്തിനും മുകളില്‍ കൂനിന്മേല്‍ കുരുവെന്ന പോലെ ഡെങ്കിപ്പനിയും കൃത്യമായി കാരണം നിര്‍ണ്ണയിക്കപ്പെടുക പോലും ചെയ്യാന്‍ സാധിക്കാതെ വ്യാജചികിത്സ തേടി പനി ഗുരുതരമായി മരണപ്പെടുകയും ചെയ്ത ഒട്ടേറെപ്പേര്‍, ഇങ്ങനെ വ്യാജവൈദ്യം മൂലമുള്ള ഗുരുതരപ്രത്യാഘാതങ്ങള്‍ നീളുന്നു.

ഇത്തരമൊരു സാഹചര്യത്തില്‍ സമൂഹനന്മയെക്കരുതി ഈ വിപത്തിനെതിരെ പ്രതികരിക്കാതിരുന്നാല്‍ പഠിച്ചതിനൊന്നും യാതൊരു അര്‍ത്ഥവുമില്ലെന്ന് വരുമെന്ന തിരിച്ചറിവില്‍ നിന്നാണ് ഞങ്ങള്‍ കുറച്ച് പേര്‍ വ്യാജവൈദ്യത്തിനെതിരെയുള്ള പ്രതിഷേധങ്ങള്‍ക്ക് തുടക്കം കുറിച്ചത്, ശക്തമായ എതിര്‍പ്പുകള്‍ പലഭാഗത്ത് നിന്നും പ്രതീക്ഷിച്ചുകൊണ്ട് തന്നെ.

സാമൂഹ്യമാധ്യമങ്ങളുടെ ചാലകശക്തിയില്‍ ഒട്ടേറെ യുവഡോക്ടര്‍മാര്‍ ഈ ധാര്‍മ്മികബാധ്യതയെ തങ്ങളുടെ ഉത്തരവാദിത്തമായി സ്വയം ഏറ്റെടുത്ത് ഞങ്ങളോടൊപ്പം അണിചേര്‍ന്നു. തുടക്കത്തില്‍ തെറ്റിദ്ധാരണമൂലം ആയുര്‍വേദത്തെ പ്രതിസ്ഥാനത്ത് കണ്ട ആരോഗ്യവിദഗ്ധരും യാഥാര്‍ത്ഥ്യം തിരിച്ചറിഞ്ഞ് വ്യാജവൈദ്യത്തിനെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്ന സാഹചര്യം സംജാതമായി.

ഈയവസരത്തില്‍ ആയുര്‍വേദ ഡോക്ടര്‍മാരുടെ സംഘടനയായ ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യ ഇക്കാര്യത്തിലുള്ള അടിയന്തിരപ്രാധാന്യം പരിഗണിച്ച് വ്യാജവൈദ്യത്തിനെതിരെ ഈ മാസം 26 ന് തിരുവനന്തപുരത്ത് വെച്ച് ഒരവകാശപ്രഖ്യാപന സമ്മേളനം വിളിക്കാനും തീരുമാനമായി. വ്യാജവൈദ്യം പൂര്‍ണ്ണമായി നിരോധിച്ച് പൊതുജനാരോഗ്യം സംരക്ഷിക്കുക എന്നതാണ് പ്രസ്തുത സമ്മേളനത്തിന്റെ പ്രധാന അജണ്ടകളിലൊന്ന്.

മേല്‍പ്പറഞ്ഞ അവകാശപ്രഖ്യാപന സമ്മേളനത്തിന്റെ വാര്‍ത്ത പുറത്ത് വന്നതോടെയാണ് ഒട്ടേറെ വ്യാജന്മാര്‍ കേരളത്തിലുണ്ടായിരുന്നിട്ടും ‘ഇതെന്നെത്തന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം ഉദ്ദേശിച്ചാണ്’ എന്ന സിനിമാ സംഭാഷണത്തെ അനുസ്മരിപ്പിക്കും വിധം യൂട്യൂബിലൂടെയും ഫേസ്ബുക്കിലൂടെയും മറ്റും നിരന്തരമായി അസംബന്ധ വീഡിയോ പ്രചാരണങ്ങള്‍ നടത്തുന്ന, സ്വന്തമായി ഫാന്‍സ് അസോസിയേഷനും പി.ആര്‍ ഏജന്‍സിയുമൊക്കെയുള്ള കേരളത്തിലെ ഏറ്റവും പ്രശസ്തനായ വ്യാജന്‍ മോഹനന്‍ വെളിച്ചപ്പാടുറയുന്നത് പോലെ ഉറഞ്ഞുതുള്ളി വീഡിയോ പ്രചാരണവുമായി വീണ്ടും രംഗത്തെത്തിയത്.

ഇതിനിടെ ആരുടെയൊക്കെയോ പരാതിയില്‍ പുള്ളിയുടെ ‘ആശുപത്രിയില്‍’ ആരോഗ്യവകുപ്പ് റെയ്ഡ് നടത്തുകയോ പൊലീസ് ഇടപെടുകയോ പൂട്ടിക്കുകയോ ഒക്കെ ഉണ്ടായതായി അറിഞ്ഞു.

ഈ ഘട്ടത്തിലാണ് ചില ഓണ്‍ലൈന്‍ മാധ്യമങ്ങളെ വരെ വിലയ്‌ക്കെടുത്ത് മോഹനനെ അവതാരപുരുഷനായി ഉയര്‍ത്തിക്കാട്ടാനുള്ള ശ്രമം. ഇത്തരത്തിലുള്ള ചില വാര്‍ത്തകളെന്ന വ്യാജേനയുള്ള ‘മോഹന വീരഗാഥകള്‍’ വളരെ സഹതാപാര്‍ഹമായ വാദഗതികളാണ് മുന്നോട്ട് വയ്ക്കുന്നത്.

മരുന്നു മാഫിയയ്‌ക്കെതിരെ പ്രതികരിച്ചതിന് ആരോഗ്യവകുപ്പ് പ്രതികാരനടപടിയെടുത്തെന്നതാണ് പ്രധാന വാദഗതി. ‘എന്റെ തല എന്റെ ഫുള്‍ ഫിഗര്‍’ എന്ന രീതിയിലുള്ള വാചകക്കസര്‍ത്താണ് ഇദ്ദേഹത്തിന്റെ മരുന്ന് മാഫിയക്കെതിരെയുള്ള പോരാട്ടമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കാപട്യം.

മരുന്നുകള്‍ വിഷമാണ്, വാക്‌സിന്‍ വിഷമാണ്, ഇതെല്ലാം ബില്‍ ഗേറ്റ്‌സിന്റെ ഡീ പോപ്പുലേഷന്‍ അജണ്ടയാണ് എന്നൊക്കെ നാഴികയ്ക്ക് നാല്‍പതുവട്ടമെന്നപോലെ പറഞ്ഞ് പ്രചരിപ്പിക്കുന്ന ഇദ്ദേഹവും ശിങ്കിടികളും മരുന്നെന്ന പേരില്‍ നല്‍കുന്നതാവട്ടെ ചുടുകട്ടപ്പൊടി, മുണ്ട് കത്തിച്ച ചാരം തുടങ്ങി ലോകത്തൊരു വൈദ്യശാസ്ത്രസമ്പദ്രായത്തിലും പ്രയോഗത്തിലില്ലാത്തതും നിഷ്പ്രയോജനകരവുമായ വസ്തുക്കള്‍. അതും ക്യാന്‍സറുള്‍പ്പെടെയുള്ള ഗുരുതര രോഗങ്ങളില്‍.

ഇത്തരത്തില്‍ അടുത്തകാലത്തായി പ്രചരിച്ചതാണ് പ്രസാദ് എന്‍.പി എന്നൊരു മോഹന വൈദ്യശിങ്കിടി വാട്ട്‌സാപ്പ് വഴി പ്രചരിപ്പിച്ചതായ ‘വാക്‌സിനേഷനെടുത്തിട്ടാണ് കുട്ടികളില്‍ ഓട്ടിസമുണ്ടാവുന്നത്, പ്രത്യേകിച്ചും പെന്റാവാലന്റ് വാക്‌സിന്‍. ഓട്ടിസത്തിന്റെ ലക്ഷണങ്ങള്‍ കണ്ടാലുടനേ വാക്‌സിന്‍ നിര്‍ത്തി അടിയന്തിരമായി ആയുര്‍വേദചികില്‍സ തേടുക, ആയുര്‍വേദത്തിലൂടെ ഓട്ടിസം പൂര്‍ണ്ണമായി മാറ്റാം’ മുതലായ അസംബന്ധങ്ങളടങ്ങിയ ഒരു ഓഡിയോ മെസ്സേജ്.

ഇതിന് അനുബന്ധമായി ബില്‍ ഗേറ്റ്‌സിന്റെ ഡീ പോപ്പുലേഷന്‍ അജണ്ടയാണിതിന് പിന്നില്‍, ന്യൂ വേള്‍ഡ് ഓര്‍ഡറാണ് ലക്ഷ്യം എന്നൊക്കെ പറഞ്ഞ് അയാളുടെ ഫേസ്ബുക്ക് പ്രൊഫൈല്‍ വഴിയും, ഇന്റര്‍നാഷണല്‍ ഹ്യൂമന്‍ റൈറ്റ്‌സ് അസോസിയേഷന്‍ എന്നൊരു തട്ടിക്കൂട്ട് സംഘടനയുടെ പേജിലും, അയാളുടെ ബ്ലോഗിലും ഒക്കെ തികച്ചും അവാസ്തവമായ ആന്റിവാക്‌സിനേഷന്‍ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയുണ്ടായി.

മോഹനന്‍ വൈദ്യരുടെ ഫേസ്ബുക്കില്‍ നിന്ന്‌

യഥാര്‍ത്ഥത്തില്‍ ഇന്ന് നിലവിലുള്ള ആധുനിക വാക്‌സിനുകള്‍ പ്രചാരത്തിലാവുന്നതിനും വളരെ മുമ്പേ കണ്ടെത്തിയ ഒരുകൂട്ടം രോഗങ്ങളാണ് പെര്‍വേസീവ് ഡെവലപ്പ്‌മെന്റല്‍ ഡിസോര്‍ഡേഴ്‌സ്. കുട്ടികളുടെ മാനസികവളര്‍ച്ചയില്‍ വിവിധഘട്ടങ്ങളിലുണ്ടാവുന്ന ചില പോരായ്മകളാണവ. അവയെ പിന്നീട് വിശദമായി പഠിച്ച് തരംതിരിക്കുകയും ഓട്ടിസം സ്‌പെക്ട്രം ഡിസോര്‍ഡേഴ്‌സ് എന്ന് പുനര്‍നാമകരണം ചെയ്യുകയും ചെയ്തു.

ജനിതക വ്യതിയാനങ്ങളുള്‍പ്പെടെ സംശയിക്കുന്ന, പൂര്‍ണ്ണമായ കാരണങ്ങള്‍ ഇപ്പോഴും പഠനവിഷയമായ, വളരെ മുമ്പേ കണ്ടെത്തിയ ഒരു കൂട്ടം രോഗങ്ങള്‍ അന്നും ഉണ്ടായിരുന്നുവെന്നത് എന്തായാലും ഇന്നത്തെ വാക്‌സിന്റെ ദൂഷ്യഫലമല്ല. ആന്റിവാക്‌സിന്‍ അജണ്ടയുടെ പ്രചാരകര്‍ പറയുന്നത് വാക്‌സിനെടുത്ത ശേഷമാണ് കുട്ടികളില്‍ ഓട്ടിസം ലക്ഷണങ്ങള്‍ കാണുന്നതെന്നാണ്. അല്ലെങ്കിലും ജനിച്ച ഉടനെ ഈവക ലക്ഷണങ്ങള്‍ കാണാന്‍ കഴിയില്ലെന്നതാണ് വാസ്തവം.

കുട്ടികള്‍ ആളുകളുടെ മുഖത്ത് നോക്കുക, ചിരിക്കുക, സംസാരിക്കുക, സൗഹൃദം സ്ഥാപിക്കുക മുതലായ കാര്യങ്ങള്‍ ചെയ്യാതെ, ആശയവിനിമയങ്ങളോട് പ്രതികരിക്കാതെ വരുന്നതാണ് ഓട്ടിസത്തിന്റെ തിരിച്ചറിയാന്‍ കഴിയുന്ന ആദ്യ ലക്ഷണങ്ങള്‍. ഇത്തരം സ്വഭാവരൂപീകരണത്തിനുള്ള സ്വാഭാവികപ്രായം ആവുമ്പോഴേ അതിലുള്ള പാളിച്ചകള്‍ ശ്രദ്ധിക്കപ്പെടൂ. അപ്പോഴേക്കും വാക്‌സിനേഷനും നടത്തുന്നു എന്നതൊരു യാദൃച്ഛികത മാത്രമാണ്.

അല്ലാതെ വാക്‌സിനേഷന്‍ ഓട്ടിസമുണ്ടാക്കുന്നതല്ല. അത്യധികം മരണനിരക്കുണ്ടായിരുന്ന വസൂരിയെ തുടച്ച് നീക്കിയതും നൂറ് ശതമാനം തന്നെ മരണനിരക്കുണ്ടായിരുന്ന പേവിഷബാധയ്ക്ക് പ്രതിവിധി കണ്ടെത്തിയതുമെല്ലാം നമ്മുടെ കണ്‍മുന്നില്‍ തന്നെയുള്ള വാക്‌സിനേഷന്റെ ചില ഗുണഫലങ്ങള്‍ മാത്രമാണ്.

ഇത്തരം കള്ളപ്രചാരണങ്ങളില്‍ വിശ്വസിച്ച് ചില രക്ഷിതാക്കളെങ്കിലും കുട്ടികളുടെ വാക്‌സിനേഷന്‍ ഒഴിവാക്കിയതാണ് വാക്‌സിനേഷന്‍ മൂലം പൂര്‍ണ്ണമായി പ്രതിരോധിക്കാവുന്ന ഡിഫ്ത്തീരിയബാധമൂലമുള്ള മരണങ്ങള്‍ പോലും അടുത്തിടെ കാണേണ്ടിവന്ന ദു:ഖകരമായ സാഹചര്യത്തിന് വഴിവെച്ചത്.

മരുന്നു മാഫിയയ്‌ക്കെതിരെ പോരാടുന്നു എന്ന് വാഴ്ത്തപ്പെടുന്ന മോഹനനെപ്പോലുള്ളവര്‍ കാരണമേ അങ്ങനൊരു മാഫിയ ഉണ്ടെങ്കിലത് നിലനില്‍ക്കുന്നുള്ളൂ. കാരണം വളരെ നിസ്സാരമായ വാക്‌സിനുകള്‍ കൊണ്ടോ, മരുന്നുകള്‍ കൊണ്ടോ, മറ്റ് ചികിത്സ കൊണ്ടോ പ്രതിരോധിക്കാവുന്ന, പൂര്‍ണ്ണമായി മാറാവുന്ന രോഗങ്ങളുണ്ടെങ്കില്‍ അവയെ ‘ചികിത്സിച്ച്’ കുളമാക്കി ഗുരുതരാവസ്ഥയിലെത്തിക്കുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. ഫലമോ, കൂടുതല്‍ വീര്യമേറിയ,
വിലകൂടിയ മരുന്നുകള്‍, ചികിത്സകള്‍ ഒക്കെ രോഗികള്‍ക്ക് ദീര്‍ഘകാലം വേണ്ടി വരുന്നു.

ദീര്‍ഘകാല ആശുപത്രിവാസവും വേണ്ടിവരാം. എങ്കില്‍ പോലും രക്ഷപെടുന്ന കാര്യം സംശയവും. മരുന്ന് മാഫിയയ്‌ക്കെതിരെ നിരന്തരം പോരാടുന്നതായിപ്പറയുന്ന ഇദ്ദേഹത്തെപ്പോലുള്ളവരാകട്ടെ നാളിതുവരെ ഒരു മരുന്നുകമ്പനിക്കെതിരെയും യാതൊരു നിയമനടപടിയ്ക്കും മുതിര്‍ന്നിട്ടുമില്ല.

ഡോക്ടര്‍മാരും ആശുപത്രി മാനേജ്‌മെന്റുകളുമൊക്കെ മരുന്ന് മാഫിയയ്ക്ക് വേണ്ടി രോഗികളെ വിഷം തീറ്റിക്കുകയും കൊള്ളയടിക്കുകയും ചെയ്യുന്നുവെന്ന് പറയുന്ന ആളുടെ ‘മരുന്നുകളുടെ’ വില കേട്ടാലാവട്ടെ ആരുടെയും ബോധം പോവുമെന്ന് അനുഭവസ്ഥര്‍ പറയുന്നു.

മറ്റൊരു തമാശ പ്രകൃതിയോടിണങ്ങിയ ജീവിതരീതിയിലൂടെ രോഗങ്ങളൊഴിവാക്കാമെന്ന വാദമാണ്. എന്നാല്‍ ഈ പ്രകൃതിജീവനം വളരെ സെലക്ടീവായ കാര്യങ്ങളിലേ ബാധകമാകുന്നുള്ളൂ എന്ന് മാത്രം. പ്രകൃതിയില്‍ മനുഷ്യനൊഴികെ ആരും പല്ല് തേക്കുകയോ, കുളിക്കുകയോ, തുണിയുടുക്കുകയോ, തലമുടിയും നഖവും വെട്ടിവൃത്തിയാക്കുകയോ, ഷേവ് ചെയ്യുകയോ, മൊബൈല്‍ ഫോണുപയോഗിക്കുകയോ ഒന്നും ചെയ്യില്ലെങ്കിലും പ്രകൃതിജീവനക്കാരെല്ലാം തന്നെ ഇതെല്ലാം ചെയ്യുന്നവരാണ്.

മാത്രമല്ല പ്രകൃതിയില്‍ മറ്റെല്ലാ ജീവികളും പരസ്യമായി ലൈംഗികത ആസ്വദിക്കുന്നവരാണെന്നിരിക്കെ മനുഷ്യരായ പ്രകൃതിജീവികള്‍ക്ക് പക്ഷേ മറ്റ് മനുഷ്യരെപ്പോലെ തന്നെ ഇക്കാര്യത്തില്‍ സ്വകാര്യത ആവശ്യവുമാണെന്നതാണ് തികഞ്ഞ വിരോധാഭാസം. ഇവരുടെ പ്രകൃതിജീവിതം ചായ കുടിക്കരുത്, ബിസ്‌ക്കറ്റോ ഐസ്‌ക്രീമോ കഴിക്കരുത്, പഞ്ചസാര ഉപയോഗിക്കരുത് മുതലായ ബാലിശമായ വാദങ്ങളില്‍ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതുമാകുന്നു.

മരുന്നിന്റെയോ വാക്‌സിന്റെയോ കാര്യത്തില്‍ മാത്രമല്ല, എന്തിനും ഏതിനും മാഫിയ, വിഷം മുതലായ ഭയം ജനിപ്പിക്കുന്ന വാക്കുകളേ ഇക്കൂട്ടര്‍ ഉപയോഗിക്കൂ. ഉദാഹരണത്തിന് രാസ-ജൈവ വളങ്ങളോ, കീടനാശിനിയോ ഒന്നും തീരെ ഉപയോഗിക്കാതെയോ നിയന്ത്രിതമായ അളവില്‍ മാത്രം ഉപയോഗിച്ചോ കൃഷി ചെയ്യുന്ന നിരവധി നാടന്‍ കര്‍ഷകരുണ്ടെങ്കിലും ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നത് കര്‍ഷകര്‍ മുഴുവന്‍ കീടനാശിനി മാഫിയയുടെ ആളുകളാണ്, പച്ചക്കറികള്‍ മുഴുവന്‍ വിഷം നിറച്ചതാണ് എന്നൊക്കെയാണ്. പറയുന്നത് കേട്ടാല്‍ തോന്നും ചുമ്മാ അങ്ങ് കോരിയൊഴിക്കാന്‍ കര്‍ഷകര്‍ക്ക് മുഴുവന്‍ ഇവര്‍ സൗജന്യമായി കീടനാശിനി വാങ്ങിക്കൊടുക്കുന്നുണ്ടെന്ന്.

ഇത്തരത്തില്‍ സമൂഹത്തില്‍ ഭയം ജനിപ്പിച്ച് കഴിഞ്ഞാല്‍ പിന്നെ എല്ലാം എളുപ്പമായി. തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന, അല്ലെങ്കില്‍ വില്‍പന നടത്തുന്ന ഓര്‍ഗാനിക്ക് എന്നവകാശപ്പെടുന്ന ഭക്ഷ്യവസ്തുക്കള്‍, പച്ചക്കറികള്‍ ഒക്കെ ചൂടപ്പം പോലെ ചിലവാകും. അതിലൊക്കെ യഥാര്‍ത്ഥത്തില്‍ അടങ്ങിയിരിക്കുന്നതെന്താണെന്ന് ഏതവനെങ്കിലും തുരന്ന് നോക്കാന്‍ മിനക്കെടുമോ, ഇല്ലല്ലോ.

രാസവളമാവട്ടെ കീടനാശിനിയാവട്ടെ അവയുടെ ഗുണദോഷങ്ങളറിഞ്ഞ്, വേണ്ടിവരുന്ന സാഹചര്യത്തില്‍ മാത്രം നിയന്ത്രിതമായ അളവിലുപയോഗിക്കുന്നത് യഥാര്‍ത്ഥത്തില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുംപോലെ അപകടകരമല്ല. ആവശ്യമില്ലെങ്കില്‍ ഉപയോഗിക്കാതിരിക്കാമെന്നത് മറ്റൊരു വശം.

സ്വന്തമായി വീട്ടുമുറ്റത്തെങ്കിലും കൃഷി ചെയ്യുന്നവര്‍ക്ക് ഇതെല്ലാം അറിഞ്ഞ് തന്നെ തങ്ങളുടെ പച്ചക്കറികള്‍ പൂര്‍ണ്ണ വിശ്വാസത്തോടെ ഉപയോഗിക്കാം ഇത്തരം ഒരു പ്രചാരണങ്ങളിലും ഭയപ്പെടാതെ. അതിന് മോഹനനെപ്പോലെയുള്ളവരുടെ ഉപദേശമേ ആവശ്യം വരുന്നില്ല. മാത്രമല്ല, കീടനാശിനി പോലുള്ള രാസസംയുക്തങ്ങളുടെ ഗുണദോഷങ്ങളെല്ലാം ഏതൊരു വിദ്യാര്‍ത്ഥിയും സ്‌കൂള്‍ പാഠപുസ്തകത്തില്‍ പഠിക്കുന്നതുമാണ്. അവയുടെ പ്രായോഗികവശങ്ങളാണ് മനസ്സിലാക്കേണ്ടത്, അല്ലാതെ ആരെങ്കിലും പറയുന്ന ഗൂഢാലോചനാസിദ്ധാന്തങ്ങള്‍ കണ്ണടച്ച് വിശ്വസിക്കുകയല്ല.

ഇനിയൊരു വാദം വിപണിയില്‍ ലഭ്യമായ ഭക്ഷ്യവസ്തുക്കളില്‍ മുഴുവന്‍ മായമാണെന്നതാണ്. ഭക്ഷ്യവസ്തുക്കളിലെ മായം കണ്ടെത്താനുള്ള എന്ത് പ്രായോഗികപരിശീലനമാണ് ഇദ്ദേഹത്തിന് ലഭിച്ചിട്ടുള്ളത് ? ഇദ്ദേഹം വെളിച്ചെണ്ണയില്‍ മുഴുവന്‍ പാരഫിന്‍ വാക്‌സാണെന്ന് പറയുന്നു, മഞ്ഞള്‍പ്പൊടിയിലും മുളക് പൊടിയിലും കളറാണെന്ന് പറയുന്നു, അങ്ങനെ പലതും. ഇതിനൊക്കെ എന്ത് തെളിവാണ് ലഭിച്ചത്, മായങ്ങള്‍ എങ്ങനെ തിരിച്ചറിഞ്ഞു എന്നൊക്കെ ആരോപണമുന്നയിക്കുന്നവര്‍ തന്നെ പറയണ്ടേ? വെറുതേ എന്തും പറയാമെങ്കില്‍ കാപ്പിപ്പൊടിയില്‍ ആട്ടിന്‍കാഷ്ഠമാണ് ചേര്‍ക്കുന്നത് എന്നൊരു വാദം വാദത്തിന് വേണ്ടി മാത്രം ആര്‍ക്കും പറയാം. ഇപ്പറഞ്ഞ ആട്ടിന്‍കാഷ്ഠം കാപ്പിപ്പൊടിയിലുണ്ടെങ്കില്‍ അതെങ്ങനെ തിരിച്ചറിഞ്ഞു, നിങ്ങള്‍ വാങ്ങുമ്പോള്‍ അതെങ്ങനെ തിരിച്ചറിയാം, ഇത്തരത്തില്‍ മായം ചേര്‍ത്ത ബ്രാന്‍ഡുകള്‍ ഏതെല്ലാം, എന്തൊക്കെ മായങ്ങള്‍, എന്ത് നിയമനടപടിയാണ് പ്രസ്തുത കണ്ടെത്തല്‍ നടത്തിയ വ്യക്തി സ്വീകരിച്ചത് എന്നൊക്കെ പറയാന്‍ ആരോപണമുന്നയിക്കുന്നയാള്‍ ബാദ്ധ്യസ്ഥനാണ്, അത് ആരായാലും.

അപ്പോള്‍ അതും പൊതുജനങ്ങളില്‍ ഭീതി പടര്‍ത്താനുള്ള മറ്റൊരു ഗൂഢാലോചനാസിദ്ധാന്തം മാത്രം. എങ്കിലല്ലേ സ്വന്തം ഉല്‍പന്നങ്ങള്‍ക്ക് മാര്‍ക്കറ്റുണ്ടാക്കാന്‍ പറ്റൂ. ഇതോടൊപ്പം ചേര്‍ത്ത് അലൂമിനിയം പാത്രത്തില്‍ പാചകം ചെയ്യുന്നത് ആരോഗ്യത്തിന് ഹാനികരമാണ്, സോപ്പും, ടൂത്ത്‌പേസ്റ്റും മറ്റ് സൗന്ദര്യവര്‍ദ്ധക ഉല്‍പന്നങ്ങളും കൊടിയ രാസവിഷമാണ് എന്നൊക്കെയുള്ള, ഇത്തരത്തില്‍ യാതൊരു ആധികാരിക പഠനങ്ങളും യഥാര്‍ത്ഥത്തില്‍ നടന്നിട്ടില്ലാത്ത വിഷയങ്ങളിലെ അസംബന്ധങ്ങളും രസശാസ്ത്രത്തില്‍ യാതൊരടിസ്ഥാനധാരണയുമില്ലാത്ത ഇക്കൂട്ടര്‍ പ്രചരിപ്പിക്കുന്നു. അങ്ങനെയെങ്കില്‍ പല്ലുതേപ്പ്, കുളി, ഭക്ഷണം പാകം ചെയ്യല്‍ മുതലായ കാര്യങ്ങള്‍ പൂര്‍ണ്ണമായി ഉപേക്ഷിച്ച് ജീവിക്കേണ്ടിവരും മനുഷ്യന്.

ഇനിയൊരു വലിയ ‘സാമൂഹിക സേവനം’ മോഹനന്റേതായി പറയപ്പെടുന്നത് ഔഷധസസ്യങ്ങളുടെ ഉപയോഗം പ്രചരിപ്പിച്ചുവെന്നതാണ്. ഇതിലും വലിയ തമാശ വേറെ കാണില്ല. വാഴയിലയില്‍ ചോറുണ്ടാല്‍ ക്ലോറോഫില്‍ ലഭിക്കും, കദളിപ്പഴവും ചുണ്ണാമ്പും കുഴച്ച് തിന്നാല്‍ ക്യാന്‍സര്‍ മാറും, നാരങ്ങാനീരില്‍ ഇഞ്ചിയും വെളുത്തുള്ളിയും വിനാഗിരിയും ചേര്‍ത്ത് കഴിച്ചാല്‍ ഹാര്‍ട്ടിലെ ബ്ലോക്ക് മാറും എന്നൊക്കെയാണ് യാതൊരു അടിസ്ഥാന വൈദ്യശാസ്ത്രപരിജ്ഞാനവുമില്ലാത്ത ഇദ്ദേഹത്തിന്റെ ഇന്റര്‍നാഷണല്‍ തള്ളുകളില്‍ ചിലത്. ആയുര്‍വേദത്തിലെവിടെയും പറയാത്ത ഈവക അസംബന്ധങ്ങളാണ് ആയുര്‍വേദമെന്ന പേരിലിയാള്‍ പ്രചരിപ്പിക്കുന്നത്. അതത്രേ ഇയാളുടെ ഔഷധസസ്യപരിജ്ഞാനം.

സ്വയം പാരമ്പര്യ വൈദ്യനെന്നവകാശപ്പെടുന്ന ഇയാളാവട്ടെ, തന്റെ പിതാവൊരു തിരുമ്മുകാരന്‍ മാത്രമായിരുന്നെന്നും മുംബൈയില്‍ ഫാക്ടറി ജോലിയായിരുന്ന തനിക്ക് പിതാവിന്റെ തൊഴില്‍ പോലും കണ്ട് പരിചയമില്ലെന്ന് തുറന്ന് പറയുന്ന വീഡിയോയും യൂട്യൂബിലുണ്ട്.

ഇത്രയെല്ലാം അസംബന്ധങ്ങളെഴുന്നള്ളിക്കുന്ന ഒരാളെ മരുന്ന് മാഫിയയ്ക്ക് ഭയമാണത്രെ. അതിനാല്‍ ഫോണിലും നേരിട്ടും കത്ത് മുഖേനയും കുടുംബാംഗങ്ങളെയടക്കം ഭീഷണിപ്പെടുത്തലും രോഗികളെ തടയലുമൊക്കെ ഉണ്ടാവുന്നതായി പറയപ്പെടുന്നു. യഥാര്‍ത്ഥത്തിലിത് അയാളുടെ ചികിത്സാപരീക്ഷണത്തില്‍ ദുരന്തബാധിതരായ രോഗികളുടെ ബന്ധുക്കളാവാനേ തരമുള്ളൂ, അഥവാ അങ്ങനെ സംഭവിച്ചിട്ടുണ്ടെങ്കില്‍ തന്നെ.

മോഹനന്‍ സമൂഹത്തിലെ പാവങ്ങളുടെ അവസാന ആശ്രയകേന്ദ്രമെന്നു വരെ ചിലര്‍ പറയുന്നു, ഓരോ പഞ്ചായത്തിലും എല്ലാ വൈദ്യശാസ്ത്രവിഭാഗങ്ങളുടേയും സര്‍ക്കാരാശുപത്രികള്‍ ഗുണമേന്മയുള്ള സൗജന്യചികിത്സ ലഭ്യമാക്കുന്നു എന്നിരിക്കെത്തന്നെ. കണ്ണടച്ചിരുട്ടാക്കല്‍ എന്നല്ലതെന്ത് പറയാന്‍ ?

ആധുനിക വൈദ്യശാസ്ത്രം ഉപേക്ഷിച്ച രോഗികളെ ചികിത്സക്കുന്നു എന്നുമുണ്ട് വാദം. അഥവാ ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാത്തത്ര ഗുരുതരമായ രോഗമാണെങ്കില്‍ തന്നെ ആധുനിക വൈദ്യശാസ്ത്രത്തിലെയെന്നല്ല, ഒരു വൈദ്യശാസ്ത്രത്തിലെയും ഡോക്ടര്‍മാര്‍ രോഗികളെ ഉപേക്ഷിച്ച് കളയാറില്ല. മരണം വരെ സുഗമമായി ജീവിക്കാന്‍ സഹായിക്കുന്ന സാന്ത്വനപരിചരണമൊരുക്കുക എന്നത് ഏതൊരു ഡോക്ടറും തന്റെ മരണാസന്നനായ രോഗിയോട് കാണിക്കേണ്ട ഉത്തരവാദിത്തമാണ്.

ആധുനികവൈദ്യശാസ്ത്രത്തില്‍ മാത്രമല്ല ആയുര്‍വേദത്തിലും മരുന്ന് കച്ചവടം വന്‍ തട്ടിപ്പാണെന്ന് പറയുന്ന മോഹനന്‍ ഇതിനുള്ള തെളിവുകളോ അതിനെതിരെ സ്വീകരിച്ച നിയമനടപടിയോ എന്തെന്ന് ചോദിച്ചാല്‍ നൈസായി സ്‌കൂട്ടാവും. ‘കഥയില്‍ ചോദ്യമില്ല, ഇങ്ങോട്ടൊന്നും പറയേണ്ട, ഞാനങ്ങോട്ട് പറയും, കേട്ടുകൊള്ളണം, വിശ്വസിച്ചുകൊള്ളണം’ എന്നതാണ് മൂപ്പരുടെ ലൈന്‍.

ചില പ്രമുഖരെ ഒപ്പം നിര്‍ത്തി ഫോട്ടോയെടുക്കുന്നതാണ് ഇത്തരക്കാരുടെ മറ്റൊരു പ്രചാരണ രീതി. ഈ പ്രമുഖരൊക്കെ വിശ്വാസമര്‍പ്പിച്ചിരിക്കുന്നയാളാണ് താനെന്ന രീതിയില്‍. പ്രമുഖന് വിശ്വാസമുണ്ടോ ഇല്ലയോ എന്നതല്ല വിഷയം. പ്രമുഖനായാലും തെറ്റ് ചെയ്താല്‍ തന്റെ സാമാന്യയുക്തി ഉപയോഗിച്ച് ചോദ്യം ചെയ്യാനുള്ള ആര്‍ജ്ജവമാണ് ഓരോ സാധാരണക്കാരനും സ്വയം വളര്‍ത്തിയെടുക്കേണ്ടത്. അല്ലാതെ പ്രമുഖന്‍ കാല്‍തെറ്റി കിണറ്റില്‍ വീണാല്‍ കണ്ടുനില്‍ക്കുന്നവന്‍ ഓടിപ്പോയി കായലില്‍ ചാടുകയല്ല വേണ്ടത്.

പ്രമുഖര്‍ മാത്രമല്ല, ഒട്ടേറെ സാധാരണക്കാരായ വാടകരോഗികളെക്കൊണ്ട് അനുഭവസാക്ഷ്യം പറയിക്കുന്ന വീഡിയോകളും പൊതുജനത്തെ എളുപ്പം തെറ്റിദ്ധരിപ്പിക്കുന്ന ഒന്നാണ്. സാക്ഷ്യക്കാരുടെ ഫോണ്‍നമ്പരുള്‍പ്പെടെ കാണുമ്പോള്‍ ഇതില്‍പരം തെളിവെന്ത് വേണമെന്ന് ആരായാലും ധരിച്ചുപോകും. ഇത്തരത്തില്‍ പറയുന്ന പല ഫോണ്‍ നമ്പരുകളിലും ഒരിക്കലെങ്കിലും ബന്ധപ്പെടാന്‍ മിനക്കെട്ടാലറിയാം അതെല്ലാം ഓരോ ‘നമ്പരുകള്‍’ മാത്രമാണെന്ന്. പല നമ്പരുകളും നിലവിലില്ലാത്തത്, അഥവാ റിങ്ങ് ചെയ്താല്‍ തന്നെ ആരും കോളെടുക്കില്ല, മറുപടിയുമുണ്ടാവില്ല.

ഈയിടെ ഇത്തരത്തില്‍ ഒരു യുവതിയുടെ മാറിലെ ക്യാന്‍സര്‍ രോഗം മാറ്റിയെന്നവകാശപ്പെട്ട് പോസ്റ്റ് ചെയ്ത വീഡിയോയിലും പറഞ്ഞ നമ്പരില്‍ ബന്ധപ്പെട്ടെങ്കിലും ഫലം ഇത് തന്നെയായിരുന്നു. ചുമ്മാ ഒരാള്‍ വരുന്നു, ‘ആര്‍.സി.സിയില്‍ നിന്നെനിക്ക് ക്യാന്‍സറാണെന്ന് പറഞ്ഞു, ഇവിടെ വന്നയുടനെ പ്രസ്തുത വ്യാജന്റെ ചികിത്സയില്‍ അതങ്ങ് ഇല്ലാണ്ടായി’ എന്ന മട്ടിലാണ് ഇത്തരക്കാരുടെ അനുഭവസാക്ഷ്യങ്ങള്‍.

മാമ്മോഗ്രാം, ബയോപ്‌സി തുടങ്ങി രോഗം സ്ഥിരീകരിച്ചതിന്റെയോ ഒടുവിലത് മാറിയതിന്റെയോ യാതൊരുവിധ പരിശോധനാ റിപ്പോര്‍ട്ടുകളോ ചികിത്സാരേഖകളോ ഒന്നും ഇത്തരം സാക്ഷ്യങ്ങളില്‍ കാണാറുമില്ല. ആരെന്ത് പറഞ്ഞാലും കുറേപ്പേരെങ്കിലും അന്ധമായി വിശ്വസിച്ചുകൊള്ളുമെന്നാണ് ഇക്കൂട്ടരുടെ ധാരണ.

ഒന്നേ പറയാനുള്ളൂ, സ്വന്തം ആരോഗ്യം നിങ്ങളുടെ അവകാശമാണ്. അതൊരു വ്യാജനും അടിയറവ് വെക്കാനുള്ളതല്ല. അതിനാല്‍ ഉണരുക, പ്രതികരിക്കുക, പൊതുജനാരോഗ്യസംരക്ഷണത്തിനായി. ഒരു മോഹനനെതിരേ മാത്രമല്ല, ഇത്തരത്തിലുള്ള എല്ലാ വ്യാജവൈദ്യന്മാര്‍ക്കുമെതിരെ.

Advertisement