കോളിവുഡ് താരം വിശാലിന് ഷൂട്ടിങ്ങിനിടെ പരുക്കേറ്റു. പ്രഭുദേവ സംവിധാനം ചെയ്യുന്ന ‘വെടി’ എന്ന ചിത്രത്തിലെ സ്റ്റണ്ട് സീന്‍ ചിത്രീകരിക്കുന്നതിനിടെയാണ് വിശാലിന് പരുക്കേറ്റത്. അത്യന്തം അപകടകരമായ സീന്‍ ചിത്രീകരിക്കുന്നതിനിടെ വിശാലിന്റെ തോളില്‍ മുറിവേല്‍ക്കുകയായിരുന്നു. വിശാലിപ്പോള്‍ ചികിത്സയിലാണ്.

എന്നാല്‍ തോളിലെ പരുക്ക് കാര്യമാക്കാതെ നിശ്ചയിച്ച പ്രകാരം ഷൂട്ടിംങ് തുടരാനാണ് വിശാലിന്റെ തീരുമാനമെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നുലഭിക്കുന്ന വിവരം. തോളിലെ വേദന കാര്യമാക്കാതെ ഷെഡ്യൂള്‍ തീര്‍ക്കാനാണ് നടന്റെ തീരുമാനം.

ഈ റിപ്പോര്‍ട്ടുകള്‍ ശരിവെക്കുന്നതാണ് വിശാലിന്റെ ബന്ധുകൂടിയായ സഹനിര്‍മ്മാതാവ് ശ്രേയ റെഡ്ഡിയുടെ വാക്കുകള്‍. രണ്ട് ദിവസത്തെ ഇടവേളയ്ക്കുശേഷം ആരംഭിക്കുന്ന അടുത്ത ഷെഡ്യൂളിനുവേണ്ടിയുള്ള തയ്യാറെടുപ്പിലാണ് വിശാലെന്ന് ശ്രേയ പറയുന്നത്. ഇതില്‍ വിദേശത്ത് ചിത്രീകരിക്കുന്ന രണ്ടു പാട്ടുസീനുകളും ഉള്‍പ്പെടും. പത്ത് ദിവസം കൊണ്ട് വിദേശത്തുള്ള ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാനാണ് നീക്കം.

വെടിയുടെ ഓഡിയോ ലോഞ്ച് സെപ്റ്റംബര്‍ 1ന് ചെന്നൈയില്‍ നടക്കാനിരിക്കുകയാണ്. അതിനുമുമ്പ് പാട്ടുസീനുകള്‍ തീര്‍ക്കുന്നതിന്റെ തിരക്കിലാണ് അണിയറ പ്രവര്‍ത്തകര്‍. വിജയ് ആന്റണിയാണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.